മുറ്റത്തും വീട്ടുപറമ്പിലും റോഡരികിലും വീണുകിടക്കുന്ന മാവിലകളുെടെ വില കിലോക്ക് 150 രൂപ
കുറ്റ്യാട്ടൂർ : മുറ്റത്തും വീട്ടുപറമ്പിലും റോഡരികിലും വീണുകിടക്കുന്ന മാവിലകൾ കുറ്റ്യാട്ടൂരുകാരുടെ സന്തോഷമാണ്.
ഉണങ്ങിവീഴുന്ന മാവിലകൾ വരുമാന മാർഗമാണ് ഈ നാടിന്. ആഗോള വിപണിയിലും പ്രാദേശിക വിപണിയിലും തിളങ്ങുന്ന കുറ്റ്യാട്ടൂർ മാങ്ങക്ക് പിന്നാലെയാണ് മാവിലയുടെ വാണിജ്യസാധ്യതകൾ.
‘പഴുത്ത മാവിന്റെ ഇല കൊണ്ട് തേച്ചാൽ പുഴുത്ത പല്ലും കളഭം മണക്കും’ എന്ന ചൊല്ലിലെ ഔഷധഗുണങ്ങളെ ശരിവെക്കുന്നതാണ് മാവില ഉപയോഗിച്ചുള്ള പൽപ്പൊടി നിർമാണം.
നീലേശ്വരത്തെ വെൽനസ് നിക്കയെന്ന കമ്പനിയാണ് മാവില ശേഖരിച്ച് പൽപ്പൊടി നിർമാണം നടത്തുന്നത്. പഴുത്തതും ഉണങ്ങിയതുമായ ഇലകളാണ് പൽപ്പൊടി നിർമാണത്തിന് വേണ്ടത്. പേരുകേട്ട കുറ്റ്യാട്ടൂർ മാങ്ങയുടെ സവിശേഷതകളാണ് കമ്പനിയെ ഇവിടേക്ക് ആകർഷിച്ചത്.
കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ മാവില ശേഖരിച്ച് കിലോക്ക് 150 രൂപ പ്രകാരമാണ് കുടുംബശ്രീ പ്രവർത്തകരിൽനിന്ന് ശേഖരിച്ചത്.
രണ്ട് ഘട്ടങ്ങളായി ഒന്നരലക്ഷം രൂപയുടെ മാവില കമ്പനി വാങ്ങിക്കഴിഞ്ഞു. കുറ്റ്യാട്ടൂരിന്റെ വിവിധ ഭാഗങ്ങളിൽ സുലഭമായി ലഭിക്കുന്ന മാവിലയുടെ ആവശ്യവും ഉപയോഗവും വർധിച്ചാൽ വലിയ സാധ്യതകളാണ് തുറക്കുക.
മാവില വിപണിയുടെ കൂടുതൽ സാധ്യതകൾ തേടുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കുടുംബശ്രീ പ്രവർത്തകർ ശേഖരിച്ച മാവില പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി, വൈസ് പ്രസിഡന്റ് സി നിജിലേഷ് തുടങ്ങിയവർ ചേർന്ന് കൈമാറി.