മുന്നിലിരിക്കുന്ന കുട്ടിയുടെ മനസ്സ്പോലെ കൂടുതല്‍ അറിവ് സ്വീകരിച്ചു കൊണ്ടും അവ പകര്‍ന്ന് നല്‍കിയുമാകണം വരും തലമുറയെ ചിട്ടപ്പെടുത്തിയെടുക്കാൻ. അതിന് അധ്യാപക സംഗമം വഴിയൊരുക്കുെമെന്ന് വിദ്യാഭ്യാസ മന്ത്രി

May 16, 2022 - By School Pathram Academy

 

പഠിക്കുക പഠിപ്പിക്കുക എന്നതാവണം അധ്യാപക മുദ്രാവാക്യമെന്ന് മന്ത്രി വി.ശിവന്‍കുട്ടി;സംസ്ഥാനത്ത് എല്‍.പി വിഭാഗം അധ്യാപക പരിശീലനങ്ങള്‍ക്ക് തുടക്കം.

പഠിക്കുക പഠിപ്പിക്കുക എന്നതാവണം അധ്യാപക മുദ്രാവാക്യമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മുന്നിലിരിക്കുന്ന കുട്ടിയുടെ മനസ്സ്പോലെ കൂടുതല്‍ അറിവ് സ്വീകരിച്ചു കൊണ്ടും അവ പകര്‍ന്ന് നല്‍കിയുമാകണം വരും തലമുറയെ ചിട്ടപ്പെടുത്തിയെടുക്കാൻ. അതിന് അധ്യാപക സംഗമം ഉപകരിക്കട്ടെയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.പൂജപ്പുര ഗവ. യു.പി. സ്കൂളില്‍ എല്‍.പി വിഭാഗം അധ്യാപക സംഗമത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടന്നു വരുന്ന അധ്യാപക സംഗമങ്ങളില്‍ കോവിഡ് കാലം കുട്ടികളില്‍ സൃഷ്ടിച്ച വികാസ വിടവുകള്‍ പരിഹരിച്ച് സമഗ്രവികാസത്തിനുതകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ പ്രാപ്തമായ പദ്ധതികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധ്യാപകര്‍ മികച്ച പഠിതാക്കളായി മാറുവാനും അറിവുകള്‍ പരസ്പരം പകരാനും അധ്യാപക സംഗമങ്ങള്‍ ഉപകരിക്കട്ടെയെന്നും അതുവഴി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവച്ച അക്കാദമികാശയങ്ങള്‍ വിദ്യാലയങ്ങളില്‍ വിടരട്ടെയെന്നും മന്ത്രി ആശംസിച്ചു.

 

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കോവിഡ് കാരണം രണ്ടു വര്‍ഷക്കാലമായി അക്കാദമിക മേഖലയില്‍ ഉണ്ടായ വിദ്യാഭ്യാസ പ്രക്രിയകളിലെ വിടവുകള്‍ തിരിച്ചുപിടിക്കുക, ഔപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജവും ഒഴുക്കും പുന:സ്ഥാപിക്കുക എന്നിവയും അധ്യാപക സംഗമത്തിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളില്‍പ്പെടുന്നവയാണെന്ന് സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍ സുപ്രിയ ചടങ്ങിന് സ്വാഗതമാശംസിച്ച് പറഞ്ഞു . എല്ലാ വിഭാഗം കുട്ടികളെയും വിശിഷ്യാ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്തുള്ള വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ അധ്യാപക സംഗമങ്ങളില്‍ കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ജയപ്രകാശ് പറഞ്ഞു.

 

എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ തയാറാക്കിയ മൊഡ്യൂള്‍ അനുസരിച്ച് സമഗ്രശിക്ഷാ കേരളമാണ് സംസ്ഥാനത്ത് മെയ് 10 മുതല്‍ അധ്യാപക പരിശീലനങ്ങള്‍ സംഘടിപ്പിച്ച് വരുന്നത്. 79,584 എല്‍.പി. വിഭാഗം അധ്യാപകര്‍ അധ്യാപക പരിശീലനങ്ങളില്‍ പങ്കെടുക്കുന്നു. 672 കേന്ദ്രങ്ങളിലാണ് അധ്യാപക പരിശീലന സംഗമങ്ങള്‍ നടക്കുന്നത്. അധ്യാപക സംഗമങ്ങളില്‍ റസിഡന്‍ഷ്യല്‍ രീതിയിലും നോണ്‍ റസിഡന്‍ഷ്യല്‍ രീതിയിലും പരിശീലന പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യകളും നൂതന തന്ത്രങ്ങളും അറിവുല്പാദനത്തിന് പ്രയോജനപ്പെടുന്നതരത്തിലുമുള്ള സവിശേഷ പദ്ധതി പ്രര്‍ത്തനങ്ങളാണ് അധ്യാപക സംഗമങ്ങളില്‍ നടപ്പിലാക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനചടങ്ങില്‍ തിരുവനന്തപുരം ഡി.ഡി.ഇ എസ്.സന്തോഷ്കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജവാദ്, തിരുവനന്തപുരം ഡി.പി.സി ബി.ശ്രീകുമാരന്‍, സൗത്ത് ബി.പി.സി എ നജീബ്, പി.ടി.എ പ്രസിഡന്‍റ് മഹേഷ്കുമാര്‍, പ്രധാന അധ്യാപകന്‍ മാത്തുണ്ണി തുടങ്ങിയവര്‍ സന്നിഹിതരായി.

Category: News