മതിലുകൾ വേണ്ട,നമുക്കിനി പാലങ്ങൾ പണിയാം…ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്
മതിലുകൾ വേണ്ട,നമുക്കിനി പാലങ്ങൾ പണിയാം
******************************
ഓരോരുത്തരും അവരവരിലേക്ക് ചുരുണ്ടു കൂടുന്ന, അവരവരുടെ സുഖങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിഷേധാത്മകമായ ഒരുതരം വികാരമാണ് സ്വാർത്ഥത. നമ്മൾ എന്നതിൽ നിന്ന് ” ഞാൻ ” എന്നതിലേക്ക് ഒരാൾ മറിഞ്ഞു വീഴുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പതനം. ലോകത്തിലെ ഏറ്റവും നീചമായ അശ്ലീലം ” *ഞാൻ* ” എന്ന വാക്കാണ് എന്ന് പറഞ്ഞത് കേരളത്തിലെ പ്രശസ്തനായൊരു കവിയാണ്. ഒരാൾ തന്നിലേക്ക് ചുരുങ്ങുമ്പോൾ യഥാർത്ഥത്തിൽ മറ്റുള്ളവരിൽ നിന്നകലുകയാണ്. അവർക്ക് പലതും നിഷേധിക്കുകയാണ്.തനിക്കും താനല്ലാത്തവർക്കുമിടയിൽ മതിലുകൾ പണിയുകയാണ്. ഒന്നും കാണേണ്ടതില്ലാത്ത വിധം.യാതൊന്നും കേൾക്കേണ്ടതില്ലാത്തവിധം.
തനിക്കു വേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരങ്ങൾക്കു വേണ്ടിയും ഇഷ്ടപ്പെടാൻ കഴിയുക എന്നത് ഉയർന്ന മാനസികാവസ്ഥയുള്ളവർക്ക് മാത്രം സാധിക്കുന്നൊരു കാര്യമാണ്. ജീവിതത്തിൽ തനിക്ക് അത്യാവശ്യമായിരിക്കെ ഒരു വസ്തു മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കാനാവണമെങ്കിലും അസാധാരണമായ അപരസ്നേഹമുണ്ടാകണം.
രണ്ടു കുട്ടികൾ മാത്രമുള്ള വലിയ വീട്ടിൽ ഒരിക്കൽ ജേഷ്ഠത്തി അമ്മയോടു പറഞ്ഞല്ലോ , ” അനുജത്തി ഇല്ലായിരുന്നെങ്കിൽ അച്ഛൻ കൊണ്ടുവരുന്നതെല്ലാം എനിക്ക് തന്നെ കിട്ടുമായിരുന്നു” എന്ന്.
അനുജത്തിയോടുള്ള വെറുപ്പല്ല തനിക്ക് കുറഞ്ഞുപോകുന്നതിലുള്ള പൊറുതികേടാണ് ഇവിടുത്തെ പ്രശ്നം. ഈ പൊറുതികേട് തന്നെയാണ് സ്വാർത്ഥത.
സ്നേഹമാണ് ജീവിതമെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദൻ സ്നേഹനിഷേധത്തെ മരണത്തോടുപമിച്ചു. മറ്റുള്ളവർക്ക് നന്മ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നാം ജീവിക്കുന്നത് എന്നും നന്മ ചെയ്യാതിരിക്കുമ്പോൾ നാം മരിക്കുകയാണെന്നുമുള്ള ദർശനവും സ്വാമി മുമ്പോട്ടു വെച്ചു.
പലർക്കുമിടയിലാണ് നാം ജീവിക്കുന്നത്. ദിവസവും എത്രയെത്ര പേരെ നാം കാണുന്നു. എത്രയെത്രയാളുകൾക്കിടയിലൂടെ നാം കടന്നു പോകുന്നു. എത്രയെത്ര മുഖങ്ങളും മുഖഭാവങ്ങളും നാം നിരീക്ഷിക്കുന്നു.
ഉള്ളിൽ നീറുന്ന മനസ്സാണെങ്കിലും പുറമെ പുഞ്ചിരി തൂകുന്ന മുഖങ്ങൾ. ഒട്ടിയ വയറിന്റെ ഉടമയാണെങ്കിലും കാഴ്ചയിൽ നിറസന്തോഷത്തിന്റെ പ്രകാശനം. പുകയുന്ന വേദന ജീവിതത്തെ അലട്ടുന്നുണ്ടെങ്കിലും വാക്കിലും നോക്കിലും കുലീനത.
സങ്കടങ്ങളമർത്തിവെച്ച് ജീവിക്കുന്ന നിരവധി പേരുടെയിടയിലാണ് , അതൊന്നും കാണാതെ, കണ്ടാലും കാരണമന്വേഷിക്കാതെ നമ്മിൽ പലരും നമ്മുടേതായ തുരുത്തുകളിൽ നിസ്സംഗതയോടെ ജീവിക്കുന്നത്. ചിലരുടെയെങ്കിലും നിലവിളികൾ നമ്മിൽ ചിലർക്കെങ്കിലും അരോചകമാണ്. ചില അലമുറകൾ അസ്വാസ്ഥ്യജനകമാണ്. സഹായമർഥിച്ചു കൊണ്ടുള്ള വരവും വേദനകൾ പങ്കുവെക്കാൻ വേണ്ടിയുള്ള സന്ദർശനവും പലപ്പോഴും അസഹ്യമാണ്.
വേറൊന്നുകൊണ്ടുമല്ല, സുരക്ഷയുടെ അവനവൻ തുരുത്തുകളിൽ കഴിയുന്ന നമ്മുടെ അലസമായ സുഖലയങ്ങൾക്കവ ഭംഗം വരുത്തുന്നു എന്നതാണ് പ്രശ്നം.
ഒരു തണുത്ത ഞായറാഴ്ച.
സൂര്യൻ ഉദിച്ചു പൊങ്ങുന്നേ ഉള്ളു. ഒഴിവുദിനമായതു കൊണ്ട് നഗരത്തിലെ പാർക്കിൽ നേരം വെളുക്കാൻ തുടങ്ങുമ്പോഴേ തിരക്ക് തുടങ്ങി. വ്യായാമത്തിനും വിനോദത്തിനും സൗഹൃദം പുതുക്കാനും സൊറപറയാ നുമൊക്കെ വന്നവരുണ്ട്. കുട്ടികളും മുതിർന്നവരും സ്ത്രീകളും പുരുഷന്മാരുമൊക്കയുണ്ട്.
ഓരോരുത്തരും ഓരോ കാര്യത്തിൽ മുഴുകിയിരിക്കയാണ്.
പാർക്കിന്റെ മുന്നിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നു.മധ്യവയസ്കനായ ഒരാളും നാലു കുട്ടികളും ഓട്ടോറിക്ഷയിൽ നിന്നിറങ്ങി . നാലു വയസ്സിനും പത്ത് വയസ്സിനുമിടയിലാണ് കുട്ടികളുടെ പ്രായം. മൂത്തവർ മൂന്നും പെൺകുട്ടികളും ഏറ്റവും ഇളയത് ആൺകുട്ടിയുമാണ്. പെൺകുട്ടികൾ യൂണീഫോമിലായതു കൊണ്ട് അവർ സ്കൂൾ വിട്ട് വരുന്നതു പോലുണ്ട്. ഒപ്പമുള്ള മധ്യവയസ്കൻ കുട്ടികളുടെ അച്ഛനാണ്. മുഷിഞ്ഞ വേഷവും വിഷണ്ണഭാവവുമാണ് അദ്ദേഹത്തിന്റേത്.
ഓട്ടോറിക്ഷയിൽ നിന്നിറങ്ങി പാർക്കിലേക്ക് വന്ന കുട്ടികൾ അടങ്ങിയിരുന്നില്ല. ഓടാനും ചാടാനും തുടങ്ങി. അവിടിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികളും കിറ്റുകളുമെടുത്ത് അവർ എറിഞ്ഞു കളിച്ചു. ഇടയ്ക്കിടെ വലിയ ശബ്ദമുണ്ടാക്കുകയും ചെയ്തു. ക്ഷീണം കൊണ്ടാകാം മധ്യവയസ്കൻ ഒരു മൂലയിൽ , ചാരുബെഞ്ചിലിരുന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു. പാർക്കിന്റെ പല ഭാഗങ്ങളിൽ അപ്പോളുണ്ടായിരുന്ന കുട്ടികളെല്ലാം ഒരു വിധം
അച്ചടക്കത്തോടെയാണ് വിനോദത്തിലേർപ്പെട്ടിരുന്നത്. സ്ഥിരം സന്ദർശകരായതു കൊണ്ട് പാർക്കിനകത്ത് ഉയർത്തിപ്പിടിക്കേണ്ട പൊതുമര്യാദയുടെ കാര്യത്തിൽ ആ കുട്ടികളെല്ലാം പക്വതയാർജിച്ചിരുന്നു.
മധ്യവയസ്കനായ അച്ഛനോടൊപ്പം വന്ന കുട്ടികളുടെ ശബ്ദഘോഷങ്ങളും ബഹളവും ഓട്ടവും ചാട്ടവുമെല്ലാം പാർക്കിലെ പതിവു സന്ദർശകർക്ക് ശല്യമായി. ചിലർ മുറുമുറുത്തു. വേറെ ചിലർ കണ്ണുരുട്ടി.
പക്ഷേ, നാലു കുട്ടികൾ അതൊന്നും വകവെച്ചില്ല.പതിവു സന്ദർശകരിൽ ചിലർ സെക്യൂരിറ്റി ജീവനക്കാരനോടു പോയി പരാതി പറഞ്ഞു. കുട്ടികളെ നിയന്ത്രിക്കാനാവശ്യപ്പെട്ടു.
സെക്യൂരിറ്റി ജീവനക്കാരൻ ഉറങ്ങുകയായിരുന്ന മധ്യവയസ്കന്റെയടുത്തു വന്ന് കയർത്തു:
” കുട്ടികളെ കയറൂരി വിട്ടിട്ട് സുഖമായി ഇരുന്നുറങ്ങുന്നോ” ?
കണ്ണു തുറന്ന മധ്യവയസ്കൻ നിർവികാരനായി അത് കേട്ടിരുന്നു.ചുണ്ടുകൾ മാത്രമല്ല അയാളുടെ മനസ്സും വല്ലാതെ ശോഷിച്ചു പോയിരുന്നു.
” എന്താ , തന്റെ നാവിറങ്ങിപ്പോയോ? കുട്ടികളെ നിയന്ത്രിക്കാനാണ് പറഞ്ഞത്”
സെക്യൂരിറ്റി ജീവനക്കാരന്റെ ശബ്ദം കനത്തിരുന്നു.
അയാൾക്ക് ചുറ്റും ആളുകളും കൂടി.
മധ്യവയസ്കൻ പതുക്കെ എഴുന്നേറ്റു.
” ക്ഷമിക്കണം. കുട്ടികളെ എങ്ങനെയാണ് നിയന്ത്രിക്കുക എന്ന് അച്ഛനായ എനിക്കറിയില്ല.
അവരുടെ അമ്മ ഇന്നലെ വൈകിട്ട് ജനറൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മൃതദേഹം മോർച്ചറിയിലാണ്. ഇന്ന് വൈകുന്നേരമാവും മൃതദേഹം വിട്ടു കിട്ടാൻ. അമ്മ മരിച്ച വിവരം കുട്ടികളെ ഞാൻ അറിയിച്ചിട്ടില്ല”.
പിന്നെയൊന്നും മധ്യവയസ്കന് പറയാൻ കഴിയുമായിരുന്നില്ല. അയാളുടെ വാക്കുകൾ മുറിഞ്ഞു നേർത്ത് ഇല്ലാതായി.
സെക്യൂരിറ്റി ജീവനക്കാരൻ പതറിപ്പോയി. ജാള്യത മറക്കാൻ കഴിയാതെ അയാൾ പിന്നോട്ടു വലിഞ്ഞു. ചുറ്റും കൂടിയവർ കുറ്റബോധത്തോടെ പരസ്പരം നോക്കി നിശബ്ദരായി വന്നിടത്തേക്ക് മടങ്ങി.
മോർച്ചറിയിൽ അമ്മ മരിച്ചു കിടക്കുന്നതറിയാതെ പരിസരം മറന്ന് കളിച്ച കുട്ടികളെ നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരനെ ഇളക്കിവിട്ടവരുടെ പക്വതയേക്കാൾ വലിയ അശ്ലീലത വേറെയേതാണ്?
അമ്മയുടെ മരണവാർത്ത പറക്കമുറ്റാത്ത കുട്ടികളെ എങ്ങനെ അറിയിക്കുമെന്നറിയാതെ വിഷണ്ണനായിരുന്ന അവരുടെ അച്ഛനെ മര്യാദ പഠിപ്പിക്കാൻ വന്നവരുടെ തൊലിക്കട്ടി?
കാര്യങ്ങളറിയുന്നതിനു മുമ്പേ വിധി പറയാൻ നമുക്ക് തിടുക്കമാണ്. രോഗമറിയുന്നതിനു മുമ്പ് മരുന്ന് നിശ്ചയിക്കുന്നതു പോലെ. മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തമായി പാർക്കിൽ പുതുതായെത്തിയ സഹോദരങ്ങളായ കുട്ടികളുടെ അസാധാരണമായ പെരുമാറ്റം പതിവു സന്ദർശകരുടെ സ്വസ്ഥത കെടുത്തിയിട്ടുണ്ടാകാം.
എന്നാൽ , യഥാർത്ഥത്തിൽ ആ കുട്ടികളുടെ മാനസികാവസ്ഥയെന്താണ്?
നാലിനും പത്തിനുമിടയിലുള്ള പ്രായം.വാൽസല്യനിധിയായ അമ്മ ദിവസങ്ങളായി രോഗത്തോട് മല്ലടിച്ച് ആശുപത്രിയിൽ. എന്തു ചെയ്യണമെന്നറിയാതെ നൊമ്പരപ്പെടുന്ന
ദരിദ്രനായ അച്ഛൻ.
സ്നേഹിക്കാൻ,
ഓമനിക്കാൻ,
ഭക്ഷണം കൊടുക്കാൻ,
വസ്ത്രമലക്കി കൊടുക്കാൻ,
സ്കൂളിലയക്കാൻ
കുട്ടികൾക്കമ്മയില്ല.
ആ അമ്മ ദാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ജീവനറ്റ് കിടക്കുന്നു.
അമ്മ മരിച്ചതറിയാതെ ജീവിതപാരുഷ്യത്തിന്റെ ഉഷ്ണപ്പരപ്പിലലയുന്ന കുരുന്നുകൾ ആർപ്പുവിളിച്ചോടിയില്ലെങ്കിലല്ലേ അൽഭുതം!
ആ അച്ഛന്റെയവസ്ഥയൊന്നാലോചിച്ചു നോക്കു.അയാളുടെ മനസ്സിനകത്തു കത്തുന്ന നെരിപ്പോടൊന്നോർത്തു നോക്കു.
അത്തരം ആലോചനയും ഓർമയുമാണ് നമ്മിൽ അനുതാപത്തിന്റെ തിരയനക്കം സൃഷ്ടിക്കുന്നത്.
മറ്റുള്ളവരുടെ ജീവിതപരിസരത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അവിടുന്ന് കിട്ടുന്ന അനുഭവങ്ങളാണ് ഏറ്റവും നല്ല വിദ്യാഭ്യാസം.
സ്വാർത്ഥതയുടെ മതിലുകൾ നമ്മെ സമൂഹത്തിൽ നിന്നകറ്റും.മതിലു കളല്ല, സമൂഹത്തിലേക്ക് കടന്നെത്താനും അപരർക്ക് നമ്മിലേക്ക് വന്നെത്താനും പാലങ്ങളാണ് നാം പണിയേണ്ടത്.
ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്