വരുന്നു… വാട്സ് ആപ്പിൽ പുതിയ നീക്കങ്ങൾ

April 15, 2022 - By School Pathram Academy

ഗ്രൂപ് വോയ്‌സ് കോളുകളിൽ 32 പേർക്ക് ഒരുമിച്ച് ചേരാനും രണ്ട് ജിബി വരെയുള്ള ഫയലുകൾ പങ്കിടാനും അനുവദിക്കുമെന്ന് വാട്സ്ആപ് വ്യാഴാഴ്ച അറിയിച്ചു.

ഇതിന് പുറമെ നിരവധി സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും വാട്സ്ആപ് സംസാരിച്ചു. നിലവിൽ വാട്സ്ആപ് വഴി ഒരു ഗ്രൂപ് വോയ്‌സ് കോളിലേക്ക് എട്ട് പേരെ മാത്രമേ ചേർക്കാൻ പറ്റുകയുള്ളൂ. ഒരു ഉപഭോക്താവിനും ഒരു ജിബിയിൽ കൂടുതൽ വലിപ്പമുള്ള ഫയലുകൾ മറ്റേതെങ്കിലും ഉപയോക്താവുമായി പങ്കിടാനും കഴിയില്ല.

ഇതോടൊപ്പം ഗ്രൂപ് അഡ്മിൻമാർക്ക് ഏത് സമയത്തും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനും അനുവദിക്കും. നീക്കം ചെയ്ത ഉള്ളടക്കം ഗ്രൂപിലെ ഒരു അംഗത്തിനും ദൃശ്യമാകില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.

ഫീഡ്‌ബാക്, വലിയ ഫയൽ പങ്കിടൽ, വലിയ ഗ്രൂപ് കോളുകൾ എന്നിവയുൾപെടെ ഞങ്ങൾ വാട്സ്ആപിലെ ഗ്രൂപുകളിൽ പുതിയ സവിശേഷതകളും ചേർക്കുന്നുവെന്ന് മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ സിഇഒ മാർക് സകർബർഗ് ഒരു പോസ്റ്റിൽ പറഞ്ഞു. അതേസമയം, ഈ പുതിയ ഫീചറുകൾ വാട്സ്ആപിൽ എപ്പോൾ ചേർക്കും എന്നതിനെക്കുറിച്ച് കമ്പനി ഒരു വിവരവും നൽകിയിട്ടില്ല. അധികം വൈകില്ലെന്നാണ് സൂചന.

Category: News