ബൂത്ത് ലെവൽ ഓഫീസർമാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു

April 30, 2022 - By School Pathram Academy

ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ സർക്കാർ വകുപ്പുകളിലെ നൊൺഗസറ്റഡ് ജീവനക്കാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു.

സർവ്വീസിലുള്ള സർക്കാർ ജീവനക്കാരെയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കുന്നത്.

വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായി, പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ഒന്ന് എന്ന കണക്കിലാണ് ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നത്. നിയസഭാ നിയോജക മണ്ഡലത്തിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറാണ് (തഹസിൽദാർ) ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറുടെ (ജില്ലാ കളക്ടർ) അംഗീകാരത്തോടെ ബി.എൽ.ഒ.മാരെ നിയമിക്കുന്നത്.

തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം വരാതെ ഓഫീസ് സമയത്തിന് ശേഷവും ഒഴിവ് ദിവസങ്ങളിലുമാണ് ബൂത്ത് ലെവൽ ഓഫീസർ ചുമതല നിർവ്വഹിക്കേണ്ടത്.

ബൂത്ത് ലെവൽ ഓഫീസർമാർ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനെ ഏറ്റവും താഴെത്തട്ടിൽ പ്രതിനിധീകരിക്കുന്നവരാണ്.

ജനാധിപത്യ പ്രക്രിയയിർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് വളരെ പ്രധാന്യമുള്ളതിനാൽ മുഴുവൻ സമയ ചുമതലക്കാരല്ലെങ്കിലും ബൂത്ത് ലെവൽ ഓഫീസർമാരുടെ ജോലി പ്രധാനപ്പെട്ടതാണ്.

ജനപ്രതിനിധ്യ നിയമം, 1950 സെക്ഷൻ 13 CC അനുസരിച്ച് ബൂത്ത് ലെവൽ ഓഫീസർമാരുടെ ചുമതല നിർവ്വഹിക്കുന്ന കാലത്തോളം, വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റേതൊരാളെപ്പോലെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡെപ്യൂട്ടേഷനിലായിരിക്കും ബി.എൽ.ഒ.മാർ.

സർക്കാർ ജീവനക്കാർ താൻ വോട്ടറായുള്ള പോളിംഗ് സ്റ്റേഷനിൽ ബൂത്ത് ലെവൽ ഓഫീസറായി പ്രവർത്തിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in/bloRegistration.html) ഓൺലൈനായി EPIC (തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്) നമ്പർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കാനുള്ള യോഗ്യത, നിർദ്ദേശങ്ങൾ തുടങ്ങിയ വിശദവിവരങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക

Category: News