വിദ്യാർത്ഥികളെ കയറ്റാൻ സ്വകാര്യ ബസ് ഡ്രൈവർ വിസമ്മതിച്ച സംഭവം : ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

July 06, 2022 - By School Pathram Academy

വിദ്യാർത്ഥികളെ കയറ്റാൻ സ്വകാര്യ ബസ് ഡ്രൈവർ വിസമ്മതിച്ച സംഭവം : ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

 

വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുകയും ഇത് ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ചു വാഹനത്തിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് തത്കാലികമായി റദ്ദ് ചെയ്തു. എടത്തല കുഴിവേലിപ്പടി സ്വദേശിയായ കെ. എസ് സുധീർ എന്നയാളുടെ ലൈസൻസ് ആണ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

 

മെയ്‌ 19 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം -പുക്കാട്ടുപാടി റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കുഴിവേലിപ്പടി കെ. എം. ഇ. എ കോളേജിന്റെ സമീപം നിർത്താതെ പോകുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ബസ് നിർത്തി വാഹനത്തിൽ നിന്ന് ഇയാൾ ഇറങ്ങി പോയത്. ഇത് പ്രദേശത്തു ഗതാഗത തടസമുണ്ടാകുന്നതിനും കാരണമായി. സുധീറിനെ കൂടിക്കാഴ്ചക്കായി ലൈസൻസിങ് അതോറിറ്റി വിളിച്ച സമയത്ത് ലൈസൻസിന്റെ അസ്സൽ ഹാജരാക്കിയിരുന്നില്ല. 15 ദിവസത്തിനകം ലൈസൻസ് ഹാജരാക്കാൻ നിർദേശിച്ചു എങ്കിലും സുധീർ ലൈസൻസ് ഹാജരാക്കിയില്ല. മോട്ടോർ നിയമ ലംഘനത്തിന് പുറമെ ലൈസൻസിങ് അതോറിറ്റി നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് ലൈസൻസ് ആഗസ്റ്റ് ഒന്ന് മുതൽ മൂന്നു മാസത്തേക്ക് റദ്ദാക്കിയത്.

Category: News