പ്ലസ് വൺ വിദ്യാർഥിയുടെ മുടിമുറിച്ച സംഭവം; സ്കൂൾ അധികൃതർ പരാതി നൽകി

November 28, 2021 - By School Pathram Academy

കാസർകോട് ∙ ഉപ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മുടി സീനിയർ വിദ്യാർഥികൾ ചേർന്നു മുറിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. പിടിഎ കമ്മിറ്റി യോഗ തീരുമാന പ്രകാരമാണു പരാതി നൽകിയതെന്നു സ്കൂൾ പ്രിൻസിപ്പൽ എസ്.സുനി‍ൽചന്ദ്രൻ അറിയിച്ചു. ഇതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടു നിർദേശിച്ചു.

മുടി മുറിക്കപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാവ് ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകേണ്ട എന്ന് അഭിപ്രായപ്പെട്ടിരുന്നെങ്കിലും യോഗത്തിന്റെ പൊതുവികാരമെന്ന നിലയിലാണു പരാതി നൽകിയതെന്നു അധികൃതർ പറഞ്ഞു. മുടി മുറിക്കുന്ന സംഭവത്തിൽ നേരിട്ടു പങ്കാളികളായെന്നു സംശയിക്കുന്ന 4 വിദ്യാർഥികളുടെ പേരുകളാണു പരാതിയിലുള്ളത്. സ്കൂൾതലത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതുവരെ ആരോപണ വിധേയരായ വിദ്യാർഥികളോടു സ്കൂളിൽ ഹാജരാകാൻ പാടില്ലെന്നും നിർദേശിച്ചു. സംഭവത്തിൽ കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് 9 വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു.

സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയായും കേസെടുത്തിരുന്നു. ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മഞ്ചേശ്വരം പൊലീസ് എന്നിവരോടു നിർദേശിച്ചിട്ടുണ്ട്.

Category: News