മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും , ഭാര്യ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതടക്കമുള്ള ആക്ഷേപങ്ങൾ മാനസിക പീഡനമെന്ന് ഹൈക്കോടതി

August 18, 2022 - By School Pathram Academy

കൊച്ചി : മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്‌ത്‌​ ഭാര്യയെ നിരന്തരം അധിക്ഷേപിക്കുന്നത്​ ക്രൂരതയാണെന്ന്‌ ഹൈക്കോടതി.

ഭാര്യ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതടക്കമുള്ള ആക്ഷേപങ്ങൾ മാനസിക പീഡനമാണെന്നും ഇവ വിവാഹമോചനത്തിന്​ മതിയായ കാരണ​മാണെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി.

ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കീഴ്​കോടതി ഉത്തരവിനെതിരെ ഭർത്താവ്​ സമർപ്പിച്ച അപ്പീൽ തള്ളിയാണ്​ കോടതിയുടെ നിരീക്ഷണം.

സോഫ്​ട്​വെയർ എൻജിനീയർമാരായ ഇരുവരും 2009 ജനുവരി 17നാണ്​ വിവാഹിതരായത്​. നവംബർ രണ്ടിന്‌ വിവാഹമോചനത്തിനായി യുവതി കോടതിയെ ഏറ്റുമാനൂർ കുടുംബ കോടതിയെ സമീപിച്ചു.

ഭർത്താവ്​ എപ്പോഴും ഇകഴ്ത്തി പറയുന്നുവെന്നും മറ്റുള്ളവരുമായി താരതമ്യംചെയ്‌ത്​ സൗന്ദര്യം കുറഞ്ഞവളെന്ന്​ ആക്ഷേപിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. തനിക്കുവരുന്ന മൊബൈൽ സന്ദേശങ്ങൾ സംശയത്തോടെയാണ് ഭർത്താവ്​ കാണുന്നത്​. 40 ദിവസം മാത്രമാണ് ഒന്നിച്ചുകഴിഞ്ഞത്‌. ശാരീരിക ബന്ധമുണ്ടായില്ലെന്നും നിരന്തരം അവിശ്വസിക്കുകയും ശാരീരികമായും മാനസികമായും ക്രൂരത കാട്ടിയെന്നും ഹർജിയിൽ ചൂണ്ടികാട്ടി.

ഭാര്യയുടെ അപേക്ഷയിൽ വിവാഹം മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെതിരെ ഭർത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഭർത്താവിന്റെ പ്രവൃത്തികൾ ക്രൂരതയുടെ പരിധിയിൽ വരുമെന്ന്​ വിലയിരുത്തിയ ഡിവിഷൻബെഞ്ച്​, വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവ്​ ശരിവെച്ചു. ഇരുകക്ഷികളുടെയും ബന്ധം കൂട്ടിയിണക്കാൻ കഴിയുന്നതിനപ്പുറം തകർന്നു.

ഈ വസ്‌തുത ശ്രദ്ധിക്കാതിരിക്കുന്നത്‌ സമൂഹത്തിനു ദോഷകരവും കക്ഷികളുടെ താൽപര്യത്തിന് ഹാനികരവുമാണ്‌. മാനസിക ക്രൂരത പരാതിക്കാരിയുടെ അനാരോഗ്യത്തിനു കാരണമായെന്നു തെളിയിക്കേണ്ടതില്ല. ക്രൂരതയ്ക്ക് ശാരീരിക പീഡനം അത്യാവശ്യമില്ലെന്നും മനോവ്യഥയും പീഡനവുമുണ്ടാക്കുന്ന പെരുമാറ്റം ഇതിൽ ഉൾപ്പെടുമെന്നും കോടതി പറഞ്ഞു.

Category: News