ബഹിരാകാശപ്രേമികളെ വിസ്മയിപ്പിച്ച് ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രം. ഇതുവരെ പകർത്തിയതിൽ ചന്ദ്രന്റെ ഏറ്റവും സമഗ്രമായ ചിത്രം . ചന്ദ്രന്റെ കൂടുതല്‍ സ്പഷ്ടമായ ചിത്രമെന്ന് അവകാശവാദം; വിസ്മയിപ്പിച്ച് 1 ജിഗാപിക്‌സല്‍ ഇമേജ്
ബഹിരാകാശപ്രേമികളെ വിസ്മയിപ്പിച്ച് ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രം.
ഇതുവരെ പകർത്തിയതിൽ ചന്ദ്രന്റെ ഏറ്റവും സമഗ്രമായ ചിത്രമാണ് തന്റേതെന്ന് അവകാശപ്പെട്ടിരിക്കുകയാണ് അമേരിക്കൻ ആസ്ട്രോ ഫോട്ടോഗ്രാഫറായ ആൻഡ്രൂ മക് കാർത്തി.
താൻ പകർത്തിയ ചന്ദ്രന്റെ ‘പ്രതിബംബം’ ആൻഡ്രൂ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞ ചിത്രങ്ങളിൽ ചന്ദ്രന്റെ ഉപരിതലം ഏറ്റവും സ്പഷ്ടമായി കാണാം, ഏറ്റവും സൂക്ഷ്മമായ ഘടകങ്ങൾവരെ വ്യക്തമാണ്.രണ്ട് ദൂരദർശിനികളും പലപ്പോഴായി പകർത്തിയ 2,80,000 ചിത്രങ്ങളുപയോഗിച്ചാണ് ചന്ദ്രന്റെ ഏറ്റവും സമഗ്രമായ ചിത്രം താൻ സ്വന്തമാക്കിയതെന്ന് ആൻഡ്രൂ അവകാശപ്പെടുന്നു. ഫുൾസൈസ് ചിത്രത്തിന് ഒരു ജിഗാപിക്സൽലിനേക്കാൾ വലിപ്പമുണ്ടെന്ന് ആൻഡ്രൂ പറയുന്നു. ചിത്രം സൂം ചെയ്ത് നോക്കിയാൽ കൂടുതൽ വ്യക്തത വരുമെന്നും ആൻഡ്രൂ കൂട്ടിച്ചേർക്കുന്നുണ്ട്. ചന്ദ്രന്റെ മുഴുച്ചിത്രം ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുതെന്നും അത് നിങ്ങളുടെ കമ്പ്യൂട്ടറിനെ തകർക്കുമെന്നും ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് ആൻഡ്രൂ കുറിച്ചു. ചിത്രത്തിന്റെ പകർപ്പിനായി തന്റെ വെബ്സൈറ്റിന്റെ ലിങ്കും ആൻഡ്രൂ ഷെയർ ചെയ്തിട്ടുണ്ട്.
ഭുമിക്ക് വെളിയിൽ മനുഷ്യൻ കാലുകുത്തിയ ഏകയിടമാണ് ചന്ദ്രനെന്ന് നാസ പറയുന്നു. ഭൂമിയെ വാസയോഗ്യമാക്കുന്നതിൽ ചന്ദ്രന് വലിയൊരു പങ്കുണ്ട്. അച്ചുതണ്ടിലുള്ള ഭൂമിയുടെ ചലനത്തിലും ഭൂമിയിലെ വേലിയേറ്റ വേലിയിറക്കങ്ങളിലും ചന്ദ്രൻ സ്വാധീനം ചെലുത്തുന്നുണ്ട്. ചൊവ്വയുടെ വലിപ്പമുള്ള ഒരു ഗോളം ഭൂമിയുമായി കൂട്ടിയിടിച്ചാണ് ചന്ദ്രന്റെ ഉത്പത്തിയെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളെ ചുറ്റി സഞ്ചരിക്കുന്ന 200-ഓളം ഉപഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനത്താണ് ചന്ദ്രൻ.
നമ്മുടെ ആകാശക്കാഴ്ചയിലെ ഏറ്റവും പ്രകാശമാനമായ വസ്തുവാണ് ചന്ദ്രൻ. ഒരത്ഭുതവസ്തുവായി ചന്ദ്രനെ നിരീക്ഷിച്ചിരുന്ന ഭൗമവാസികൾക്ക് ശാസ്ത്രപുരോഗതിക്കൊപ്പം ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമാണെന്ന അറിവുണ്ടായി, ഭൂമിയിൽനിന്ന് കാണുന്ന അഴക് ചന്ദനില്ലെന്നും മരുഭൂസമാനമായതും വരണ്ട പരുപരുത്ത പാറക്കഷണങ്ങൾ മാത്രമാണ് ചന്ദ്രോപരിതലത്തിലെന്നും ചന്ദ്രനു സ്വയം പ്രകാശിക്കാനാവില്ലെന്നും തിരിച്ചറിവുണ്ടായി. ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങൾ മനുഷ്യൻ തുടരുകയാണ് ഒപ്പം പുതിയ ചാന്ദ്രദൗത്യങ്ങളും ഒരുങ്ങുന്നു.