രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച്‌ സുപ്രീംകോടതിയുടെ ചരിത്രപരമായ ഇടപെടൽ

May 11, 2022 - By School Pathram Academy

ന്യൂഡൽഹി:

124 എ വകുപ്പിന്‌ കീഴിലുള്ള രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച്‌ സുപ്രീംകോടതിയുടെ ചരിത്രപരമായ ഇടപെടൽ.

കൊളോണിയൽ കാലത്ത്‌ നിലവിൽ വന്ന 132 വർഷങ്ങൾ പഴക്കമുള്ള 124 എ വകുപ്പ്‌ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അദ്ധ്യക്ഷനായ മൂന്നംഗബെഞ്ച്‌ മരവിപ്പിച്ചത്‌.

124 എ നിലനിർത്തണോ വേണ്ടയോ എന്ന വിഷയത്തിൽ ബന്ധപ്പെട്ട സമിതികൾ തീരുമാനമെടുക്കുന്നത്‌ വരെ കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരുകളോ ഈ വകുപ്പ്‌ ചുമത്തി കേസെടുക്കരുതെന്ന്‌ ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലി, സൂര്യകാന്ത്‌ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച്‌ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

124 എ വകുപ്പ്‌ ചുമത്തിയിട്ടുള്ള എല്ലാ കേസുകളും അപ്പീലുകളും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും സുപ്രീംകോടതി ഇനി ഒരുത്തരവ്‌ ഉണ്ടാകുന്നത്‌ വരെ മരവിപ്പിച്ചു. 124 എ ചുമത്തപ്പെട്ട്‌ ജയിലുള്ളവർക്ക്‌ ജാമ്യത്തിനായി ബന്ധപ്പെട്ട കോടതികളിൽ അപേക്ഷ നൽകാം. സുപ്രീംകോടതി ഉത്തരവിനെ അവഗണിച്ച്‌ ആർക്കെങ്കിലും എതിരെ ഈ വകുപ്പ്‌ ചുമത്തിയാൽ അവർക്കും ആശ്വാസത്തിനായി കോടതികളിൽ സമീപിക്കാം.

124 എ വകുപ്പിനൊപ്പം മറ്റ്‌ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി അധികൃതർക്ക്‌ മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി അറിയിച്ചു. 124 എ വകുപ്പിന്റെ കഠോരസ്വഭാവം ഈ കാലഘട്ടവുമായി യോജിച്ചുപോകുന്നതല്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. രാജ്യം കൊളോണിയൽ ഭരണത്തിന്‌ കീഴിലായിരുന്ന കാലത്താണ്‌ ഈ വകുപ്പ്‌ നിലവിൽ വന്നത്‌. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അത്‌ പുനഃപരിശോധിക്കണം. പരിശോധന പൂർത്തിയാകുന്നത്‌ വരെ 124 എ വകുപ്പ്‌ പ്രയോഗിക്കാതിരിക്കുന്നതാണ്‌ ഉചിതം.

കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരുകളോ ഈ വകുപ്പ്‌ ചുമത്തി കേസെടുക്കുന്നതും അന്വേഷണം തുടരുന്നതും മറ്റ്‌ നടപടികൾ സ്വീകരിക്കുന്നതും തൽക്കാലം നിർത്തിവെക്കണം–- സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ നിർദേശം നൽകി.

124 എ വകുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്‌ത്‌ നിരവധി രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ പ്രവർത്തകർ നൽകിയ ഹർജികളിലാണ്‌ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. 124 വകുപ്പ്‌ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. വകുപ്പ്‌ നിലനിർത്തണമെന്ന നിലപാടാണ്‌ കേന്ദ്രസർക്കാർ തുടക്കത്തിൽ സ്വീകരിച്ചിരുന്നത്‌. എന്നാൽ, പൗരാവകാശങ്ങൾ നിഷേധിക്കുന്ന വകുപ്പിന്‌ എതിരെയാണ്‌ കോടതി നിലപാടെന്ന്‌ മനസിലാക്കിയതോടെ സർക്കാർ മലക്കം മറിഞ്ഞു. നിയമം ബന്ധപ്പെട്ട സമിതികൾ പരിശോധിക്കുകയാണെന്നും അതുവരെ കോടതി ഇടപെടരുതെന്നും നിലപാട്‌ തിരുത്തി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട്‌ ഇപ്പോൾ ജയിലിൽ ഉള്ളവരുടെയും ഭാവിയിൽ ജയിലിലാകാൻ പോകുന്നവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്ന നിലപാടിൽ സുപ്രീംകോടതി ഉറച്ചുനിന്നു. ജൂലൈ മൂന്നാം വാരം സുപ്രീംകോടതി കേസ്‌ വീണ്ടും പരിഗണിക്കും.

Category: News