രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, മതിയായ ഉറക്കം ലഭിക്കുക തുടങ്ങിയവ ശീലമാക്കുക. പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…
ഒന്ന്…
പ്രമേഹരോഗികൾ രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് നിർബന്ധമാക്കുക. വ്യായാമത്തിന് മുമ്പോ ശേഷമോ അല്ലെങ്കിൽ കാർ ഓടിക്കുന്നതിന് മുമ്പോ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടത് പ്രധാനമാണ് . പ്രത്യേകിച്ചും നിങ്ങൾ ഇൻസുലിൻ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുകയാണെങ്കിൽ.
രണ്ട്…
രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. രാവിലെ വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ദിവസം ഊർജ്ജസ്വലമായി ആരംഭിക്കാൻ സഹായിക്കുന്നു. മാത്രമല്ല, നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതും കലോറി കുറയ്ക്കുന്നതും ഉൾപ്പെടെ നിരവധി ഗുണങ്ങൾ വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നു.
മൂന്ന്…
പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ശീലമാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഇടയ്ക്കിടെ പോലും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
നാല്…
ദിവസവും രാവിലെ അൽപം സമയം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, നടത്തം മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നുണ്ട്.