വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്‌റ്റ്‌ ബസിലെ ഡ്രൈവർ പിടിയിൽ . ആദ്യം ഇയാൾ അധ്യാപകനാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്

October 06, 2022 - By School Pathram Academy

പാലക്കാട്‌ :

വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്‌റ്റ്‌ ബസിലെ ഡ്രൈവർ പിടിയിൽ.

കൊല്ലത്ത്‌ നിന്നാണ്‌ ഡ്രൈവർ ജോമോൻ പത്രോസ്‌ പിടിയിലായത്‌. തിരുവനന്തപുരത്തേക്ക്‌ രക്ഷപ്പെടുന്നതിനിടെ ചവറ പൊലീസാണ്‌ ജോമോനെ പിടികൂടിയത്‌.

വിദ്യാർഥികളടക്കം ഒമ്പത്‌ പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‌ ശേഷം ഡ്രൈവർ മുങ്ങുകയായിരുന്നു. ചവറ ശങ്കര മംഗലത്ത്‌ നിന്നുമാണ്‌ ജോമോനെ പിടികൂടിയത്‌. കൂടുതൽ വിവരങ്ങൾ തേടാനായി ഡ്രൈവറെ വടക്കഞ്ചേരിയിലേക്ക്‌ കൊണ്ടുപോയി.

അപകട ശേഷം വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിലായിരുന്നു ജോമോൻ ചികിത്സ തേടിയത്. എന്നാൽ ജോജോ പത്രോസ് എന്ന പേരാണ് ആശുപത്രിയിൽ നൽകിയത്.

പൊലീസുകാരാണ് ജോമോനെ ആശുപത്രിയിലെത്തിച്ചത്. കൈയിലും കാലിലും നിസാര പരിക്കേ ഉണ്ടായിരുന്നുള്ളൂ. എക്‌സ് റേ എടുത്ത് പരിശോധിച്ചിരുന്നു. ചികിത്സ തേടിയ ശേഷം ഇ‍യാളെ ആശുപത്രിയിൽ നിന്ന് കാണാതാവുകയായിരുന്നു.

 

ആദ്യം ഇയാൾ അധ്യാപകനാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പിന്നീടാണ് ഡ്രൈവറാണെന്ന് വ്യക്തമാക്കിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പട്ടികയിൽ ജോമോന്‍റെ പേര് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മുങ്ങിയതാണെന്ന് വ്യക്തമായത്.

Category: News