മഴവെള്ളം കുടിക്കാൻ യോഗ്യമല്ല….
വെള്ളത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമായിട്ടാണ് മഴവെള്ളത്തെ വിശേഷിപ്പിക്കാറുള്ളത്.
എന്നാൽ പുതിയ ഗവേഷണങ്ങൾ അനുസരിച്ച് ഭൂമിയിലെ വിവിധ സ്ഥലങ്ങളിലെ മഴവെള്ളം കുടിക്കാൻ യോഗ്യമല്ല എന്നാണ്. ഗവേഷണ റിപ്പോർട് പ്രകാരം, പിഎഫ്എഎസ്(PFAS) അതായത് സിന്തറ്റിക് വസ്തുക്കൾ വെള്ളത്തിൽ കാണപ്പെടുന്നുണ്ട്. പരിസ്ഥിതിയിൽ വർഷങ്ങളോളം നിലനിൽക്കുന്നതിനാൽ അവയെ ‘പെർമനെന്റ് രാസവസ്തുക്കൾ’ ആയാണ് കണക്കാക്കുന്നത്.
ലോകത്ത് ഏറ്റവും ശുദ്ധമായ ജലസ്രോതസുകളിൽ ഒന്നായാണ് മഴവെള്ളത്തെ കണക്കാക്കുന്നത്. എന്നാൽ ഇപ്പോൾ അത് അങ്ങനെയല്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് ഭൂമിയിൽ പല സ്ഥലത്തും മഴയിൽ ഈ പി.എഫ്.എ.എസ് പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നുവെന്നാണ് എൻവയോൺമെന്റൽ സയൻസ് & ടെക്‌നോളജി ജേണലിൽ പ്രസിദ്ധീകരിച്ച, സ്റ്റോക്ക്‌ഹോം സർവകലാശാലയുടെ ഗവേഷണം വ്യക്തമാക്കുന്നത്. മലനീകരണം കുറവുള്ള അന്റാർട്ടിക്കയിൽപോലും മഴവെള്ളത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
പി.എഫ്.എ.എസ് അഥവാ പോളി-പെർഫ്‌ലൂറോ ആൽക്കൈൽ പദാർത്ഥത്തിന്റെ ഉപയോഗങ്ങൾ നിരീക്ഷിച്ചാൽ തന്നെ ഇത് എത്ര അപകടം പിടിച്ച രാസപദാർത്ഥമാണെന്ന് മനസിലാകും. നോൺ സ്റ്റിക്ക് അല്ലെങ്കിൽ സ്റ്റെയിൻ റിപ്പല്ലന്റ് പ്രോപ്പർട്ടികൾ ഉള്ള പി.എഫ്.എ.എസ്, നോൺ സ്റ്റിക്ക് പാനുകൾ, അഗ്‌നിശമനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ, ഫുഡ് പാക്കേജിംഗ്, ഇലക്ട്രോണിക്‌സ്, കോസ്‌മെറ്റിക്‌സ് തുടങ്ങിയവയുടെ നിർമാണത്തിന് ഇത് വലിയതോതിൽ ഉപയോഗിക്കുന്നുണ്ട്. അതായത് ഈ വസ്തു ഭക്ഷ്യയോഗ്യമല്ല എന്നർത്ഥം. ഒരു പരിധിയിൽ കൂടുതലുള്ള ഉപയോഗം മാരക അസുഖങ്ങൾക്കും മരണത്തിനും വരെ വഴിവയ്ക്കാം.