ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

May 20, 2022 - By School Pathram Academy

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 01.08.2022 ൽ 20-36 വയസ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിനായി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.

2022-23 വർഷത്തിൽ 30 പേർക്കാണ് സ്‌കോളർഷിപ്പ്. അഞ്ച് സീറ്റ് പട്ടികവർഗ വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ജൂൺ 10നകം നൽകണം. www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദാംശങ്ങൾക്ക്: 0471-2533272.

Category: News