ലോക സംസ്കൃത ദിനം ആഘോഷമാക്കി സൗത്ത് ചിറ്റൂർ സെൻറ് മേരീസ് യുപി സ്കൂളിലെ വിദ്യാർഥികൾ
മത്തൂർ സംസ്കൃത ഗ്രാമത്തിലേക്ക് സംസ്കൃത ഭാഷയിൽ കത്തുകൾ അയച്ച് ലോക സംസ്കൃത ദിനം ആഘോഷമാക്കി സൗത്ത് ചിറ്റൂർ സെൻറ് മേരീസ് യുപി സ്കൂളിലെ വിദ്യാർഥികൾ
എറണാകുളം സൗത്ത് ചിറ്റൂർ :
ശ്രാവണ മാസത്തിലെ പൗർണമി നാളിലാണ് ലോക സംസ്കൃത ദിനമായി ആഘോഷിക്കുന്നത്. ഭാരത പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായ സംസ്കൃത ഭാഷയുടെ പ്രാധാന്യം, ഇതിഹാസങ്ങളും പുരാണങ്ങളും തുടങ്ങി സംസ്കാരത്തിനും സാഹിത്യത്തിനും തത്വചിന്തക്കും നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. ഈ ഭാഷയുടെ പ്രചാരണമാണ് ഈ ദിനം ആഘോഷിക്കുന്നതിലൂടെ സമൂഹത്തിന് നൽകുന്ന സന്ദേശം.
ഭാരതത്തിലെ സംസ്കൃതം സംസാരിക്കുന്ന ഗ്രാമമായ കർണാടകയിലെ ഷിമോഗ ജില്ലയിലെ മത്തൂർ ഗ്രാമത്തിലുള്ള വിദ്യാർത്ഥികൾക്കും വിശിഷ്ട വ്യക്തികൾക്കും സംസ്കൃത ഭാഷയിൽ ആശംസ സന്ദേശങ്ങൾ നൽകി സംസ്കൃത ഭാഷയുടെ പ്രചാരണം നടത്തുകയാണ് ഈ വിദ്യാർത്ഥികൾ.
ദിനത്തിന്റെ പ്രാധാന്യത്തിലുള്ള വാക്യങ്ങളും ചിത്രങ്ങളും ചേർത്താണ് സന്ദേശങ്ങൾ അയക്കുന്നത്.
സാങ്കേതിക വിദ്യ പുരോഗമിച്ചു നിൽക്കുന്ന ഈ കാലഘട്ടത്തിലും കത്തുകളിലൂടെ ആശയവിനിമയം നടത്തി മാതൃകയാകുന്നു.
സംസ്കൃത ഭാഷയിൽ ആദ്യമായാണ് വിദ്യാർത്ഥികൾ ഇത്തരം കത്തുകൾ അയക്കുന്നത് അതും കേരളത്തിന് പുറത്തേക്ക് എന്നതാണ് പ്രത്യേകത.
സംസ്കൃത അധ്യാപകനായ അഭിലാഷ് ടി പ്രതാപ് ആണ് മത്തൂരിലെ ആളുകളുടെ വിലാസം ശേഖരിച്ച് വിദ്യാർഥികൾക്ക് നൽകിയത്.
സംസ്കൃത അസംബ്ലിയോട് കൂടിയാണ് സംസ്കൃത ദിനത്തിന് ആരംഭം കുറിച്ചത്. അസംബ്ലിയിൽ വിദ്യാർത്ഥികൾ സംസ്കൃതത്തിൽ ഉള്ള പ്രതിജ്ഞ ഗാനാലാപനം പദ്യം ചൊല്ലൽ, പോസ്റ്റർ തുടങ്ങി ഭാഷയെ പരിപോഷിപ്പിക്കുന്ന വിവിധ പരിപാടികൾ നടത്തി.
വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ ജിബിൻ ജോയ് പരിപാടിക്ക് പരിപൂർണ്ണ പിന്തുണ നൽകി.