അടുത്ത അധ്യയന വർഷത്തേക്കുള്ള ഒരുക്കങ്ങളാരംഭിക്കുന്ന ഈ വേളയിൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കാൻ മറക്കരുതേ… പൊതുവിദ്യാലയ മേന്മകൾ എന്തൊക്കെയാണെന്ന് അറിയണ്ടേ

March 19, 2024 - By School Pathram Academy

മക്കളോട് നീതി പുലർത്തുക!അവരെ ജീവിതം പഠിപ്പിക്കുക!പൊതുവിദ്യാലയങ്ങളിൽ മക്കൾ പഠിക്കട്ടെ.അവർ മനുഷ്യരാകട്ടെ !മിടുക്കരായ മനുഷ്യർ!

ഒരു അധ്യയന വർഷം കൂടി. അവസാനിക്കുന്നു.അടുത്ത അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളാരംഭിക്കുന്ന കാലവുമാണിത്.കുട്ടികളെ പുതിയതായി ചേർക്കുന്നവരും അല്ലാത്തവരിലും നിലവിലുള്ള വിദ്യാലയത്തിൽ തന്നെ കുട്ടി പഠിക്കണമോ എന്ന് ആലോചിക്കുകയും ചെയ്യുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്.. കഴിഞ്ഞ ഏഴ് വർഷമായി രക്ഷിതാക്കൾ ഇത്തരത്തിൽ നടത്തിയ ചിന്തകളുടെ ഭാഗമായാണ് പതിനൊന്ന് ലക്ഷത്തോളം കുട്ടികൾ പൊതു വിദ്യാലയങ്ങളിലേക്ക് മടങ്ങിവന്നത്.പൊതു വിദ്യാലയങ്ങളുടെ വ്യാപനമാണ് ഇതിന് ഒരുകാരണം .നമുക്ക് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരു എൽ .പി സ്കൂൾ ഒന്നര കിലോമീറ്റർ ചുറ്റളവിൽ യു.പി സ്കൂൾ പഞ്ചായത്തിൽ ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കൻഡറി സ്കൂളും ഉറപ്പാണ്.

പൊതുവിദ്യാലയങ്ങളിൽ മക്കളെ പഠിപ്പിക്കാത്ത രക്ഷിതാക്കൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്തണം. മക്കളെ പൊതു വിദ്യാലയത്തിന്റെ നന്മകളിലേക്ക് തിരികെയെത്തിക്കുവാനുള്ള ഉചിതമായ സന്ദർഭത്തെ ഉപയോഗപ്പെടുത്തുക. യാതൊരുവിധ അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളാണ് കേരളത്തിലുള്ളത്. ഇവയിലേറെയും ജാതിമത സംഘടനകൾ സ്പോൺസർ ചെയ്യുന്ന വിദ്യാലയങ്ങളും ആണ്. സ്വാർത്ഥതയുടെ കൂടാരങ്ങളിൽ നിന്ന് ഈ കുഞ്ഞുങ്ങളെ മനുഷ്യ നന്മയുടെ മഹാ വിസ്മയങ്ങളിലേക്ക് നയിക്കുവാൻ പൊതുഇടങ്ങൾ തന്നെയാണ് ആവശ്യം. ഇല്ലാത്ത മികവുകളും ആംഗലേയ ഭാഷാ മാധ്യമമെന്ന വീമ്പുപറച്ചിലും നിലകൊള്ളുന്ന ഇത്തരം വിദ്യാലയങ്ങളുടെ വെളിച്ചം കടക്കാത്ത മതിലുകൾക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അവിടം ഉപേക്ഷിച്ച രക്ഷിതാക്കൾ പറയുന്നുണ്ട്.

കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളും പൊതുവിടങ്ങളിൽ പഠിക്കട്ടെ! പൊതുവിദ്യാലയങ്ങൾ ഒരുക്കുന്ന സൗകര്യങ്ങൾ, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി സർക്കാർ ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപയും ഈ നാട്ടിലെ എല്ലാ കുഞ്ഞുങ്ങളുടെയും അവകാശമാണ്. മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുക എന്നത് നിങ്ങൾക്ക് നിർവഹിക്കാവുന്ന ഏറ്റവും വലിയ കടമയാണ്.പൊതുവിദ്യാലയങ്ങൾ കേരളത്തിലെ സമാന്തര വാണിജ്യ വരേണ്യ വിദ്യാലയത്തിൽ നിന്ന് എല്ലാ അർഥത്തിലും വ്യത്യസ്തമാവുന്നു.

മേൽ സൂചിപിച്ച സ്കൂളുകളുടെ വ്യാപനം കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ സംഭവിച്ച കാര്യമല്ല. എന്നതുകൊണ്ട് തന്നെ അതല്ല കുട്ടികളുടെ വർദ്ധനവിന് കാരണം. പിന്നെ

എന്തുകൊണ്ടാവും കുട്ടികൾ പൊതു വിദ്യാലയത്തിലേക്ക് മടങ്ങിവന്നത് ?അവിടേക്ക് കുട്ടികളെ കൊണ്ടുവന്ന രക്ഷിതാക്കൾ അവിടുത്തെ പ്രവർത്തനങ്ങളിൽ തൃപ്തരാണോ ?

ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ഒന്നാവുക സ്വാഭാവികം. അത് നിലവിലുള്ള പൊതുവിദ്യാലയങ്ങളുടെ പ്രത്യേകതകളാണ്. ആ പ്രത്യേകതകളിലൂടെ ഒന്ന് കണ്ണോടിക്കുമ്പോൾ മാത്രമാണ് നമ്മുടെ വിദ്യാലയങ്ങളുടെ പ്രാധാന്യവും മഹത്വവും തിരിച്ചറിയാൻ കഴിയുന്നത്.

 അധ്യാപക മികവ്

സർക്കാർ നടത്തുന്നയോഗ്യതാ പരീക്ഷ വിജയിച്ചവരാണ് കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. ഗവ സ്കൂളിലെ അധ്യാപകർ പി.എസ് സി പരീക്ഷയിലും മികവ് തെളിയിച്ച് വന്നവർ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് അധ്യാപകരിൽ ബഹുഭൂരിപക്ഷവും.

ഒന്നാംക്ലാസിൽ തന്നെ മലയാളഭാഷ അക്ഷരാർഥത്തിൽ ഉറപ്പാക്കുന്നതിന് ആശയവതരണ രീതിയിലുള്ള ശാസ്ത്രീയമായ പഠന രീതി . സചിത്രപുസ്തകം, സംയുക്ത ഡയറിയും ഒരുക്കുന്ന ശിശു സൗഹൃദപരമായ ഭാഷാ പഠന രീതി. ശാസ്ത്രീയമായ ഇംഗ്ലീഷ് പഠനം! നൂറുകണക്കിന് പ്രീ പ്രൈമറി സ്കൂളുകൾ കുട്ടികളുടെ വിവിധ വികാസ മേഖലകളെ പരിപോഷിപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ ഭൗതികമായി മാറിയിരിക്കുന്നു. ഒന്ന് ,രണ്ട് ക്ലാസിലും പ്രീ പ്രൈമറി ക്ലാസുകളിലും ക്ലാസ് തലത്തിൽ രൂപപ്പെടുന്ന ലൈബ്രറികൾ -അവയ്ക്ക് ആവശ്യമായ പുസ്തകം വാങ്ങാൻ സമഗ്ര ശിക്ഷയുടെ സഹായം.

അക്കാദമിക നിലവാരം

വർധിപ്പിക്കുന്നതിനായി വ്യത്യസ്തമായ പഠന പോഷണ പരിപാടികൾ പൊതു വിദ്യാലയങ്ങളുടെ അക്കാദമിക ധാരയെ ശക്തിപ്പെടുത്തുന്നു. ഇത് പൊതുസ്കൂളിൽ എത്തുന്ന കുട്ടികൾക്ക് മികച്ച അനുഭവങ്ങളാണ് നൽകുന്നത്.

• മലയാളത്തിളക്കം

കുട്ടികളുടെ ഭാഷാപരമായ പ്രശ്നങ്ങൾക്ക് തികച്ചും ശിശു കേന്ദ്രീകൃതമായ പ്രവർത്തന പരിപാടികൾ ഒരുക്കിയ മലയാളത്തിളക്കം വിദ്യാലയങ്ങളിൽ നടന്നുവരുന്നു.

• സംസ്കൃത മാധുരി.

സംസ്കൃത പഠനം സുഗമവും രസകരവും ആക്കുന്നതിന് നടപ്പിലാക്കുന്ന പ്രവർത്തന പരിപാടിയാണിത്.

• അഹിലൻ അറബി.

അറബി ഭാഷാ പഠനം ഡിജിറ്റൽ മെറ്റീരിയലുകളിലൂടെയും കളികളിലൂടെയും സഹായത്തോടെ രസകരമാക്കി മാറ്റുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

• പ്യാരി ഉറുദു

അപ്പർ പ്രൈമറിതലത്തിൽ അഞ്ചു മുതൽ ഏഴ് വരെ ഉറുദു ഭാഷ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തന മൊഡ്യൂളാണിത്.

• ഹലോ ഇംഗ്ലീഷ് .

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഹലോ ഇംഗ്ലീഷ് ,ഇംഗ്ലീഷ് വേൾഡ് എന്നീ പേരുകളിൽ പഠന പരിപോഷണ പരിപാടി നടന്നു വരുന്നു.ഇതിനായി ഡിജിറ്റൽ ആക്ടിവിറ്റി കാർഡുകൾ രൂപകല്പന ചെയ്തിട്ടുണ്ട്.

• സുരലീ ഹിന്ദി.

ഹിന്ദി പഠനം ആകർഷകവും ആസ്വാദ്യകരവുമാക്കുന്നതിന് വേണ്ടി , ഭാഷാപരമായ വ്യവഹാരങ്ങളുടെ വികാസം ഉറപ്പാക്കുന്ന പ്രത്യേക പ്രവർത്തനങ്ങൾ ക്ലാസ് റൂമിൽ നടത്തുന്ന പരിപാടിയാണിത്.

• പ്രാദേശിക ചരിത്രാന്വേഷണം.

കുട്ടികൾ അവർ ജീവിക്കുന്ന പ്രദേശത്തെ ചരിത്രവും സംസ്കാരവും മനസ്സിലാക്കുന്നതിനു വേണ്ടി കുട്ടികളെ ഗവേഷണാത്മകമായ ചരിത്ര പഠനത്തിന് സഹായിക്കുന്ന പ്രവർത്തനമാണിത്.

• പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ

ഉൾച്ചേർക്കാനുള്ള തീവ്രശ്രമങ്ങൾ.

ഒരുകാലത്ത് സമൂഹം വേണ്ടത്ര ശ്രദ്ധിക്കാതിരുന്ന മേഖലയാണ് സവിശേഷ കഴിവുള്ള കുട്ടികളുടെ പഠനം.ഇന്നും സമാന്തര വിദ്യാലയങ്ങളിൽ ഇത്തരം കുട്ടികളെ വേണ്ട രീതിയിൽ പരിഗണിക്കാറില്ല . പൊതു വിദ്യാലയങ്ങൾ ഇതിന് മാതൃകയായി നിലവിൽ പ്രവർത്തിക്കുന്നു.

• സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കണ്ടെത്താൻ സർവ്വേ .

പ്രീ പ്രൈമറി തലം മുതൽ സവിശേഷ പരിഗണന അർഹിക്കുന്നവരെ കണ്ടെത്തിയാൽ മാത്രമേ ഉചിതമായ അനുരൂപീകരണ പ്രവർത്തനങ്ങളിലൂടെ അവരിൽ വികാസം ഉറപ്പാക്കാൻ കഴിയും.എല്ലാ അധ്യായന വർഷത്തിന്റെ ആരംഭത്തിലും സർവ്വേ നടത്തി കുട്ടികളെ കണ്ടെത്തുകയും അവർക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.അവരുടെ പോരായ്മകളുടെ തോത് മനസ്സിലാക്കുകയും അതിനനുസരിച്ച് സഹായ ഉപകരണങ്ങളും അനുരൂപീകരണ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്നത് പൊതുവിദ്യാലയങ്ങളിൽ മാത്രമാണ്.

• ഓട്ടിസം സെന്ററുകൾ .

തീവ്ര പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്ക് പരിചരണം ഉറപ്പാക്കുന്നതിന് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഓട്ടിസം സെന്ററുകൾ നടത്തി വരുന്നു.സംസ്ഥാനത്ത് 168 സെന്ററുകൾ പ്രവർത്തിച്ചു.പൊതു വിദ്യാലയങ്ങളുടെ ഭാഗമായോ ചേർന്നോ ആണിവ പ്രവർത്തിക്കുന്നത്.വ്യക്തിഗത ശ്രദ്ധയോടൊപ്പം പരിചരണവും പരിശീലനവും ഈ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നുണ്ട് രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനവും ചെറു വിപണസാധ്യതയ്ക്കുള്ള അവസരവും സെൻറർ കേന്ദ്രീകരിച്ച് നടപ്പിലാക്കി വരുന്നു.

• ഭിന്നശേഷി കുട്ടികളുടെ സാമൂഹികരണം ഉറപ്പാക്കൽ.

സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ സ്വാഭാവികമായും സമൂഹത്തിലേക്ക് ഉൾച്ചേർക്കുന്ന പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത് .വേൾഡ് ഡിസബിലിറ്റി ദിനം,രക്ഷാകർത്തൃ -സമൂഹ അവബോധ പരിപാടികൾ ,മറ്റ് ദിനാചരണങ്ങൾ എന്നിവ സാമൂഹികരണ പ്രവർത്തനത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചു വരുന്നു.പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ ഇടപെടലുകൾ വലിയ പങ്കാണ് നിർവഹിക്കുന്നത്.

• ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം.

കിടപ്പിലായ സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ കണ്ടെത്തി അത്തരക്കാർക്ക് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി അക്കാദമിക പിന്തുണ ഉറപ്പാക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മറ്റൊരു പ്രവർത്തനമാണ്.ആഴ്ചയിൽ ഒരു ദിവസം അധ്യാപകരുടെ സാന്നിധ്യം വീടുകളിൽ ഉണ്ടാവുകയും കുട്ടികൾക്ക് ആവശ്യമായ സഹായ വിനോദ ഉപകരണങ്ങൾ ഉറപ്പാക്കുന്നതിനും കഴിയുന്നു

സൗജന്യ പാഠപുസ്തകം.

വിദ്യാഭ്യാസ അവകാശനിയമനുസരിച്ച് നിർബന്ധിതവും സൗജന്യവുമായ പ്രൈമറി വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തിയിട്ടുണ്ട് . ഇതിന്റെ ഭാഗമായി ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം വിതരണം ചെയ്യുന്നുണ്ട്.

ഭിന്നശേഷി കുട്ടികൾക്ക് ബ്രയിലി ബുക്ക്, ലാർജ് പ്രിന്റ്റ് ബുക്ക് എന്നിവയും സൗജന്യമായി നൽകുന്നുണ്ട്. ഹയർസെക്കന്ററി പുസ്തകങ്ങൾ മലയാളത്തിലും ലഭ്യമാക്കിയിട്ടുണ്ട്.

സൗജന്യ യൂണിഫോം.

ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സിലെ എല്ലാ പെൺകുട്ടികളും പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ബിപിഎൽ വിഭാഗത്തിലെ ആൺകുട്ടികൾക്ക് സൗജന്യ യൂണിഫോം ലഭിക്കുന്നു.

 ഉച്ചഭക്ഷണം.

കേന്ദ്ര ഗവൺമെൻറ് യഥാസമയം ഫണ്ട് തരാതെ സംയുക്ത പരിപാടിയായ ഉച്ചഭക്ഷണ പരിപാടിയിൽ കടുത്ത പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടും മുടങ്ങാതെ നടത്തിക്കൊണ്ടു പോകാൻ കേരളത്തിലെ വിദ്യാലയങ്ങൾക്ക് കഴിയുന്നു. ഈ പരിപാടിയുടെ ഭാഗമായി മുട്ടയും പാലും കുട്ടികൾക്ക് ലഭ്യമാക്കുന്നു. വലിയവൻ,ചെറിയവൻ വ്യത്യാസമില്ലാതെ മതേതര കേരളത്തിൻ്റെ പന്തിഭോജനങ്ങളാണ് നമ്മുടെ സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടി.

• വിദ്യാർത്ഥികൾക്കുള്ള ആനിമേഷൻ പരിശീലന പരിപാടി (ANTS) :

 KToon , GIMP , OpenShot Video Editor , Audacity മുതലായ സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറും അടിസ്ഥാനമാക്കി പൂർണ്ണമായും ആനിമേറ്റഡ് മൂവി നിർമ്മാണത്തിൽ വിദ്യാർഥികൾക്ക് കൈറ്റ് പരിശീലനം നൽകിവരുന്നു.

പ്രതിഭകളായ കുട്ടികളെ പരിഗണിച്ചുള്ള പ്രവർത്തനങ്ങൾ.

അപ്പർ സെക്കൻഡറി സ്കോളർഷിപ്പിൽ മികവ് പുലർത്തുന്ന കുട്ടികളെ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ ഒന്നിപ്പിച്ച് മൂന്നുവർഷം നീണ്ടുനിൽക്കുന്ന പ്രതിഭാ പോഷണ പരിപാടി.

മികവ് പുലർത്തുന്ന കുട്ടികൾക്കായി ന്യൂമാത്സ്

പദ്ധതി,സാമൂഹ്യശാസ്ത്രത്തിലെ പ്രതിഭകൾക്കായി സ്റ്റെപ്സ് പ്രോഗ്രാം ഇങ്ങനെ വിവിധ വിഷയങ്ങളിൽ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്താനും വളർത്താനും വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ. വിവിധങ്ങളായ സ്കോളർഷിപ്പ് പരീക്ഷകൾ.

വിദ്യാലയ കേന്ദ്രീകൃതമായ ജനകീയ കൂട്ടായ്മകൾ .ശക്തമായ പിടിഎ, എം പി ടി എ സംവിധാനങ്ങൾ .സ്കൂൾ വികസന സമിതികളും സപ്പോർട്ട് ഗ്രൂപ്പുകളും .പൂർവ്വ വിദ്യാർത്ഥി ,അധ്യാപകസംഘടനകൾ എന്നിങ്ങനെ സമൂഹത്തിലെ ഓരോരുത്തർക്കും ഇടപെടാനും തൻ്റേതായ സംഭാവനകൾ നൽകുവാനും പൊതുവിദ്യാലയങ്ങളിൽ മാത്രമേ കഴിയൂ.

കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ക്ലബ്ബ് പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസത്തിൻറെ സവിശേഷതയാണ് ‘വിദ്യാരംഗം ,ശാസ്ത്രരംഗം, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ്, എൻഎസ്എസ് ,എസ് പി സി ,സയൻസ് ക്ലബ്ബ് ……നീളുന്നു പട്ടിക.

പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി കേരളത്തിലെ സർക്കാർ നടപ്പിലാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളും വിശദീകരിക്കുവാൻ ഒറ്റയടിക്ക് സാധ്യമാവില്ല.

കുട്ടിയുടെ പഠനത്തിൽ അല്പസമയം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ തീർച്ചയായും നിങ്ങളുടെ കുട്ടി പൊതുവിദ്യാലയത്തിലാണ് പഠിക്കേണ്ടത്.

ഇനി ഏതു പൊതു വിദ്യാലയത്തിലാണ് കുട്ടികളെ ചേർക്കുന്നത് എന്ന് നിങ്ങൾ തീരുമാനിച്ചുവെങ്കിൽ തീർച്ചയായും അതിന് നിങ്ങളെ സഹായിക്കുവാനും പൊതു വിദ്യാഭ്യാസ വകുപ്പിന് കഴിയും.

സ്കൂളിനെക്കുറിച്ച് അറിയാൻ ഇനി നേരിട്ടു പോയി ചോദിക്കേണ്ട; പകരം ഇന്റർനെറ്റിൽ തപ്പാം. പൊതുജനങ്ങൾക്കു സ്കൂളുകളുടെ വിവരങ്ങൾ ലഭിക്കാൻ . ‘സമേതം’ എന്ന വെബ്സൈറ്റിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെയും വിവരങ്ങളും ലഭ്യമാണ്.

സ്കൂൾ ഉൾപ്പെടുന്ന പഞ്ചായത്ത്, നിയോജകമണ്ഡലം, ലോക്സഭാ മണ്ഡലം, താലൂക്ക്, പ്രധാനാധ്യാപകന്റെ പേര്, പ്രധാനാധ്യാപകന്റെ ഫോൺ നമ്പർ, സ്കൂൾ മലയാളം മീഡിയമാണോ ഇംഗ്ലിഷ് മീഡിയമാണോ, എച്ച്എസ്എസ് വിഭാഗവും വിഎച്ച്എസ്എസ് വിഭാഗവുമുണ്ടോ, സ്കൂളിന്റെ വിജയശതമാനം, സ്കൂളിൽ നടപ്പാക്കുന്ന പദ്ധതികൾ, സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ തുടങ്ങിയ വിവരങ്ങളെല്ലാം ലഭ്യമാവും. തൊട്ടടുത്തുള്ള പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ ചേർത്ത്

മക്കളെ ജീവിത വിജയത്തിന്റെ ഒന്നാം പടി കടത്തൂ….

രാജേഷ് എസ്. വള്ളിക്കോട്

(കേരളത്തിലെ പൊതുവിദ്യാലയ മേഖലകളിലെ ചില മേന്മകൾ മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്)

2024 മാർച്ച് 19

Category: Head Line

Recent

Load More