മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ആര്‍ക്കൊക്കെ ലഭിക്കുമെന്നും എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും പരിശോധിക്കാം

July 31, 2023 - By School Pathram Academy

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ധനസഹായം ആര്‍ക്കൊക്കെ ലഭിക്കും

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ആര്‍ക്കൊക്കെ ലഭിക്കുമെന്നും എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും പരിശോധിക്കാം.

 

ഗുരുതര രോഗികള്‍ക്കും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്‍ക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം.

 

ഒരാള്‍ക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകു.

 

ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയവയാണെങ്കില്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും അപേക്ഷിക്കാം.

 

ആറ് മാസത്തിനകമുള്ള അസ്സല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും നല്‍കണം.

 

അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, മരണ സര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം മരിച്ച്‌ ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം.

 

തീപിടിത്തത്തില്‍ വീടോ ചെറുകിട സ്ഥാപനങ്ങളോ നശിച്ചാലും വള്ളം, ബോട്ട്, തോണി, വല, തുടങ്ങിയവയ്ക്ക് നാശമുണ്ടായാലും സഹായം ലഭിക്കും.

 

പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കളക്ടറുടെ ശുപാര്‍ശ ആവശ്യമുണ്ട്.

 

ബാങ്ക് അക്കൗണ്ട് വഴിയാകും പണം ലഭിക്കുക.

 

എങ്ങനെ അപേക്ഷിക്കാം?

 https://cmo.kerala.gov.inഎന്ന വെബ് പോര്‍ട്ടലിലൂടെ നേരിട്ട് അപേക്ഷിക്കാം. അക്ഷയ കേന്ദ്രം വഴിയും അപേക്ഷിക്കാം. എം.എല്‍.എ, എം.പി എന്നിവരുടെ ഓഫീസ് വഴിയും മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരുടെ ഓഫീസില്‍ തപാല്‍ അപേക്ഷ നല്‍കാം.

 

അപേക്ഷ പരിശോധിച്ച്‌ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്മകള്‍ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസര്‍മാര്‍ അപേക്ഷകരെ വിവരം അറിയിക്കണം. ആവശ്യമായ രേഖകള്‍ ഇല്ലാത്തവരെ മാറ്റിവയ്ക്കും. ഇക്കാര്യം അപേക്ഷകന് എസ്.എം.എസ് സന്ദേശമായി ലഭിക്കും.

 

പ്രകൃതിദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്ന അർഹരായ കുടുംബങ്ങൾക്കും വ്യക്തികൾക്കും അല്ലെങ്കിൽ അപകടങ്ങൾ മൂലം ബന്ധുക്കളുടെ ജീവൻ നഷ്ടപ്പെട്ടവർക്കോ ഗുരുതരമായ രോഗങ്ങളുള്ളവർക്കുള്ള വൈദ്യചികിത്സയ്‌ക്കോ ആശ്വാസം നൽകുന്നതിനുള്ള അടിയന്തര സഹായപദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് (CMDRF). സിഎംആർഡി ഫണ്ടിലേക്ക് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും എല്ലാം സംഭാവന നൽകാം. പണമായും ചെക്കായും ഇലക്‌ട്രോണിക് പെയ്‌മെന്റായുമൊക്കെ പണം നൽകാം. ഈ സംഭാവനത്തുക മുഴുവൻ നികുതിയിളവിന് അർഹമാണ്.

 

അടിസ്ഥാനജീവിതസൗകര്യങ്ങളുടെ അഭാവത്തിനും (Privation), തീ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കടൽ മണ്ണൊലിപ്പ്, മറ്റ് ദുരന്തങ്ങൾ എന്നിവ ബാധിച്ചവർക്കും ആശ്വാസം നൽകുന്നതിനായി രൂപീകരിച്ച ഒരു പൊതു ഫണ്ടാണ് സിഎംഡിആർഎഫ്. ഒരു പൊതു സ്വഭാവമുള്ള വിദ്യാഭ്യാസ സാംസ്കാരിക, ചാരിറ്റബിൾ സ്ഥാപനങ്ങൾ, അത്തരം ദുരന്തങ്ങളാൽ ബാധിക്കപ്പെടുകയും അവരുടെ സ്വത്തിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനും സാധാരണ അവസ്ഥയിലേക്ക് തിരികെയെത്താൻ അവരുടെ സാമ്പത്തിക സ്ഥിതി അവരെ പ്രാപ്തരാക്കുന്നില്ലെങ്കിൽ ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായത്തിന് അവർക്ക് അർഹതയുണ്ട്. പരമ്പരാഗത മേഖലയിലെ മാത്രം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമുകൾ അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമുകളിൽ ഉൾപ്പെടാത്ത യൂണിറ്റുകളിൽ, തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണത്താൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്ന തൊഴിലാളികൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും ആശ്വാസം നൽകാം. ഈ ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായം ഗവൺമെന്റിന്റെ മറ്റ് പ്രത്യേക ദുരിതാശ്വാസ പദ്ധതികളുടെ പരിധിയിൽ വരാത്ത കേസുകളിലേക്ക് പരിമിതപ്പെടുത്തും. ഇവിടെ ഇല്ലായ്മ (Privation) എന്ന പദം സാധാരണ ദാരിദ്ര്യ കേസുകളെയല്ല സൂചിപ്പിക്കുന്നത്, എന്നാൽ പെട്ടെന്നുള്ള വരുമാനം നഷ്‌ടപ്പെടുന്നതുമൂലം അസാധാരണമായ യഥാർത്ഥ ബുദ്ധിമുട്ടുകൾ മാത്രമാണ് ഇത് സൂചിപ്പിക്കുന്നത്. സാമ്പത്തിക സഹായം ആവശ്യമാണെന്ന് ജില്ലാ കളക്ടർക്ക് ബോധ്യപ്പെടേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നാണ് പേര് എങ്കിലും മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനം എടുത്തുകൊണ്ട് സിഎംആർഡി ഫണ്ടിലേക്ക് പണം സ്വീകരിക്കാനോ ചെലവഴിക്കാനോ സാധ്യമല്ല. മുതിർന്ന I.A.S ഉദ്യോഗസ്ഥനായ സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) ആണ് ഫണ്ട് പ്രവർത്തിപ്പിക്കുന്നത്. വിവിധ ബാങ്കുകളുടെ പൂൾ അക്കൗണ്ടുകളിൽ എത്തുന്ന സിഎംഡിആർഎഫിലേക്കുള്ള സംഭാവനകൾ കൊണ്ട് ഉണ്ടാവുന്ന ഫണ്ട് ബാങ്ക് കൈമാറ്റം വഴി മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. ധനകാര്യ സെക്രട്ടറിയുടെ കൈയ്ക്കും മുദ്രയ്ക്കും കീഴിൽ മാത്രമേ ഫണ്ട് പിൻവലിക്കാൻ കഴിയൂ. ഫണ്ട് പ്രവർത്തിപ്പിക്കുന്നത് ധനകാര്യ സെക്രട്ടറിയാണെങ്കിലും, സി‌എം‌ഡി‌ആർ‌എഫ് നിയന്ത്രിക്കുന്നത് റവന്യൂ (ഡി‌ആർ‌എഫ്) വകുപ്പാണ്. സി‌എം‌ഡി‌ആർ‌എഫിന്റെ ബാങ്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ അധികാരമുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ വകുപ്പിന്റെ താൽപ്പര്യങ്ങൾക്കനുസൃതമായി പണം പിൻവലിക്കാനോ കൈമാറാനോ കഴിയില്ല. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം മാത്രമേ ഇത് സാധ്യമാകൂ. സി‌എം‌ഡി‌ആർ‌ ഫണ്ടിൽ നിന്നും ഓരോ ശ്രേണിയ്ക്കും ഉദ്യോഗസ്ഥർക്കും ചെലവഴിക്കാവുന്ന തുകയുടെ അളവ് സർക്കാർ ഉത്തരവുകൾ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ, റവന്യൂ സ്‌പെഷ്യൽ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് അനുവദിക്കാവുന്ന തുക സർക്കാർ ഉത്തരവുകൾ പ്രകാരം നിയന്ത്രിച്ചിരിക്കുന്നു. അതിനും മുകളിൽ ചെലവഴിക്കണമെങ്കിൽ അത് മന്ത്രിസഭയ്ക്കേ സാധ്യമാവുകയുള്ളൂ. ഇപ്പോൾ സി‌എം‌ഡി‌ആർ‌എഫ് മാനേജ്മെന്റ് പൂർണ്ണമായും വെബ് വഴിയാണെന്നു മാത്രമല്ല ഇത് വളരെ സുതാര്യവുമാണ്. ഡയറക്റ്റ് ബാങ്ക് ട്രാൻസ്ഫർ സംവിധാനത്തിലൂടെ അന്തിമ ഗുണഭോക്താവിലേക്കുള്ള കൈമാറ്റം നടക്കുന്നു. വിവരാവകാശ നിയമം (ആർ‌ടി‌ഐ) സി‌എം‌ഡി‌ആർ‌എഫിന് ബാധകമാണ്, മാത്രമല്ല ഇതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

 

വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് സൂക്ഷിക്കേണ്ടതായ സിഎംആർഡിഎഫ്, കൺ‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ (സിഎജി) ഓഡിറ്റിന് വിധേയമാണ്.സംഭാവന നൽകുന്ന പണമെല്ലാം ബാങ്ക് ഇടപാടായാണ് നടക്കുന്നത്. ധനകാര്യ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലാണ് പണം എത്തുന്നത് (ധനകാര്യ സെക്രട്ടറി എന്നത് വ്യക്തിയല്ല ഒരു പോസ്റ്റ് ആണ്). സി‌എം‌ഡി‌ആർ‌എഫ് ഫണ്ടുകളുടെ‌ ബജറ്റിംഗും ചെലവും സംസ്ഥാന നിയമസഭയുടെ പരിശോധനയ്ക്ക് വിധേയമാണ്.

നിർദ്ദിഷ്ട ഫോർമാറ്റിലുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ വില്ലേജ് ഓഫീസുകളിൽ ലഭിക്കും. കൂടാതെ സി‌എം‌ഡി‌ആർ‌എഫ് പോർട്ടലിൽ, അക്ഷയ സെന്ററുകൾ വഴിയും, എം‌പിമാരുടെയും എം‌എൽ‌എമാരുടെയും ഓഫീസുകൾ വഴിയും ആളുകൾക്ക് ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. അപകടമരണങ്ങളിൽ എഫ്‌ഐ‌ആറും മരണ സർട്ടിഫിക്കറ്റും ഹാജരാക്കണം. മെഡിക്കൽ ചികിത്സയ്ക്കായി യോഗ്യതയുള്ള ഒരു മെഡിക്കൽ ഓഫീസറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം. ദുരന്തങ്ങൾ മൂലം ദുരന്തമുണ്ടായാൽ, ബാധിച്ച ആളുകളുടെ വിവരങ്ങൾ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്യുകയും തഹസിൽദാർ വഴി കളക്ടർക്ക് കൈമാറുകയും ചെയ്യുന്നു. റവന്യൂ വകുപ്പാണ് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത്. എല്ലാ പ്രോസസ്സിംഗും cmdrf പോർട്ടലിൽ ഇലക്ട്രോണിക് രീതിയിലാണ് ചെയ്യുന്നത്. ഓൺലൈൻ മോഡുകളിൽ ലഭിക്കുന്ന അപേക്ഷകൾ അപേക്ഷകൻ നൽകിയ വിശദാംശങ്ങൾ സാധൂകരിക്കുന്നതിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓട്ടോമാറ്റിക്കായിത്തന്നെ കൈമാറും. ഗ്രാമതലത്തിൽ മൂല്യനിർണ്ണയത്തിന് ശേഷം എല്ലാ അപേക്ഷകളും താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, ആവശ്യമെങ്കിൽ സംഖ്യയുടെ അളവ് അനുസരിച്ച് ഇലക്ട്രോണിക് പ്രക്രിയയിലൂടെ റവന്യൂ സ്പെഷ്യൽ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവയ്ക്ക് അയയ്ക്കും.

ഓരോ ശ്രേണിയിലും അനുവദിക്കാവുന്ന തുകയുടെ അളവ് ഇപ്രകാരമാണ്.

 

ജില്ലാ കളക്ടർമാർ – Rs. 10,000 വരെ

സ്‌പെഷ്യൽ സെക്രട്ടറി (റവന്യൂ വകുപ്പ്) – Rs. 15,000 രൂപ വരെ

റവന്യൂ മന്ത്രി – Rs. 25,000 രൂപ വരെ

മുഖ്യമന്ത്രി – 3 ലക്ഷം വരെ

മന്ത്രിസഭ – 3 ലക്ഷത്തിൽ കൂടുതൽ

അനുവദിക്കുന്ന തുക തുടർന്ന് ഡി.ബി.ടി. പദ്ധതി വഴി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More