വടക്കേക്കര ഇനി ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്
വടക്കേക്കര ഇനി ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്
ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ പ്രവേശനോത്സവം നടത്തി
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ (ബി ആർ സി ) പ്രവേശനോത്സവം നടത്തി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
16 വയസിനു മുകളിലുള്ള ഭിന്നശേഷിക്കാർക്കായി ഒരുക്കിയ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിൽ കുട്ടികളുടെ ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം എന്നിവയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിൻ്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ഒമ്പതാം വാർഡിലെ മടപ്ലാത്തുരുത്തിലാണ് ബിആർസി നിർമിച്ചിരിക്കുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും തൊഴിൽ ചെയ്ത് ഉപജീവനം കണ്ടെത്താൻ കഴിയുന്ന രീതിയിലാണ് ഇവിടത്തെ സിലബസ് രൂപപ്പെടുത്തിയിരിക്കുന്നത്.
ഭിന്നശേഷിക്കാരെയും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരെയും സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടു കൂടി തൊഴിൽ പരിശീലനവും ഒപ്പം തൊഴിലധിഷ്ഠിത പുനരധിവാസവും സാധ്യമാക്കുക, ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ, കായിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലും കൂടാതെ വളരെ പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ ദൈനം ദിന നൈപുണികൾ വികസിപ്പിക്കുന്നതിലും ആവശ്യമായ ഇടപെടലുകൾ നടത്തുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്.
വിദ്യാർത്ഥികൾക്ക് പുറമെ ശാരീരികവെല്ലുവിളി നേരിടുന്ന നിർധനരായ ആളുകൾക്കും ആവശ്യമായ തെറാപ്പി സംവിധാനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുക എന്ന ലക്ഷ്യം കൂടി ബിആർസിക്കുണ്ട്. കൂടാതെ മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്നവർക്ക് കൃഷി അടിസ്ഥാനമാക്കി ചെയ്യുന്ന ചികിത്സാ രീതിയായ അഗ്രികൾചർ തെറാപ്പിയും ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിൽ ഒരുക്കുന്നു. ഫിസിയോതെറാപ്പി റൂം, വൊക്കേഷണൽ ക്ലാസ്സ് റൂം, ഓഫീസ്, അടുക്കള, ശുചിമുറി, റാംപ് എന്നിവ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ സഫീറ മുഖ്യപ്രഭാഷണം നടത്തി. സിനിമ മിനി സ്ക്രീൻ ആർട്ടിസ്റ്റ് പി.ടി. രാജേഷ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ മിനി വർഗിസ്, ടി. സി. ജോസഫ്, ബീന രത്നൻ, പഞ്ചായത്ത് അംഗം സൈബ സജീവ്, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, അസിസ്റ്റൻ്റ് സെക്രട്ടറി കെ.പി ജസീന്ത, പറവൂർ എ.ഇ.ഒ സി.എസ്. ജയദേവൻ, സി.ഡി.പി.ഒ മിനി ദാമോധരൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ചിത്രലേഖ, ബി.ആർ.സി അധ്യാപിക കെ.ബി. ഹീതുലക്ഷ്മി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.