വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നിരവധി മരണം.ചൂരല്‍മല സ്‌കൂളിന് സമീപവും ഉരുള്‍പൊട്ടി

July 30, 2024 - By School Pathram Academy

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നിരവധി മരണം . 2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് സമീപമുള്ള ചൂരല്‍മലയിലാണ് ഉരുള്‍പൊട്ടിയത്.

ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. രണ്ടുതവണ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകളും സ്‌കൂളും തകര്‍ന്നതായാണ് വിവരം. നാനൂറിലധികം പേരാണ് ഒറ്റപ്പെട്ടത്. പുലര്‍ച്ച ഒരുമണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. പിറകെ നാലുമണിയോടെ ചൂരല്‍മല സ്‌കൂളിന് സമീപവും ഉരുള്‍പൊട്ടി.

ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യമാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ എത്തിപ്പെടാനാവാത്ത സ്ഥിതിയിലാണ്. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യത്തിന്റെ സഹായം തേടുമെന്നാണ് വിവരം. നിരവധി ആളുകള്‍ വീടിനു മുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനിടയില്‍ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി.

 

വയനാട് ചുരൽമല, മുണ്ടക്കൈ യിലെ ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിൽ വലിയ തോയിൽ ജലവിതാനം ഉയരുന്നുണ്ട്‌. വെള്ളിലമാട് അമ്പിട്ടാൻ പോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം ഏരിയകളിൽ വെള്ളം കയറി. ഇവിടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുകയാണ്.

ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണം.

 

Category: News