വിദ്യാര്‍ഥികളുടെ ബസ് യാത്ര സംബന്ധിച്ച ഫെയര്‍സ്റ്റേജ് പുറത്തിറക്കി
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ബസ് യാത്ര സംബന്ധിച്ച ഫെയര്‍സ്റ്റേജ് നിരക്കിലെ അവ്യക്തത നീക്കി മോട്ടോര്‍വാഹന വകുപ്പ് പട്ടിക പുറത്തിറക്കി.
ഒന്നു മുതല്‍ 16 വരെയുള്ള ഫെയര്‍ സ്റ്റേജ്, ദൂരം, യാത്രനിരക്ക്, വിദ്യാര്‍ഥി നിരക്ക് എന്നിവ വ്യക്തമാക്കി ട്രാന്‍സ്പോര്‍ട്ട് കമീഷണറാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ഇതോടെ വിദ്യാര്‍ഥിനിരക്ക് സംബന്ധിച്ച തര്‍ക്കത്തില്‍ വ്യക്തത വന്നു. 2.5 കി.മീ ദൂരമുള്ള ഒന്നാമത്തെ ഫെയര്‍സ്റ്റേജിന് വിദ്യാര്‍ഥികള്‍ക്ക് ഒരു രൂപയേയുള്ളൂ.
രണ്ടും മൂന്നും സ്റ്റേജുകള്‍ക്ക് രണ്ടു രൂപയാണ്. പിന്നീടുള്ള നാല് സ്റ്റേജുകള്‍ക്ക് മൂന്നു രൂപയും അടുത്ത നാല് സ്റ്റേജുകള്‍ക്ക് നാലു രൂപയുമാണ് നിരക്ക്.
പട്ടിക മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2022 മേയ് ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. മായനാട് സ്വദേശിനിയായ വിദ്യാര്‍ഥിനി ശിഫാനക്ക് മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് വിവരാവകാശ നിയമപ്രകാരം കൃത്യമായ നിരക്ക് ആവശ്യപ്പെട്ടതോടെയാണ് ഫെയര്‍സ്റ്റേജ് തിരിച്ച് വിദ്യാര്‍ഥിനിരക്ക് പുറത്തിറക്കിയത്.