മധ്യവേനലവധിക്കാലയളവിൽ പ്രസവത്തീയതി വരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ വെക്കേഷൻ ജീവനക്കാർക്ക് പ്രസവാവധി, പ്രസവത്തീയതി മുതൽ ആരംഭിക്കുന്ന തരത്തിൽ അനുവദിക്കേണ്ടതാണ് , സർക്കാർ ഉത്തരവ് :-

July 20, 2022 - By School Pathram Academy

വിഷയം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംബന്ധിച്ച്.

 

മധ്യവേനലവധിക്കാലയളവിൽ പ്രസവതീയതി വരുന്ന അദ്ധ്യാപികമാർക്ക് മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസം മുതൽ പ്രസവാവധി അനുവദിക്കുകയും ഇത്തരം കേസുകളിൽ അർഹയതില്ലാത്ത കാലയളവ് ക്രമപ്പെടുത്തുന്നതിനായി സർക്കാരിന്റെ മുൻപാകെ അപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി വനിതകൾക്ക് പ്രത്യേകമായി അനുവദിച്ചിരിക്കുന്ന പ്രസവാവധി, പ്രസവത്തീയതിക്ക് വളരെ ദൂരെയായുള്ള ഒരു ദിവസം മുതൽ ആരംഭിക്കുന്നത് ടി അവധി അനുവദിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണ്. “വെക്കേഷൻ” എന്നത് സാങ്കേതികമായി ഡ്യൂട്ടിയായതിനാൽ നിയന്ത്രണാധികാരി നിർദ്ദേശിക്കുന്ന പക്ഷം ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥർ ഹാജരാകേണ്ടതാണ് എന്നതാണ് നിയമപ്രകാരമുള്ള സ്ഥിതി.

എന്നാൽ, പ്രസവത്തീയതി വെക്കേഷനിടയിൽ വരുന്ന കേസുകളിൽ ടി തീയതി മുതൽ ജോലിയ്ക്കു ഹാജരാകുന്നതിന് ഉദ്യോഗസ്ഥർ medically fit അല്ലാത്തതിനാൽ പ്രസവത്തീയതി മുതൽ തന്നെ അവധിയിൽ പ്രവേശിക്കേണ്ടതാണ്. മേൽ വസ്തുതകളും (WA No. 47/1988-ന്മേൽ 16,08,1990 ന് പ്രസ്താവിച്ച വിധിന്യായത്തിലെ ബഹു. ഹൈക്കോടതിയുടെ നിരീക്ഷണവും കണക്കിലെടുത്ത് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു:

 

1. മധ്യവേനലവധിക്കാലയളവിൽ പ്രസവത്തീയതി വരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ വെക്കേഷൻ ജീവനക്കാർക്ക് പ്രസവാവധി, പ്രസവത്തീയതി മുതൽ ആരംഭിക്കുന്ന തരത്തിൽ അനുവദിക്കേണ്ടതാണ്.

2. ഇതിനകം മറ്റ് തരത്തിൽ അനുവദിച്ച പ്രസവാവധി റദ്ദ് ചെയ്ത് പുന:ക്രമീകരിച്ചതിന് ശേഷം ബാക്കി കാലയളവിലേയ്ക്ക് ചട്ടപ്രകാരമുള്ള അവധി അപേക്ഷ വാങ്ങി അന്നേ തീയതിയിൽ ക്രെഡിറ്റിലുള്ള അർഹതപ്പെട്ട അവധിയോ, ചട്ടപ്രകാരമുള്ള ശൂന്യവേതന അവധിയോ അനുവദിച്ച് ക്രമീകരിക്കേണ്ടതാണ്.

 

3 . മാർച്ച് 31 ന് പ്രസവാവധി അവസാനിക്കുന്ന കേസുകളിലും വെക്കേഷൻ തുടങ്ങി കഴിഞ്ഞ് പ്രസവാവധി അവസാനിക്കുന്ന കേസുകളിലും പ്രസവാവധിയോട് ചട്ടപ്രകാരം വെക്കേഷൻ പിൻ ചേർക്കാൻ അനുമതി നൽകുന്നു.

 

മീനാംബിക എം.ഐ ജോയിന്റ് സെക്രട്ടറി