ലക്ഷ്യത്തിലെത്തിക്കാൻ സർക്കാർ പിടിമുറുക്കുന്നു. വാക്സീൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ ആർക്കും സൗജന്യ ചികിത്സ നൽകില്ല.
കോവിഡ് വാക്സിനേഷൻ ലക്ഷ്യത്തിലെത്തിക്കാൻ സർക്കാർ പിടിമുറുക്കുന്നു. വാക്സീൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ ആർക്കും സൗജന്യ ചികിത്സ നൽകില്ലെന്നു കോവിഡ് അവലോകന സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലല്ലാതെ വാക്സീൻ എടുക്കാത്തവർ ആഴ്ച തോറും സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തിയേ ജോലിക്ക് ഹാജരാകാവൂ. ഒമിക്രോൺ ഭീഷണി കൂടിയാണ് നിലപാടു കർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നിർബന്ധിത വാക്സിനേഷനു നിയമമില്ലാത്തതിനാലാണ് സമ്മർദ തന്ത്രമെന്ന നിലയിലുള്ള നീക്കം.
ഗുരുതര രോഗങ്ങൾ, അലർജി മുതലായ കാരണങ്ങളുള്ളവർ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവർക്ക് ആർടിപിസിആർ പരിശോധനയിൽ ഇളവു നൽകേണ്ടി വരും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കാനുള്ളവരെ കണ്ടെത്താൻ തദ്ദേശ സ്ഥാപന പ്രതിനിധികൾ ഗൗരവപൂർവം ഇടപെടണമെന്നാണു നിർദേശം. ഇന്നു മുതൽ 15 വരെ ആരോഗ്യവകുപ്പ് പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കും.