വിദൂരതയില്‍ കോടമഞ്ഞ് നിറഞ്ഞ മലനിരകളും താഴെക്ക് കുത്തനെയൊഴുകുന്ന ചെറു അരുവികളും മഞ്ഞില്‍ കുളിരണിഞ്ഞ താഴ്‌വരകളും അലസമായ നടക്കുമ്പോള്‍ കൈയ്യെത്തുന്ന അകലത്തില്‍ നിന്ന് ഒരു ആപ്പിളോ, ഓറഞ്ചോ, മാതളമോ ഒക്കെ പൊട്ടിച്ച് കഴിക്കാനും ഒക്കെ കഴിയുന്ന ഒരിടം. കേട്ടിട്ട് ഇത് കാശ്മീരിലെയോ ഹിമാചല്‍പ്രദേശിലെയോ ഏതെങ്കിലും സ്ഥലമാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. കേരളത്തിന്റെ കാശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ ആപ്പിള്‍ താഴ് വരയിലേക്ക് ഒരു യാത്ര പോകൂ…

April 30, 2022 - By School Pathram Academy

വിദൂരതയില്‍ കോടമഞ്ഞ് നിറഞ്ഞ മലനിരകളും താഴെക്ക് കുത്തനെയൊഴുകുന്ന ചെറു അരുവികളും മഞ്ഞില്‍ കുളിരണിഞ്ഞ താഴ്‌വരകളും അലസമായ നടക്കുമ്പോള്‍ കൈയ്യെത്തുന്ന അകലത്തില്‍ നിന്ന് ഒരു ആപ്പിളോ, ഓറഞ്ചോ, മാതളമോ ഒക്കെ പൊട്ടിച്ച് കഴിക്കാനും ഒക്കെ കഴിയുന്ന ഒരിടം. കേട്ടിട്ട് ഇത് കാശ്മീരിലെയോ ഹിമാചല്‍പ്രദേശിലെയോ ഏതെങ്കിലും സ്ഥലമാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. കേരളത്തിന്റെ കാശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ ആപ്പിള്‍ താഴ്വരയായ കാന്തല്ലൂരിനെക്കുറിച്ചാണ് പറഞ്ഞുവന്നത്.

 

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കാന്തല്ലൂര്‍ . കുറച്ചുകൂടി വ്യക്തമാക്കിയാല്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കാന്തല്ലൂര്‍. മനംകുളിര്‍പ്പിക്കുന്ന ശാന്തമായ കാലാവസ്ഥയാലും ഹൃദയം നിറയ്ക്കുന്ന പ്രകൃതിഭംഗിയാലും പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

 

മനോഹരമായ ഭൂപ്രകൃതിയാണ് കാന്തല്ലൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കി മാറ്റുന്നത്. കാന്തല്ലൂരില്‍ വിളയുന്ന ആപ്പിള്‍ വളരെ പ്രശസ്തമാണ്. ഇവിടുത്തെ ആപ്പിള്‍ താഴ്‌വരയിലൂടെയുള്ള ചെറുനടത്തതിനും തോട്ടത്തില്‍ നിന്ന് തന്നെ നേരിട്ട് ആപ്പിള്‍ മേടിക്കാനും മരത്തില്‍ നിന്ന് പറിച്ചെടുക്കാനും ഒട്ടേറപേര്‍ ഇവിടെയെത്താറുണ്ട്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യത്തോടൊപ്പം ഒരു ഹിമാലയന്‍ താഴ്‌വരയിലെ പോലെയുള്ള ഭൂപ്രകൃതിയും കാന്തല്ലൂരിനെ അവിസ്മരണീയമാക്കുന്നു. ആപ്പിള്‍കാലത്താണ് ഇവിടെ പ്രധാനമായും സഞ്ചാരികള്‍ എത്തുന്നത്.ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ വിളഞ്ഞു പാകമാകുന്നത്. തോട്ടം ഉടമകള്‍ ഓണക്കാലം കൂടി കണക്കാക്കി പഴങ്ങള്‍ മരങ്ങളില്‍ തന്നെ നിലനിര്‍ത്താറുണ്ട്. ഈ സീസണില്‍ പോയാല്‍ സഞ്ചാരികള്‍ക്ക് തോട്ടങ്ങളില്‍ നിന്ന് ആപ്പിള്‍ നേരിട്ട് പറിച്ച് വാങ്ങാന്‍ സാധിക്കും. ഡിസംബര്‍ അവസാനം, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എത്തിയാല്‍ ആപ്പിള്‍ മരങ്ങള്‍ പൂവിട്ട് നില്‍ക്കുന്ന നല്ല കാഴ്ചകള്‍ കാണാന്‍ സാധിക്കും. ഇവിടെ ഗ്രീന്‍ ആപ്പിളുകളുടെ തോട്ടങ്ങളുമുണ്ട്. പെരുമല, പുത്തൂര്‍, കുളച്ചിവയല്‍ എന്നിവിടങ്ങളിലാണ് ആപ്പിള്‍ തോട്ടങ്ങള്‍ കൂടുതലായി കാണുന്നത്.

 

സമുദ്രനിരപ്പില്‍ നിന്ന് 1,525 മീറ്റര്‍ (5,003 അടി) ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശത്തെ ശരാശരി താപനില 18 ഡിഗ്രിയാണ്. ശൈത്യകാല പച്ചക്കറികളും ഫലങ്ങളും വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. കേരളത്തിലെ മറ്റ് ഭാഗങ്ങളില്‍ കൃഷി ചെയ്യാത്ത ആപ്പിള്‍, ഓറഞ്ച്, പ്ലംസ്, പീച്ച്, മറ്റ് പലതരം പഴങ്ങള്‍ക്കും ഫലങ്ങളും പച്ചക്കറികളും കാന്തല്ലൂരില്‍ വിപണിയടിസ്ഥാനത്തില്‍ വിളവെടുക്കുന്നുണ്ട്. മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്‌ലവര്‍, കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

 

 

കാന്തല്ലൂരിന് ചുറ്റുമുള്ള നിത്യഹരിത വനമായ ആനമുടി ഷോളായി ദേശീയോദ്യാനം (മുമ്പ് മന്നവന്‍ ചോല സംരക്ഷിതവനം) നല്ലൊരു അനുഭവമായിരിക്കും നല്‍കുക. പട്ടിശ്ശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ എന്നിവയാണ് കാന്തല്ലൂരിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഇവിടുത്തെ വൈവിധ്യമാര്‍ന്ന കൃഷിത്തോട്ടങ്ങളിലൂടെയുള്ള സഞ്ചാരം അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. ഇവിടെ നിന്ന് ഏകദേശം 50 കി.മീ അകലെയാണ് മൂന്നാര്‍ . വട്ടവട, പാമ്പാടും ചോല, മതികെട്ടാന്‍ ചോല, ഇരവികുളം ദേശീയോദ്യാനം, ആനമുടി ചോല, ചിന്നാര്‍, കുറിഞ്ഞിമല തുടങ്ങിയ പ്രദേശങ്ങള്‍.

 

മൂന്നാര്‍ – മറയൂര്‍ വഴി ഉദുമല്‍പേട്ടിലേക്ക് പോകുന്ന സംസ്ഥാനപാത 17, മാട്ടുപ്പെട്ടി അണക്കെട്ട് – കൊടൈക്കനാലേക്ക് പോകുന്ന സംസ്ഥാന പാത 18, കൊച്ചി – മധുര ദേശീയപാത 49 തുടങ്ങിയവയാണ് കാന്തല്ലൂരിലേക്കുള്ള പ്രധാന റോഡ് പാതകള്‍. കേരളത്തില്‍ നിന്നും ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ എറണാകുളം സ്റ്റേഷനും (175 കി.മീ), കോട്ടയം സ്‌റ്റേഷനുമാണ് (180 കി.മീ). കേരളത്തില്‍ നിന്നും ഏറ്റവും അടുത്തുള്ള വിമാനത്താവളം 160 കി.മീ അകലെയുള്ള നെടുമ്പാശ്ശേരി വിമാനത്താവളമാണ്.

Category: IAS