ബാങ്ക് ലോണിൽ വീഴ്ച വരുത്തിയാൽ ജാമ്യക്കാരനെതിരെ നടപടി എടുക്കാമോ ?
ബാങ്ക് ലോണിൽ വീഴ്ച വരുത്തിയ കടക്കാരനെതിരെ നടപടി എടുക്കുന്നതിനു മുൻപ് ബാങ്ക് ജാമ്യക്കാരനെതിരെ നടപടി എടുക്കുന്നത് ശരിയാണോ?
ബാങ്ക് വായ്പ കൊടുക്കുന്നത് ജാമ്യക്കാരന്റേയും കൂടിയുള്ള ഉറപ്പിന്മേലാണ്. കടക്കാരൻ വായ്പ തിരിച്ചടച്ചില്ലെങ്കിൽ വായ്പ താൻ അടക്കാമെന്ന ഉറപ്പ് ജാമ്യക്കാരൻ ബാങ്കിന് നൽകുന്നുണ്ട്.
ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 128 പ്രകാരം ജാമ്യക്കാരന്റെ ബാധ്യത കടക്കാരന്റെ ബാധ്യതയോടൊപ്പം തന്നെ (Co-existence) നിലനിൽക്കുന്നു. കടക്കാരൻ ബാങ്കിന്റെ തിരിച്ചടവിൽ വീഴ്ച വരുത്തുകയാണെങ്കിൽ കടക്കാരനിൽ നിന്ന് വായ്പാ പണം തിരികെ ലഭിക്കുവാൻ വ്യവഹാര നടപടികളുമായി ബാങ്ക് മുന്നോട്ടു പോകാതെതന്നെ, ജാമ്യക്കാരനെതിരെ മാത്രമായി പണം തിരിച്ചു ലഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.
സെക്ഷൻ 141 പ്രകാരം, ബാങ്കിന്റെ നടപടികൾ നേരിടേണ്ടി വരുന്ന ജാമ്യക്കാരൻ, ബാങ്കുമായിട്ടുള്ള ബാധ്യത തീർക്കുക യാണെങ്കിൽ, വായ്പ എടുത്ത ആൾക്കെതിരെ ബാങ്കിനുള്ള അവകാശങ്ങൾ ജാമ്യക്കാരനുമുണ്ടായിരിക്കും.
മാത്രവുമല്ല വായ്പക്കാരൻ ബാങ്കിന് പണയമായി കൊടുത്ത വസ്തു വകകൾ, ബാങ്കിന്റെ ശ്രദ്ധ കുറവുമൂലം നഷ്ടപ്പെട്ടാൽ, തുല്യമായ തുകയ്ക്കുള്ള ബാധ്യതയിൽ നിന്നും ജാമ്യക്കാരൻ ഒഴിവാക്കപ്പെടുകയും ചെയ്യേണ്ടതാണ്.