വായനയെ പി എൻ പണിക്കരുടെ പേരിൽ ചാർത്തിക്കൊടുക്കുമ്പോൾ അതിശയോക്തിയും ചരിത്ര നിഷേധവും പാടില്ല … വിദ്യാലയങ്ങൾ വായനദിനവുമായി ബന്ധപ്പെട്ട് പി എൻ പണിക്കരാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എന്ന് പറയാറുണ്ട്. അതെത്ര മാത്രം ശരിയാണ് ?

June 23, 2022 - By School Pathram Academy
  • TP കലാധരൻ Fb പേജിൽ കുറിച്ചത്…

വായനയെ പി എൻ  പണിക്കരുടെ പേരിൽ ചാർത്തിക്കൊടുക്കുമ്പോൾ അതിശയോക്തിയും ചരിത്ര നിഷേധവും പാടില്ല
…………..
വിദ്യാലയങ്ങൾ വായനദിനവുമായി ബന്ധപ്പെട്ട് പി എൻ പണിക്കരാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എന്ന് പറയാറുണ്ട്.
അതെത്ര മാത്രം ശരിയാണ്?

1945 ലാണ് അമ്പലപ്പുഴയിൽ ഗ്രന്ഥശാലാ സംഘ രൂപീകരണ യോഗം നടക്കുന്നത്. അതിനും മുമ്പ്
1937 ജൂണ്‍ 11ന് മലബാറിൽ
അഖില മലബാര്‍ വായനശാലാ സംഘം രൂപീകരിച്ചിരുന്നു. രൂപവത്കരണവേളയില്‍ 150ഓളം ഗ്രന്ഥശാലകളില്‍നിന്നായി മുന്നൂറോളം പ്രതിനിധികളും പങ്കെടുത്തു.
കെ. ദാമോദരന്‍ കണ്‍വീനറായ മലബാര്‍ ഗ്രന്ഥശാലാ സംഘം പിന്നീട് 1943ല്‍ കേരളത്തിലെ മുഴുവന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും ചേര്‍ത്ത് കേരള ഗ്രന്ഥാലയ സംഘത്തിന് രൂപംനല്‍കി
1943 ഡിസംബര്‍ ഒന്നിന് കേരള ഗ്രന്ഥാലയ സംഘം രജിസ്റ്റര്‍ ചെയ്തു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഗ്രന്ഥശാലാ നേതാക്കന്മാര്‍ ഉള്‍പ്പെട്ടതായിരുന്നു കേരള ഗ്രന്ഥാലയ സംഘത്തിൻ്റെ ഭരണസമിതി. പ്രഫ. എസ്. ഗുപ്തന്‍ നായര്‍, കുട്ടനാട് രാമകൃഷ്ണപിള്ള, ഡോ. ഗോദവര്‍മ എന്നിവര്‍ തിരുവിതാംകൂറിനെയും പനമ്പിള്ളി ഗോവിന്ദമേനോന്‍, പ്രഫ. ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ കൊച്ചിയെയും പ്രതിനിധാനംചെയ്ത് ആ ഭരണസമിതിയില്‍ അംഗങ്ങളായി.

“എന്നിട്ടും എന്തിനാണ് 1945 സെപ്റ്റംബര്‍ 14ന് തിരുവിതാംകൂറിന് മാത്രമായി ഒരു ഗ്രന്ഥശാലാ പ്രസ്ഥാനം രൂപവത്കരിക്കുന്നത് എന്ന ചോദ്യം ചിലരെങ്കിലും അക്കാലത്തുതന്നെ ഉയര്‍ത്തിയിരുന്നു ”

ഇനി പി എൻ പണിക്കരിലേക്ക് വരാം

അമ്പലപ്പുഴയിലെ കരൂർ പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് പി.കെ.വിലാസം ലൈബ്രറി തുടങ്ങിയെങ്കിലും ആറുമാസമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീട് കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിൽ നിന്ന് പ്രൈമറി സ്കൂൾ അധ്യാപകനായി അമ്പലപ്പുഴയിലെത്തിയ പി.എൻ. പണിക്കർ ന്റെ നേതൃത്വത്തിൽ ഈ വായനശാല പുനരാരംഭിക്കുകയാണുണ്ടായത്

1945 ൽ അമ്പലപ്പുഴയിലെ സാഹിത്യപഞ്ചാനന തീയേറ്ററിൽ വച്ചു നടന്ന തിരുവതാംകൂർ ഗ്രന്ഥശാലാസംഘ രൂപീകരണയോഗത്തിൽ പി.എൻ. പണിക്കരെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
കേരളത്തിൽ ആദ്യം രൂപീകരിക്കപ്പെട്ട ഗ്രന്ഥശാല അല്ലെങ്കിൽ കൂടിയും ഗ്രന്ഥശാലകളുടെ രജിസ്ട്രേഷനിൽ ഒന്നാം നമ്പർ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയ്ക്ക് ലഭിച്ചു. താൻ നേതൃത്വം നൽകി രൂപീകരിച്ച ഗ്രന്ഥശാലാ സംഘത്തിൽ ഏറ്റവും പഴയ ഗ്രന്ഥശാലകൾക്ക് ആദ്യ രജിസ്ട്രേഷൻ നമ്പർ നൽകാനല്ല തൻ്റെ വായനശാലക്ക് ആദ്യ നമ്പർ നൽകാനാണ് പണിക്കർ തീരുമാനിച്ചത്.

തിരുവനന്തപുരത്ത് 1829-ൽ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. രാജകുടുബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ഗ്രന്ഥശാല, പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു.

രാജകീയ ഗ്രന്ഥശാലകളിൽ നിന്നും ജനകീയ ഗ്രന്ഥശാലകളിലേക്ക്.

1894ല്‍ വഞ്ചിയൂരിലെ കുന്നുംപുറത്ത് സ്ഥാപിതമായ സുഗുണപോഷിണിയാണ് പൊതുജനങ്ങളാല്‍ സ്ഥാപിതമായ ആദ്യത്തെ ഗ്രന്ഥശാല. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജ്ഞാനപ്രദായിനി ഗ്രന്ഥശാല, ചെങ്ങന്നൂര്‍ മുരുകന്‍കാവില്‍ ശങ്കരവിലാസം ഗ്രന്ഥശാല, കീഴ്ക്കര വൈ.എം.സി.എ ഗ്രന്ഥശാല, തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല, ഓച്ചിറ രാജാരാജവര്‍മ ഗ്രന്ഥശാല, കണ്ടിയൂര്‍ വിജ്ഞാനപ്രദായിനി ഗ്രന്ഥശാല, കാരാപ്പുഴ ഭാരതീവിലാസം ഗ്രന്ഥശാല തുടങ്ങി 1945 ആയപ്പോഴേക്കും 160ലധികം ലൈബ്രറികള്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ടു. ഈ ലൈബ്രറികളെ കൂട്ടിയോജിപ്പിക്കാനുള്ള പരിശ്രമങ്ങളുമുണ്ടായി
1940-ൽ ഗ്രാമീണ വായനശാല പനമ്പുകാട് സ്ഥാപിതമായി. എറണാകുളം ജില്ലയിലെ വല്ലാർപാടം- പനമ്പുകാട് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണ്.

പറഞ്ഞു വന്നത് കേരളത്തിലെ ഗ്രന്ഥശാലാ സംവിധാനത്തിന് പണിക്കർക്കു മുമ്പേ ശക്തമായ അടിത്തറയുണ്ടായിരുന്നു എന്നാണ്
അമ്പലപ്പുഴയിലെ തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം ഉദ്ഘാടനം ചെയ്യുന്നത് സർ സി പിയാണ്.
“ഉത്തരവാദപ്രക്ഷോഭണം കത്തിനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ ഏകാധിപത്യപ്രവണത പ്രകടമാക്കുന്ന ഒരു ഭരണാധികാരിയെക്കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്യിക്കുന്നതില്‍ ആത്മാഭിമാനമുള്ള ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ അമര്‍ഷമുള്ളവരായിരുന്നു.” എന്ന് ഒരു പത്രം എഴുതിയിട്ടുണ്ട്.
എന്നാൽ മലബാറിലെ ഗ്രന്ഥശാലാ പ്രസ്ഥാനം നവോത്ഥാന, പുരോഗമനരാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നു. 1934-40 കാലയളവിൽ
കെ.പി.സി.സി സെക്രട്ടറിയായിരുന്ന ഇ.എം.എസ് ഗ്രാമപ്രദേശങ്ങളില്‍ ഗ്രന്ഥശാലകള്‍ രൂപവത്കരിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനംചെയ്തു. കെ. ദാമോദരനെപ്പോലെയുള്ളവരും സജീവമായി ഇറങ്ങി. അങ്ങനെ വായനാ സംസ്കാരവും രാഷ്ട്രീയ ബോധവികാസവും വളർന്നു വന്ന പ്രദേശമാണ് മലബാർ എന്നത് മലബാറുകാരും മറക്കാതെ കുട്ടികളോടു പറയണം

ഇത്രയും സൂചിപ്പിച്ചതു കൊണ്ട് പണിക്കരുടെ ഇടപെടൽ ചെറുതാകുന്നില്ല.
അദ്ദേഹം ആദരിക്കപ്പെടേണ്ട വ്യക്തി തന്നെ.

പറയുമ്പോൾ ചരിത്രത്തെ തമസ്കരിക്കരുതെന്നു മാത്രം

Category: News