ബസ്സിനടിയില്‍പ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

December 10, 2021 - By School Pathram Academy

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ബസ്സിനടിയില്‍പ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേലേകാപ്പിച്ചാല്‍ ഏലമ്പ്ര ശിവദാസന്റെ മകന്‍ നിഥിനാ (17)ണ് മരിച്ചത്. മമ്പാട് ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസ് മുന്നോട്ടെടുക്കുന്നതിനിടെ മുന്നില്‍ നില്‍ക്കുകയായിരുന്ന നിഥിന്‍ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. ബസ്സിന്റെ മുന്‍ചക്രമാണ് നിഥിന്റെ മേല്‍ കയറിയിറങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവ സ്ഥലത്തുതന്നെ നിഥിന്‍ മരിച്ചു. കോഴിക്കോട്- കാളികാവ് റോഡിലോടുന്ന സ്വകാര്യബസ്സാണ് അപകടമുണ്ടാക്കിയത്. നിഥിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Category: News