“രക്ഷിതാക്കളറിയാൻ” നമ്മുടെ ഭാവിതലമുറ അപകട മുനമ്പിലാണ്.എന്റെ മക്കള്‍ സുരക്ഷിതരാണ്. അങ്ങനെയാണ് ഞാന്‍ അവരെ വളര്‍ത്തിയത്’- ഇങ്ങനെ കരുതി ഇനി ഒരു രക്ഷിതാവും സ്വയം വിഡ്ഢിയാകരുത്
“വളരെ ഉത്സാഹത്തോടെ സ്കൂളില്‍ പോകുകയും കൂട്ടുകാരും വീട്ടുകാരുമായി സന്തോഷത്തോടെ സമയം ചെലവിടുകയും ചെയ്ത അവന്‍ പെട്ടന്നാണ് ഒരുനാള്‍ മൂകനായി മാറിയത്. ഒന്നിലുമൊരു താൽപ്പര്യമില്ലായ്മ. നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടന്ന് പഠനത്തിലും പിന്നോക്കമായി. അങ്ങനെയാണ് അവനെ വീട്ടുകാര്‍ ഒരു ഡോക്ടറുടെ അടുത്തു കൊണ്ടുപോകുന്നത്. വിശദ പരിശോധനയിൽ കുട്ടി മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് മനസ്സിലായി. കൂടുതല്‍ അപകടങ്ങളിലേക്ക് വഴുതിവീഴും മുൻപ് കണ്ടെത്തിയതോടെ അവനെ പതിയെ സാധാരണജീവിതത്തിലേക്ക് മടക്കികൊണ്ട് വരാന്‍ സാധിച്ചു.”
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിച്ചു വരികയാണ്. മദ്യം, മയക്കു മരുന്ന്, പുകയില, ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. വളരെ സാവധാനമാണ് കുട്ടികള്‍ പലപ്പോഴും ലഹരിക്ക് അടിമപ്പെടുന്നത്. പലപ്പോഴും മോശം കൂട്ടുകെട്ടുകള്‍ തന്നെയാണ് ഇത്തരം സാഹചര്യങ്ങളില്‍ കൊണ്ടെത്തിക്കുന്നത്.
വീട്ടിലെ പ്രശ്നങ്ങള്‍, വിഷാദരോഗം, ടെന്‍ഷന്‍, പ്രണയനൈരാശ്യം, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍, കൂട്ടുകാരില്‍ നിന്നും കേട്ട നിറംപിടിപ്പിച്ച കഥകള്‍ കേട്ടുള്ള ആവേശം, അങ്ങനെ പല പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ ഇത്തരം കൂട്ടുകെട്ടുകളില്‍ പെട്ടെന്ന് ചെന്നുവീഴും.
ഇവരെ വല വീശി പിടിക്കാനായി സ്‌കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു.
എന്റെ മക്കള്‍ സുരക്ഷിതരാണ്. അങ്ങനെയാണ് ഞാന്‍ അവരെ വളര്‍ത്തിയത്’- ഇങ്ങനെ കരുതി ഇനി ഒരു രക്ഷിതാവും സ്വയം വിഡ്ഢിയാകരുത്.
മയക്കുമരുന്നിന്റെ കെണിയില്‍ ആരും പെട്ടുപോകാം; എത്ര ധാര്‍മിക ചുറ്റുപാടില്‍ വളരുന്ന കുട്ടിയാണെങ്കിലും. അത്രമേല്‍ ആസൂത്രിതമായ രീതിയിലാണ് മയക്കുമരുന്ന് കണ്ണികള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ഞെട്ടിക്കുന്നതാണ്.
വീടിന് പുറത്തിറങ്ങിയാല്‍, മയക്കുമരുന്നിന്റെ ചതിക്കുഴികള്‍ ഒളിച്ചിരിക്കാത്ത ഇടങ്ങള്‍ വളരെ കുറവ്. സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, തൊഴിലിടങ്ങള്‍, കളിസ്ഥലങ്ങള്‍, കവലകള്‍… തിരിച്ചറിയാന്‍ കഴിയാത്തവിധം ആ ചതിക്കുഴികള്‍ വ്യാപകമാണ്. മതകലാലയങ്ങള്‍ പോലും അതില്‍നിന്ന് മുക്തമല്ല.
പ്രശ്‌നത്തിന്റെ വ്യാപ്തി പഠിക്കാന്‍ തീരുമാനിച്ചാല്‍ നാം പകച്ചുപോകും. അന്വേഷിക്കും തോറും ആഴം കൂടിവരുന്ന ലഹരിയുടെ കാണാക്കയങ്ങള്‍. വലിയ അപകടത്തിന്റെ കാര്‍മേഘം നമ്മുടെ കുട്ടികളുടെ തലക്കുമുകളില്‍ ഉരുണ്ടുകൂടി നില്‍ക്കുന്നു. പ്രശ്‌നത്തിന്റെ ആഴം മനസ്സിലാകാത്തതുകൊണ്ടാവാം നമ്മുടെ മനസ്സ് അസ്വസ്ഥപ്പെടാത്തത്. ഓരോ ദിവസവും എത്രയെത്ര കുട്ടികളാണ് മയക്കുമരുന്നിന്റെ കെണിയില്‍ വീണുപോകുന്നത്! ലഹരിക്ക് ചികിത്സ തേടി ഡോക്ടര്‍മാരെ സമീപിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇത് വ്യക്തമാക്കുന്നുണ്ട്.
കുട്ടി ലഹരിക്ക് അടിമയായിട്ടുണ്ട് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഒരു വിദഗ്ധനായ ഡോക്ടറുടെയോ മാനസികരോഗവിദഗ്ധന്റെയോ സഹായം തേടണം. ഒന്നോര്‍ക്കുക ശകാരമോ കുറ്റപ്പെടുത്താലോ ദേഹോദ്രപവമോ വഴി ഇതിനു പരിഹാരം തേടാന്‍ പാടില്ല. നമ്മുടെ കൗമാരവും യുവത്വവും ലഹരിയുടെ കയങ്ങളിലേക്കു വീഴാതെ കാക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.
- ഉഴപ്പാനുള്ള പ്രവണത,
- പെട്ടെന്നുള്ള പൊട്ടിത്തെറി,
- പരസ്‌പര ബന്ധമില്ലാതെ ചിരിക്കുക,
- മനോവിഭ്രാന്തി,
- വിശപ്പില്‍ വരുന്ന മാറ്റങ്ങള്‍,
- വീട്ടില്‍ വന്ന് കയറുമ്പോള്‍ ശരീരത്ത് ഉണ്ടാകുന്ന മണത്തിലെ മാറ്റം
തുടങ്ങിയവയില്‍ മാതാപിതാക്കള്‍ സദാസമയവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കുട്ടികള്‍ക്ക് മാതാപിതാക്കളോട് എന്തും തുറന്ന് പറയുവാനുള്ള അന്തരീക്ഷം സൃഷ്‌ടിച്ചെടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ മാതാപിതാക്കള്‍ കുട്ടികളുടെ നല്ല സുഹൃത്തുക്കളായിരിക്കണം എന്നതാണ് വരും തലമുറയെ ലഹരിയുടെ ദുരുപയോഗത്തില്‍ നിന്ന് അകറ്റാനുള്ള ഉത്തമ മാര്‍ഗം.
- ”വീട്ടില്‍നിന്നാണ് തുടങ്ങേണ്ടത്. ഗൃഹാന്തരീക്ഷമാണ് മാറേണ്ടത്. മാതാപിതാക്കളും മക്കളും തമ്മില്‍ സൗഹാര്‍ദമുണ്ടാക്കുക എന്നതു തന്നെയാണ് ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ഏറ്റവും പ്രധാന പോംവഴി.”
- കുട്ടികള്‍ക്ക് സ്‌നേഹവും വാത്സല്യവും പരിഗണനയും വേണ്ടുവോളം നല്‍കണം.
- എന്തും എപ്പോഴും പരസ്പരം തുറന്നുപറയാന്‍ കഴിയുന്ന വിധം സുഹൃത്തുക്കളായി മാറണം രക്ഷിതാക്കളും മക്കളും.
- ലഹരിയെക്കുറിച്ച് പത്തു വയസ്സു മുതല്‍ തന്നെ മക്കളെ ബോധവല്‍ക്കരിക്കണം.
- ഇവ രണ്ടുമായി ബന്ധപ്പെട്ട ഏത് വൈകാരിക സംഘര്‍ഷവും തുറന്നുപറയാന്‍ മക്കള്‍ക്ക് അവസരം നല്‍കണം.
- എല്ലാ തലങ്ങളിലും ഫലപ്രദമായ ബോധവത്കരണം നിരന്തരം നടക്കണം.
- വിദ്യാലയങ്ങളിലും പരിസരങ്ങളിലും പി.ടി.എ തികഞ്ഞ ജാഗ്രത പുലര്‍ത്തണം.
- വിദ്യാര്‍ഥി-യുവജന കൂട്ടായ്മകള്‍, മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, മറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവരുടെ പ്രധാന അജണ്ടകളില്‍ ഒന്നായി മയക്കുമരുന്നിനെതിരായ പോരാട്ടം മാറാത്തിടത്തോളം നമ്മുടെ ഭാവിതലമുറ അപകട മുനമ്പിലാണ്.