ഭയന്നുവിറച്ച് യാത്രക്കാർ, കൂട്ടനിലവിളി; ട്രെയിൻ നിർത്തിയത് പാലത്തിന് മുകളിൽ

April 02, 2023 - By School Pathram Academy

കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ യുവാവു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയതോടെ ഭയന്നുവിറച്ച് യാത്രക്കാർ.

പൊള്ളലേറ്റവരിൽ 5 പേരെ പ്രഥമ ചികിത്സയ്ക്കു ശേഷം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും 3 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ട്രെയിൻ തൊട്ടടുത്ത കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി. പരിശോധനയ്ക്കു ശേഷം ട്രെയിൻ 10.35നു കണ്ണൂർക്കു പുറപ്പെട്ടു. 

ആലപ്പുഴയിൽ നിന്നു രാത്രി 9.05 നാണ് ട്രെയിൻ കോഴിക്കോട് എത്തിയത്. തുടർന്നു യാത്ര പുറപ്പെട്ട ട്രെയിൻ എലത്തൂർ പിന്നിട്ട് 9.27ന് കോരപ്പുഴ പാലം കടക്കുമ്പോൾ ഡി 1 കോച്ചിലാണു തീപടർന്നത്. ഇതിനിടയിൽ സ്ത്രീകളുടെ കൂട്ടക്കരച്ചിൽ ഉയർന്നു. തീ പടർന്നതോടെ പലരും അടുത്ത കോച്ചിലേക്ക് ഓടി. ചങ്ങല വലിച്ചതിനെത്തുടർന്നു ട്രെയിൻ നിർത്തിയതു കോരപ്പുഴ പാലത്തിലായതിനാൽ പകുതി കോച്ചുകളിലുള്ളവർക്കു പുറത്തിറങ്ങാനായില്ല.

 

 

ഡി 1 കോച്ചിൽ മറ്റു യാത്രക്കാർ എത്തിയപ്പോൾ വസ്ത്രം കത്തിയ നിലയിൽ 3 സ്ത്രീകളെയും പുരുഷൻമാരെയും കണ്ടു. അക്രമി ചുവപ്പു തൊപ്പിയും ഷർട്ടും ധരിച്ച ആളാണെന്നാണു മറ്റു യാത്രക്കാർ പറഞ്ഞത്. പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടങ്ങി. ആർപിഎഫ് ഇൻസ്പെക്ടർ എസ്.അപർണയുടെയും എലത്തൂർ എസ്ഐ പി.എസ്.ജയേഷിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

 

പൊള്ളലേറ്റ കണ്ണൂർ സർവകലാശാല ജീവനക്കാരി തളിപ്പറമ്പ് പട്ടുവം അരിയിൽ വീട്ടിൽ റൂബി (52), തൃശൂർ മണ്ണുത്തി മാനാട്ടിൽ വീട്ടിൽ അശ്വതി (29), കതിരൂർ പൊന്ന്യം വെസ്റ്റ് നായനാർ റോഡിൽ പൊയ്യിൽ വീട്ടിൽ അനിൽകുമാർ (50), ഭാര്യ സജിഷ (47), മകൻ അദ്വൈത് (21) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പൊള്ളലേറ്റ പിണറായി സ്വദേശി പി.സി.ലതീഷ്, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (51), പ്രകാശൻ (50) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ മട്ടന്നൂർ സ്വദേശി ആഷിഖിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Category: News