മരണം 233 കടന്നു; 900 ലേറെ പേർക്കു പരുക്ക്: തകര്‍ന്ന കോച്ചുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു
ബാലസോർ (ഒഡീഷ) ∙ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 233 ആയി. 900 ലേറെ പേർക്കു പരുക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. നിരവധി പേർ തകർന്ന കോച്ചുകൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.
ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവ് സംഭവസ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നാടിക്കും രാവിലെ അപകട സ്ഥലം സന്ദർശിക്കും.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ളവർക്ക് 2 ലക്ഷം രൂപ വീതവും മറ്റുള്ളവർക്ക് 50,000 രൂപ വീതവും നൽകും. അപകടത്തെത്തുടർന്ന് ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ചിലതു വഴി തിരിച്ചുവിട്ടു. ഹെൽപ് ലൈൻ 044 25330952, 044 25330953, 044 25354771 (മൂന്നും ചെന്നൈ), 033 26382217 (ഹൗറ), 8972073925 (ഖരഗ്പുർ), 82495 91559 (ബാലസോർ), 080 22356409 (ബെംഗളൂരു)