ഫോൺവിളിച്ച് അധ്യാപികയുടെ 1,10,000 രൂപ കവർന്നു. വൈദ്യുതി ബില്ലടയ്ക്കാനുണ്ടെന്ന സന്ദേശമാണ് ഫോണിൽ വന്നത്. ഉടനെ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നായിരുന്നു സന്ദേശം..
ആലപ്പുഴ:ഓൺലൈനിലടച്ച വൈദ്യുതിബിൽത്തുക കിട്ടിയില്ലെന്നുപറഞ്ഞ് ഫോൺവിളിച്ച് അധ്യാപികയുടെ 1,10,000 രൂപ കവർന്നു. കളർകോട്ടു താമസിക്കുന്ന കോട്ടയം സ്വദേശിനിയായ അധ്യാപികയാണു തട്ടിപ്പിനിരയായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ബില്ലടയ്ക്കാനുണ്ടെന്ന സന്ദേശം ഫോണിൽ വന്നത്. ഉടനെ അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നായിരുന്നു സന്ദേശം. അധ്യാപിക വിവരം കോട്ടയത്തു ജോലിചെയ്യുന്ന ഭർത്താവിനെ അറിയിച്ചു.
പുതിയ ബിൽ കിട്ടിയിട്ട് രണ്ടുദിവസമേ ആയിരുന്നുള്ളൂ. എന്നിട്ടും ഇതെങ്ങനെയെന്ന സംശയത്തെത്തുടർന്ന് സന്ദേശത്തിൽ കെ.എസ്.ഇ.ബി.യുടേതായി കാണിച്ച നമ്പരിലേക്ക് അധ്യാപിക വിളിച്ചെങ്കിലും കിട്ടിയില്ല.
വൈകാതെ തിരികെ വിളിവന്നു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബില്ലടച്ചതായി കെ.എസ്.ഇ.ബി.യിൽ അറിവില്ലെന്നും ചിലപ്പോൾ സാങ്കേതികപ്രശ്നംമൂലമാകാം പണം കിട്ടാത്തതെന്നുമായിരുന്നു മറുപടി. അതു പരിശോധിക്കാൻ പത്തുരൂപ അയച്ചുനോക്കാനും വിളിച്ചയാൾ ആവശ്യപ്പെട്ടു.
അതിനായി ‘എനി ഡെസ്ക് റിമോട്ട്’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നും ശേഷം കെ.എസ്.ഇ.ബി.യുടെ സൈറ്റിൽക്കയറി ബിൽ അടയ്ക്കണമെന്നും നിർദേശിച്ചു. ഉപഭോക്തൃനമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ വിളിച്ചയാൾ അധ്യാപികയ്ക്കു പറഞ്ഞുകൊടുത്തു.
കാർഡുപയോഗിച്ചു പണമടയ്ക്കാൻ ശ്രമിച്ചെങ്കിലും എസ്.എം.എസ്. വരാഞ്ഞതിനാൽ മറ്റൊരു കാർഡുപയോഗിച്ച് ഒന്നുകൂടി ശ്രമിക്കാൻ ആവശ്യപ്പെട്ടു. രണ്ടു ഡെബിറ്റ് കാർഡും ഒരു ക്രെഡിറ്റ് കാർഡും ഉപയോഗിച്ചിട്ടും എസ്.എം.എസ്. വന്നില്ല.
അതു പരിശോധിക്കുന്നതിനിടെ ഒരു ഒ.ടി.പി. വന്നു. ലക്ഷംരൂപ ആവശ്യപ്പെട്ടായിരുന്നു അത്. അതുസംബന്ധിച്ച് ഫോണിൽ വിളിച്ചയാളോടു ചോദിക്കുന്നതിനിടെ മറ്റൊരു ഒ.ടി.പി. കൂടി വന്നു. 5,000 രൂപയ്ക്കുള്ളതായിരുന്നു അത്. പരിഭ്രമത്തിൽ 50,000 എന്നാണു വായിച്ചത്.
50,000 രൂപ ചോദിച്ചുകൊണ്ട് ഒ.ടി.പി. വന്നല്ലോയെന്ന് ഫോണിലുള്ളയാളോടു അധ്യാപിക ചോദിച്ചു. അപ്പോൾ 50,000 അല്ലല്ലോ 5,000 അല്ലേ എന്നു മറുചോദ്യം വന്നു. തന്റെ ഫോണിൽ വന്ന തുക എങ്ങനെയാണു വിളിച്ചയാൾ മനസ്സിലാക്കിയതെന്ന സംശയം തോന്നിയതോടെയാണു തട്ടിപ്പാണെന്നു പിടികിട്ടിയത്. ഉടൻ ഫോൺ വിച്ഛേദിച്ച് ബാങ്കിലേക്കുവിളിച്ച് കാർഡ് ബ്ലോക്കുചെയ്തു.
ആ സമയത്തിനിടെ രണ്ടു കാർഡുകളിൽനിന്നായി 1,10,000 രൂപ നഷ്ടപ്പെട്ടു. സംഭവത്തിൽ കോട്ടയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സൈബർ സെല്ലിനും ബാങ്ക് അധികൃതർക്കും പരാതി നൽകിയതായും അധ്യാപിക പറഞ്ഞു.
എനി ഡെസ്ക് റിമോട്ട്
മൊബൈൽ ഫോണിന്റെയും കംപ്യൂട്ടറിന്റെയും സ്‌ക്രീൻ പങ്കിടാനാണ് ‘എനി ഡെസ്ക് റിമോട്ട്’ എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ആപ്പ് കയറ്റിയാൽ അതിൽ കാണിക്കുന്ന നമ്പർ കൈമാറിയാൽ എവിടെയിരുന്നും മറ്റൊരാളുടെ സ്‌ക്രീൻ കാണാം. ആപ്പ് കയറ്റിയതോടെ തട്ടിപ്പുകാരന് അധ്യാപികയുടെ ഫോണിലെ വിവരവും ചെയ്യുന്ന കാര്യങ്ങളും കാണാമായിരുന്നു. പരാതിക്കാരിയുടെ വൈദ്യുതി ഉപഭോക്തൃനമ്പർ തട്ടിപ്പുകാരനു കിട്ടിയതും അങ്ങനെതന്നെ.