ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് അവസാനം വരെ കുട്ടികളുടെ ഹാജര്‍ അടക്കം സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം …

February 17, 2022 - By School Pathram Academy

ജില്ലാ കളക്ടര്‍മാരുടെ യോഗത്തിൽ  വിദ്യാഭ്യാസ മന്ത്രി നടത്തിയ അധ്യക്ഷ പ്രസംഗം

 

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് അവലോകന യോഗത്തെ തുടര്‍ന്ന് 04/02/2022 തീയതിയായി ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവില്‍ ഫെബ്രുവരി 14 മുതല്‍

സ്കൂളുകളില്‍ ഓഫ്ലൈനായി ക്ലാസുകള്‍

നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു.

 

തുടര്‍ന്ന് 11/02/2022 തീയതിയായി പൊതു

വിദ്യാഭ്യാസ വകുപ്പ് വിശദമായ സര്‍ക്കുലര്‍

പുറപ്പെടുവിക്കുകയും ഫെബ്രുവരി 14 മുതല്‍ ഭാഗികമായും ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായ രീതിയില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

കഴിഞ്ഞ നവംബര്‍ 1 മുതല്‍ സ്കൂളുകള്‍

ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അക്കാദമിക വര്‍ഷം ജൂണ്‍ 1-ന് തന്നെ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിക്കുവാന്‍

കഴിഞ്ഞിരുന്നു.

 

നിയന്ത്രണങ്ങളുടെ കാലമായിരുന്നെങ്കിലും പൊതുപരീക്ഷകള്‍ നടത്തുന്നതിനും കുട്ടികളെ പഠനത്തിന്‍റെ പാതയില്‍ നിലനിര്‍ത്തുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ ജില്ലകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ജില്ലാ കളക്ടര്‍മാര്‍ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്. അക്കാര്യം വിദ്യാഭ്യാസ വകുപ്പ് അഭിമാനത്തോടെ വിലമതിക്കുന്നു. അത്തരത്തിലുള്ള ഇടപെടലുകളും ശ്രദ്ധയും കുറെക്കൂടി വേണ്ടി വരുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ വരുന്നത്.

 

ഫെബ്രുവരി 21 മുതല്‍ സ്കൂളുകള്‍ സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിലേക്ക് പോവുകയാണ്. സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ തുടരുക തന്നെ വേണം. കുട്ടികള്‍ കൂട്ടത്തോടെ സ്കൂളിലേക്ക് കടന്നു വരുമ്പോള്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും ഏകോപനം ജില്ലയില്‍ ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്.

 

ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അവലോകനങ്ങള്‍ നടത്തി മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ സ്കൂളുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് സ്കൂളിലേക്കും സ്കൂളില്‍ നിന്ന് വീടുകളിലേക്കും സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവണം. നല്ല തിരക്കുണ്ടാകുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസിന്‍റെ കരുതല്‍ പ്രത്യേകമായി ഉണ്ടാവണം.

 

ലഹരി മരുന്ന് റാക്കറ്റുകള്‍ കുട്ടികളെ പല

കാര്യങ്ങള്‍ക്കും ലക്ഷ്യം വയ്ക്കുന്നതിനാല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണം. പശ്ചാത്തലസൗകര്യങ്ങള്‍, പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാര്യമായി ഇടപെടേണ്ടതുണ്ട്.

 

തീരദേശ, മലയോര പ്രദേശങ്ങളില്‍ കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനുള്ള കൃത്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ഭിന്നശേഷി കുട്ടികളുടെ പഠനം, ഗൃഹാധിഷ്ഠിത പഠനം നയിക്കുന്ന കുട്ടികളുടെ കാര്യങ്ങള്‍ എന്നിവ വളരെ കരുതലോടെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

 

സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സിലര്‍മാരും ആരോഗ്യവകുപ്പിന്‍റെ ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്സ് സംവിധാനവുമൊക്കെ ഉടനെതന്നെ പ്രവര്‍ത്തന നിരതമാവേണ്ടതുണ്ട്. അങ്കണവാടികള്‍, ക്രഷ്, പ്രീ പ്രൈമറി സ്കൂളുകള്‍ എന്നിവയും തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ ആ മേഖലയിലും വിവിധ വകുപ്പുകളുടെ (പ്രത്യേകിച്ച് ആരോഗ്യവകുപ്പ്, വനിതാ ശിശുക്ഷേമവകുപ്പ് എന്നിവരുടെ) മേല്‍നോട്ടം ആവശ്യമുണ്ട്.

 

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മുഴുവന്‍ ഉദ്യോഗസ്ഥരും കുട്ടികളുടെ സുഗമമായ അദ്ധ്യയനം ഉറപ്പുവരുത്തുന്നതിനുവേണ്ടി സദാ ജാഗ്രത പുലര്‍ത്തേണ്ടതാണ്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച തിരികെ സ്കൂളിലേയ്ക്ക് എന്ന മാര്‍ഗ്ഗരേഖയില്‍ സ്കൂള്‍ തലത്തില്‍ തന്നെ രൂപീകരിക്കേണ്ട ഒരു കോവിഡ് സെല്ലിനെ പറ്റി പറഞ്ഞിരുന്നു.

 

അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തണ്ടതുണ്ട്. എല്ലാ അദ്ധ്യാപകരും കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ട്.പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം പൊതുപരീക്ഷകള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവയ്ക്കുവേണ്ടി പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കണം.

 

ഓരോ ജില്ലയുടെയും പ്രദേശത്തിന്‍റെയും പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് അവസാനം വരെ കുട്ടികളുടെ ഹാജര്‍ അടക്കം സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഓഫീസര്‍മാര്‍ നിരീക്ഷിക്കുകയും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടതുമാണ്. ആഴ്ചതോറും ജില്ലാതല അവലോകനങ്ങള്‍ നടത്തി സംസ്ഥാന തലത്തിലേയ്ക്ക് റിപ്പോര്‍ട്ടുകള്‍ കൈമാറേണ്ടതാണ്.