മുതിർന്ന വിദ്യാർഥികൾ പകച്ചുനിൽക്കേ, ഡ്രൈവറുടെ സീറ്റിലിരുന്ന് ബ്രേക്ക് ചവിട്ടി ബസ് നിർത്തിയാണ്, ശ്രീമൂലനഗരം അകവൂർ സ്കൂളിലെ വിദ്യാർഥി ആദിത്യൻ രാജേഷ് സഹപാഠികൾക്ക് മുന്നിൽ ഹീറോ ആയത്
ഡ്രൈവറില്ലാതെ നീങ്ങിയ സ്കൂൾ ബസിൽ രക്ഷകനായി അഞ്ചാം ക്ളാസുകാരൻ. മുതിർന്ന വിദ്യാർഥികൾ പകച്ചുനിൽക്കേ, ഡ്രൈവറുടെ സീറ്റിലിരുന്ന് ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു. ശ്രീമൂലനഗരം അകവൂർ സ്കൂളിലെ വിദ്യാർഥി ആദിത്യൻ രാജേഷാണ് സഹപാഠികൾക്ക് മുന്നിൽ ഹീറോ ആയത്.
തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂളിൽ നിന്നും റോഡിലേക്ക് ഇറക്കമുണ്ട്. ഇവിടെ നിർത്തിയിട്ട ബസിൽ വിദ്യാർഥികൾ കയറിയപ്പോഴാണ് താഴോട്ട് ബസ് പതിയെ നീങ്ങിയത്. നിറയെ വിദ്യാർഥികൾ ബസിൽ കയറിയപ്പോഴായിരുന്നു സംഭവം. ഭയംകൊണ്ട് വിദ്യാർഥികളിൽ പലരും നിലവിളിച്ചു. ഏതാനും വിദ്യാർഥികൾ ഇതിനിടെ ബസിൽ നിന്ന് ചാടിയിറങ്ങി.
അപകടം തിരിച്ചറിഞ്ഞ ആദിത്യൻ പകച്ചുനിൽക്കാതെ വേഗത്തിൽ ഇടപെടുകയായിരുന്നു. വേഗം കൂടിയതോടെ ആദിത്യൻ ഡ്രൈവർസീറ്റിലെത്തി ബസ് ബ്രേക്ക് ചവിട്ടി നിർത്തി. സാമൂഹികമാധ്യമങ്ങളിൽ വന്നതോടെയാണ് ആദിത്യന്റെ രക്ഷാപ്രവർത്തനം കൂടുതൽ പേർ അറിഞ്ഞത്. ഇതോടെ വിവിധ മേഖലകളിൽ നിന്ന് ആദിത്യനെത്തേടി അഭിനന്ദനപ്രവാഹമാണ്.
ക്രഷറിൽ ജോലിചെയ്യുന്ന അമ്മാവന്റെ കൂടെ ടോറസിൽ യാത്രചെയ്തിട്ടുണ്ടെന്നും വണ്ടിയുടെ ആക്സിലറേറ്ററും ബ്രേക്കും ഏതെന്ന് തിരിച്ചറിയാമായിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. അതിനാലാണ് പെട്ടെന്ന് ഇടപെടാനായത്. ശ്രീഭൂതപുരം വാരിശ്ശേരി രാജേഷിന്റെയും മീരയുടേയും മകനാണ്.