വല്ലാത്ത ലോകത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. ചിറകിന്‌ ചോട്ടിൽ വെച്ച്‌ വളർത്തുന്ന മക്കളാണ്‌ പറക്കമുറ്റും മുന്നേ ഇതിനെല്ലാം മുതിരുന്നത്. ‘എന്റെ കുട്ടി ഇതൊന്നും ചെയ്യില്ല’ എന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസ മൊക്കെ കാറ്റിൽ പറത്തി…

August 11, 2022 - By School Pathram Academy

ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചെന്നും അതുപയോഗിക്കാൻ ആ കുട്ടിയെ പ്രേരിപ്പിച്ച സഹപാഠി മറ്റനേകം കുട്ടികളെയും ഇതിനു പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്നും വാർത്ത.

 

വല്ലാത്ത ലോകത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. ചിറകിന്‌ ചോട്ടിൽ വെച്ച്‌ വളർത്തുന്ന മക്കളാണ്‌ പറക്കമുറ്റും മുന്നേ ഇതിനെല്ലാം മുതിരുന്നത്. ‘എന്റെ കുട്ടി ഇതൊന്നും ചെയ്യില്ല’ എന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസ മൊക്കെ കാറ്റിൽ പറത്തി ഓരോ ദിവസവും പുതിയ കഥകൾ പുറത്ത്‌ വന്നുകൊണ്ടേയിരിക്കുന്നു.

എവിടെയാണ്‌ നമുക്ക്‌ പിഴക്കുന്നത്‌? എവിടെയൊക്കെയാണ്‌ തിരുത്തലുകൾ ആവശ്യം വരുന്നത്‌?

മക്കളോട്‌ പ്രകടമായ സ്‌നേഹവും അടുപ്പവും കാണിക്കുക. അവരോട് തുറന്ന്‌ സംസാരിക്കുക.

അവരുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ മാത്രമുള്ള അടുപ്പം സൃഷ്‌ടിക്കുക.

ലാളന അധികമാകാതെ ‘നോ’ പറയേണ്ടിടത്ത്‌ നോ പറഞ്ഞ്‌ തന്നെ ശീലിപ്പിക്കുക.

നിങ്ങൾ ദൂരെയാണെങ്കിൽപ്പോലും നിത്യവും വീഡിയോ കോൾ ചെയ്‌തും ഫോണിൽ വിളിച്ചും കൂടെയുണ്ടെന്ന ബോധ്യം സൃഷ്‌ടിക്കുക.

അവർക്ക് തിരിച്ചും എന്തും തുറന്ന് സംസാരിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക, നിലനിർത്തുക.

പണം കൈയിൽ കൊടുക്കുന്നുവെങ്കിൽ അത്‌ എന്തിന്‌ ചിലവാക്കുന്നു എന്ന്‌ കൃത്യമായി ചോദിച്ച്‌ മനസ്സിലാക്കുക.

ലൈംഗിക അതിക്രമങ്ങൾ തിരിച്ചറിയാനും പ്രതികരിക്കാനും ഉതകുന്ന രീതിയിൽ അതത് പ്രായത്തിനനുസരിച്ച് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകുക.

ആവർത്തിക്കുന്നു, മദ്യവും മയക്കുമരുന്നും ലൈംഗികാതിക്രമങ്ങളും എന്റെ കുഞ്ഞിനെ ബാധിക്കില്ല എന്ന്‌ കരുതേണ്ട. നമ്മുടെ കുഞ്ഞാണ്‌ എന്നത്‌ കൊണ്ട്‌ ഈ കെടുതികളൊന്നും അവരെ സ്‌പർശിക്കാതെ മാറി നിൽക്കണമെന്നില്ല.

കാലം വല്ലാത്തതാണ്‌. മക്കൾ നന്നായിരിക്കാൻ അവരെ കൃത്യമായി പ്രാപ്തരാക്കിയേ പറ്റൂ…

 

– Dr. Shimna Azeez

Category: News