ഫോക്കസ് ഏരിയ നിശ്ചയിച്ചു, എസ്എസ്എൽസി, പ്ലസ്ടു ചോദ്യപ്പേപ്പർ തയാറാക്കാൻ നടപടി തുടങ്ങി
തിരുവനന്തപുരം: ഫോക്കസ് ഏരിയ നിശ്ചയിച്ചതിനെ തുടർന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇത്തവണ ചോദ്യപേപ്പറിൽ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾ 70 ശതമാനമായി പരിമിതപ്പെടുത്തും. ബാക്കി 30% ചോദ്യങ്ങൾ മറ്റു പാഠഭാഗങ്ങളിൽ നിന്നായിരിക്കും.
പരിഷ്കരിച്ച ഫോക്കസ് ഏരിയ സമ്പ്രദായം അനുസരിച്ച് 80 മാർക്കിന്റെ പരീക്ഷയ്ക്ക് 120 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. 84 മാർക്കിന്റെ ചോദ്യങ്ങൾ മാത്രമായിരിക്കും ഫോക്കസ് ഏരിയയിൽനിന്ന് ഉൾപ്പെടുത്തുക. ബാക്കി 36 മാർക്കിന്റെ ചോദ്യം മറ്റു പാഠഭാഗങ്ങളിൽ നിന്നായിരിക്കും. ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തുന്ന പാഠഭാഗങ്ങൾ 40 ശതമാനത്തിൽ നിന്ന് 60% ആയി വർധിപ്പിച്ചിട്ടുമുണ്ട്.കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്ക് ഉത്തരം എഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിരുന്നു. 100 മാർക്കിന്റെ പരീക്ഷയ്ക്ക് 200 മാർക്കിന്റെ ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ 50 ശതമാനം ചോദ്യങ്ങൾ മാത്രമേ ഇത്തരത്തിൽ ഉൾപ്പെടുത്തൂ.
കഴിഞ്ഞ വർഷം പാഠഭാഗങ്ങളുടെ 40% ആണ് ഫോക്കസ് ഏരിയ ആയി നിശ്ചയിച്ചിരുന്നത്. ഈ ഭാഗങ്ങൾ മാത്രം പഠിച്ചാലും മുഴുവൻ മാർക്കും ലഭിക്കത്തക്ക വിധമായിരുന്നു ചോദ്യപ്പേപ്പർ തയാറാക്കിയിരുന്നത്. ഇത് വിജയശതമാനം ഉയർത്തുകയും പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വ്യാപക പരാതികൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.