ഫിന്‍ലാന്‍ഡ് തുടങ്ങി ലോകത്തെ മിക്ക വികസിത രാജ്യങ്ങളിലെയും സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ പരിശോധിക്കുമ്പോള്‍ വര്‍ഷത്തില്‍ 200 ദിവസങ്ങള്‍ക്ക് താഴെയും ആഴ്ചയില്‍ അഞ്ചു ദിവസവുമാണെന്ന് കാണാം. കേരളം ഫിൻലാൻഡ് മാതൃക പിന്തുടരാൻ പോകുന്നു എന്നാണല്ലോ പറയുന്നത്

June 22, 2024 - By School Pathram Academy

പഠന മികവിന് വേണ്ടത് അവധിദിനങ്ങള്‍ കുറക്കണോ ?

അധ്യാപകരും അവധി ദിനങ്ങളില്‍ അവധിയിലായിരിക്കട്ടെ. തലമുറകളെ വാര്‍ത്തെടുക്കേണ്ടവര്‍ കൂടുതല്‍ സക്രിയരാകാന്‍ അവധിയും വിശ്രമവും ഏറെ ആവശ്യമാണെന്ന തിരിച്ചറിവ് അധ്യാപകരുടെ അവധിയില്‍ അസ്വസ്ഥമാകുന്ന നമുക്കുണ്ടാകേണ്ടതുണ്ട്.

25 അധിക ശനിയാഴ്ചകള്‍ അധ്യയന ദിനങ്ങളാക്കിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അവധി ദിനങ്ങളുടെ അനിവാര്യതയെ ചൂണ്ടിക്കാണിക്കുന്നു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിലൂന്നി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പരിഷ്‌കരണത്തിലാണല്ലോ നാമിപ്പോള്‍. വിദ്യാഭ്യാസ ഗുണതയെ പരിപോഷിപ്പിക്കാന്‍ പഠനബോധന പ്രവര്‍ത്തനങ്ങള്‍, പാഠപുസ്തകങ്ങള്‍, പഠനാനുഭവങ്ങള്‍ എന്നുതുടങ്ങി പഠനപ്രക്രിയയെ ക്രിയാത്മകമാക്കുന്ന എല്ലാ നൂതനമാര്‍ഗങ്ങളും നമ്മള്‍ അവലംബിക്കുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച ചിന്തകള്‍ നമ്മുടെ സംവിധാനത്തിനകത്ത് എത്രത്തോളമുണ്ടെന്നത് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

പ്രവൃത്തി ദിനം 220 ല്‍ നിന്ന് ചുരുക്കുന്നത് വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി തീര്‍പ്പാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പ്രകാരം 25 അധിക ശനിയാഴ്ചകള്‍ അധ്യയന ദിനങ്ങളാക്കിയിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ കലണ്ടറില്‍.

 

യു.എസ്, യു.കെ, ഫിന്‍ലാന്‍ഡ് തുടങ്ങി ലോകത്തെ മിക്ക വികസിത രാജ്യങ്ങളിലെയും സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ പരിശോധിക്കുമ്പോള്‍ വര്‍ഷത്തില്‍ 200 ദിവസങ്ങള്‍ക്ക് താഴെയും ആഴ്ചയില്‍ അഞ്ചു ദിവസവുമാണെന്ന് കാണാം.

അവധിദിനങ്ങള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ ഉത്തരവാദിത്ത്വങ്ങളും (academic responsibilities) വ്യക്തിഗത ക്ഷേമവും (personal well -being) തമ്മിലുള്ള സന്തുലനത്തെ സാധ്യമാക്കുന്നു. തിടുക്കമേറിയ സ്‌കൂള്‍ ജീവിതത്തിന്റെ കാഠിന്യത്തില്‍ നിന്നുമുള്ള ഇത്തരം വിശ്രമവേളകള്‍ വിദ്യാര്‍ഥികളെ പുനരുജ്ജീവിപ്പിക്കാനും പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കാനും ആത്മാവിഷ്‌കാരത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാനും സമഗ്രമായ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. അക്കാദമിക് ഇടവേളകള്‍ ഊര്‍ജ്ജവും ഉത്സാഹവും വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്

Category: News