മദ്യ ലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തില്‍ വീഴ്ചവരുത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ

February 28, 2022 - By School Pathram Academy

ആലപ്പുഴ:മദ്യലഹരിയില്‍ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തില്‍ വീഴ്ചവരുത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അമ്പലപ്പുഴ പോലിസ് അറസ്റ്റ് ചെയ്തു.

തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആലപ്പുഴ ആര്യാട് കുന്നുങ്കല്‍വീട് സുമന്‍ ജേക്കബിനെയാണ് (51)പോലിസ് അറസ്റ്റ് ചെയ്തത്.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് എസ്‌ഐ ടോള്‍സണ്‍ പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 6 ബൂത്തുകളില്‍ പോളിയോ മരുന്നും ശീതീകരണ ബോക്‌സും എത്തിക്കുകയായിരുന്നു സുമന്‍ ജേക്കബിന്റെ ജോലി.

ചില ബൂത്തുകളില്‍ പോളിയോ മരുന്ന് എത്തിക്കുന്നതില്‍ ഇയാള്‍ വീഴ്ച വരുത്തി. ഈ ബൂത്തുകളില്‍ കുട്ടികളും മാതാപിതാക്കളും ഏറെനേരം കാത്തിരിക്കേണ്ടിവന്നു.

ഇതെത്തുടര്‍ന്ന്, മെഡിക്കല്‍ ഓഫിസര്‍ ഡോ.ഷിബു സുകുമാരനും ജീവനക്കാരും ചേര്‍ന്നു പോളിയോ മരുന്ന് ഇവിടങ്ങളില്‍ എത്തിക്കുകയായിരുന്നു.മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു രേഖാമൂലം റിപ്പോര്‍ട്ടും നല്‍കി.അറസ്റ്റ് ചെയ്ത സുമന്‍ ജേക്കബിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Category: News