മാധ്യമങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിൽ

May 07, 2022 - By School Pathram Academy

മാധ്യമങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിൽ,

മതസ്പർധ ള്ളവാക്കുന്ന വാർത്തകൾക്ക് വിലക്ക് : ജില്ലാ കളക്ടർ

 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓൺലൈൻ അടക്കം വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും പരസ്യങ്ങളും സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കും. ജാതി, മതം എന്നിവയുടെ പേരിൽ സ്പർധയിലേക്ക് നയിക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ്. സ്ഥാനാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാർത്തകളും പരസ്യങ്ങളും ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

 

അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വാർത്തകളും പരസ്യങ്ങളും വിലയിരുത്തുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സെൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ മാധ്യമ നിരീക്ഷണത്തിനായി സുസജ്ജമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണ പരിധിയില്‍ വരും. ടിവി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബള്‍ക്ക് എസ്.എം.എസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും ബാധകമായിരിക്കും.

 

തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് കളക്ടർ ചെയർമാനായ സമിതിയുടെ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. ഫേസ് ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ സ്ഥാനാർത്ഥികൾ, പാർട്ടികൾ, മുന്നണികൾ എന്നിവരുടെ അക്കൗണ്ടുകൾ പരിശോധിക്കും. സർട്ടിഫിക്കേഷനില്ലാതെ ഇവയിൽ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ നൽകുന്നത് ചട്ടലംഘനമാണ്. പരസ്യങ്ങൾക്കായി വരുന്ന ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് അക്കൗണ്ടിൽ ചേർക്കും.

 

ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് നിരീക്ഷണ സെല്ലില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക. പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.

 

അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ സമിതിക്ക് അധികാരമുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.

Category: News