രോഗിയായ അച്ഛന്‍ കിടപ്പിലായപ്പോള്‍ പഠനം വഴിമുട്ടിയ സഹപാഠിയെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ‘കുട്ടിതട്ടുകട’ ഒരുക്കിയത്
കേരളത്തിലെ സാമൂഹികപരിഷ്‌കരണദൗത്യങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായകമായ അധ്യായമാണ് വി.ടി.ഭട്ടതിരിപ്പാട് രചിച്ച ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം.
അത് വേദിയിലെത്തി തൊണ്ണൂറ്റിമൂന്ന് വര്‍ഷത്തിന് ശേഷം അടുക്കള തന്നെ അരങ്ങാക്കി മാറ്റിക്കൊണ്ട് വലിയൊരു മാറ്റത്തിനായി മനസ്സുകളെ പാകപ്പെടുത്തുകയാണ് പ്രിയസുഹൃത്തും മൂവാറ്റുപുഴ എം.എല്‍.എയുമായ മാത്യു കുഴല്‍നാടന്‍. സ്വന്തം മണ്ഡലത്തില്‍ കുറച്ച് സ്‌കൂള്‍വിദ്യാര്‍ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് ‘കുട്ടിതട്ടുകട’ എന്ന ആശയത്തിലൂടെ മാത്യു വിളമ്പിയത് വലിയൊരു സന്ദേശമായിരുന്നു.
അതിന് മനുഷ്യത്വത്തിന്റെയും പാരസ്പര്യത്തിന്റെയും സമത്വത്തിന്റെയും രുചിയുണ്ട്. രോഗിയായ അച്ഛന്‍ കിടപ്പിലായപ്പോള്‍ പഠനം വഴിമുട്ടിയ സഹപാഠിയെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ‘കുട്ടിതട്ടുകട’ ഒരുക്കിയത്. മനുഷ്യമനസുകളിലേക്ക് ഏറ്റവും എളുപ്പം കടന്നുചെല്ലാവുന്നത് ഭക്ഷണത്തിലൂടെയാണ്. അങ്ങനെ അന്നം അപരനോടുള്ള അലിവിന്റെ ഉപാധിയായി മാറ്റിയ കുട്ടികളുടെ വലിയ ശ്രമത്തിന് കൂട്ടുനിന്നുകൊണ്ട് മാത്യു മുന്നോട്ടുവച്ചത് സവിശേഷമാതൃകയാണ്.
അതിലേക്ക് മാറിച്ചിന്തിക്കലിന്റെയും വഴിമാറിനടത്തത്തിന്റെയും ചേരുവകൂടി ചേര്‍ത്തുവെച്ചു എന്നതിലാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. നാലുദിവസങ്ങളില്‍ വൈകിട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ പ്രവര്‍ത്തിച്ച ‘കുട്ടിതട്ടുകട’ രാത്രികള്‍ പെണ്‍കുട്ടികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് വിളിച്ചുപറയുകയായിരുന്നു. ‘ഗേള്‍സ് നൈറ്റ് ഔട്ട്’ എന്ന ആശയം അങ്ങനെ മൂവാറ്റുപുഴയാറും കടന്ന് കേരളത്തിലെമ്പാടും ഒഴുകിപ്പരന്നു. ഒരു ചായക്കോപ്പയില്‍ നിന്നുയര്‍ന്ന മാറ്റത്തിന്റെ കൊടുങ്കാറ്റ്. അവിടേക്കെത്തിയ ആയിരങ്ങള്‍, രാവും പകലും ഭൂമിയും ആകാശവും ആരുടെയും കുത്തകയല്ല എന്ന് തെളിയിച്ചു.
കേരളത്തിലെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രമെഴുതുമ്പോള്‍ ഇനി മാത്യു കുഴല്‍നാടന്റെയും സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെയും ‘ഗേള്‍സ് നൈറ്റ് ഔട്ട്’ നക്ഷത്രം പോലെ തിളങ്ങിനില്‍ക്കും. ഇവിടെ ഞാന്‍ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളുമായ എന്റെ അനേകരായ സുഹൃത്തുക്കളുടെ ശ്രദ്ധ ഒരു കാര്യത്തിലേക്ക് ക്ഷണിക്കുന്നു. സിനിമാതാരങ്ങളെ കൊണ്ടുവന്നല്ല മാത്യുവും കുട്ടികളും ‘കുട്ടിതട്ടുകട’യിലേക്ക് ആളെക്കൂട്ടിയത്. സാധാരണ ഇത്തരം ശ്രമങ്ങളിലൊക്കെ സിനിമാതാരങ്ങളുടെ സാന്നിധ്യം സംഘാടകര്‍ ആഗ്രഹിക്കുന്നു. അവര്‍ വന്നാലേ പരിപാടി പൊലിക്കൂ എന്ന വിശ്വാസത്തിലാണിത്.
ദിവസേന എനിക്ക് കിട്ടുന്ന ഫോണ്‍കോളുകളുടെയും മെസേജുകളുടെയും വലിയൊരു പങ്കും ഇങ്ങനെ വിവിധ ചടങ്ങുകളിലേക്ക് സിനിമാതാരങ്ങളെ അന്വേഷിച്ചുകൊണ്ടും അതിനുള്ള സഹായം തേടിക്കൊണ്ടുമുള്ളതാണ്. അവരോടൊക്കെ ‘നിങ്ങള്‍ മൂവാറ്റുപുഴയിലേക്ക് നോക്കൂ’ എന്ന് പറയാനാഗ്രഹിക്കുന്നു. നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആശയമാണ് താരം. അത് ജനമനസ്സുകളെ കീഴടക്കിയെങ്കില്‍ പിന്നെ മറ്റെല്ലാം അപ്രസക്തം. ഒരിക്കല്‍ക്കൂടി മാത്യു കുഴല്‍നാടനും കുട്ടിസംഘത്തിനും അവര്‍ക്ക് പിന്തുണയേകിയ ഓരോരുത്തര്‍ക്കും ബിഗ് സല്യൂട്ട്. ‘ഗേള്‍സ് നൈറ്റ് ഔട്ട്’ കേരളം ഏറ്റെടുക്കട്ടെ…..