മറക്കാൻ കഴിയാത്ത ഒരു ദിനം കൂടി… 1990 ന് എന്റെ സർക്കാർ വിദ്യാലയത്തിലെ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ച ഏഴാം ക്ലാസ്സിലെ കൂട്ടുകാർക്കൊപ്പം ഒത്തു ചേർന്നപ്പോൾ ..

August 27, 2022 - By School Pathram Academy

മറക്കാൻ കഴിയാത്ത ഒരു ദിനം കൂടി… 1990 ന് എന്റെ സർക്കാർ വിദ്യാലയത്തിലെ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ച ഏഴാം ക്ലാസ്സിലെ കൂട്ടുകാർക്കൊപ്പം ഒത്തു ചേർന്നപ്പോൾ ..

റസ്സൽപുരം യു.പി.സ്കൂളിലെ അനുഭവങ്ങൾ എനിക്ക് സമ്മാനിച്ച പ്രിയ സൗഹൃദങ്ങളായ ശ്രീ ജഗൻ സർ , ശ്രീ കുമാർ സർ എന്നിവർക്കൊപ്പം വേദി പങ്കിടാൻ കഴിഞ്ഞപ്പോൾ …. അന്നത്തെ പ്രസരിപ്പിലേയ്ക്കും ഊർജ്ജത്തിലേയ്ക്കും മടങ്ങിയെത്തിയത് പോലെ… ചൂരലിന്റെ ബലത്തിൽ ക്ലാസ്സിലെ കൂട്ടുകാരെ മുഴുവൻ അടക്കിയിരുത്തി പഠനത്തിന്റെ വഴിയെ നടത്തിയിരുന്ന കാലം..

കുട്ടിയുടെ മനസ്സറിഞ്ഞ് പ്രകൃതമറിഞ്ഞ് പരിമിതികൾ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് പഠനാനുഭവങ്ങൾ ഒരുക്കുന്നതിന് പകരം കണ്ണുരുട്ടലും ഭീഷണിയും ചുട്ടയടിയും കൊണ്ട് ഒരു ഏകാധിപതിയായ അധ്യാപകനായി വാണിരുന്ന കാലം… ” സാറിനെ എനിക്ക് പേടിയാണ് ” എന്ന് കുട്ടികൾ പരസ്പരം രഹസ്യമായി പറഞ്ഞിരുന്ന കാലം… അന്ന് എന്റെ ചൂരലിന്റെ രുചിയറിഞ്ഞ കൂട്ടുകാർ ഇന്ന് എന്നെ അവരുടെ മനസ്സിനൊപ്പം ചേർത്ത് നിർത്തിയപ്പോൾ …. മനസ്സിൽ തോന്നിയ സന്തോഷം മറച്ചുവയ്ക്കുന്നില്ല..

ലോകം മുഴുവൻ കീഴടക്കിയ ജേതാവായത് പോലെ… പഠിക്കാത്തതിന് കുട്ടികളെ തല്ലുന്നത് അധ്യാപകന്റെ പരാജയമാണ് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് സത്യം…..

ഇത് രണ്ടാം തവണയാണ് അവർ ഒത്തു ചേരുന്നത്. കൂട്ടായ്മ രൂപപ്പെട്ടതിന് ശേഷം വിരമിച്ച അധ്യാപകരായ എന്നെയും ശ്രീ. ജഗൻ സാറിനെയും ചടങ്ങിൽ വച്ച് ആദരിച്ചു. ചടങ്ങിന് നേതൃത്വം നൽകിയും നിയന്ത്രിച്ചതും കൂട്ടുകാർ തന്നെ… ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തും കുശലങ്ങൾ പറഞ്ഞും വീട്ടുവിശേഷങ്ങൾ പങ്കുവച്ചും പരിചയം പുതുക്കിയും അവർ മൂന്നു മണിക്കൂറോളം ഒരുമിച്ചിരുന്നു. അനുഭവങ്ങൾ പങ്കുവച്ചും പാട്ടുകളും മറ്റും അവതരിപ്പിച്ചും കൂട്ടായ്മയ്ക്ക് ഉത്സവാന്തരീക്ഷമൊരുക്കി. ഉച്ചയ്ക്ക് സ്നേഹവിരുന്നും ഈ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ചു.

പഴയ വിദ്യാലയ ജീവിതത്തിലേയ്ക്ക് ഒന്നുകൂടി തിരനോട്ടം നടത്താൻ അവസരം ഒരുക്കിയ പ്രിയ കൂട്ടുകാർക്ക് നന്ദി… തുടരണേ… ഈ കൂട്ടായ്മ🙏

പ്രേംജിത്ത് മാഷ്