രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന സ്‌കൂള്‍ യുവജനോത്സവവും കായികമേളയും ഇത്തവണ നടത്തും
രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന സ്‌കൂള്‍ യുവജനോത്സവവും കായികമേളയും ഇത്തവണ നടത്തും : മന്ത്രി. വി. ശിവന്‍കുട്ടി
കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന സ്‌കൂള്‍ യുവജനോത്സവവും കായികമേളയും ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ചപുതിയ കെട്ടിടത്തിന്റെയും മികവ് ഉത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതോടൊപ്പം പത്താം ക്ലാസ്സിലും പ്ലസ്ടുവിലും മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനികളെ മന്ത്രി അനുമോദിച്ചു.
12,000 ചതുരശ്രയടിയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച കെട്ടിടം രണ്ട് കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്.ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകള്‍ മുഴുവന്‍ ഇനി പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കും.
കെ. ആന്‍സലന്‍ എം. എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി. കെ. രാജ്മോഹന്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.