വിദ്യാർഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളജിന്‍റെ പേരിൽ പ്രചരിക്കുന്ന നിയമാവലിയില്‍ പങ്കില്ലെന്ന് കോളജ് പ്രിൻസിപ്പൽ

March 30, 2023 - By School Pathram Academy

വിദ്യാർഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളജിന്‍റെ പേരിൽ പ്രചരിക്കുന്ന നിയമാവലിയില്‍ പങ്കില്ലെന്ന് കോളജ് പ്രിൻസിപ്പൽ നിഷ തറയിൽ.

വിനോദയാത്രയ്ക്കു പോകുമ്പോൾ കോളജിലെ വിദ്യാർഥികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ എന്ന പേരിൽ പ്രചരിച്ച ഈ നിയമാവലി സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് കാരണമായിരുന്നു. ഇതിനിടെയാണ്, ഈ സർക്കുലറുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്റിനോ പ്രിൻസിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന വിശദീകരണം.

 

‘എസ്എൻ കോളജിൽനിന്ന് സർക്കുലർ ഇറക്കണമെങ്കിൽ അതിന്റെ പ്രിൻസിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാൻ ഒരു സർക്കുലർ ഇറക്കുമ്പോൾ അത് എന്റെ ലെറ്റർ പാഡിലായിരിക്കും. അതിൽ എന്റെ ഒപ്പു കാണും. സീലും കാണും. ഇങ്ങനെയൊന്നും കാണാത്ത ഒരു സർക്കലുറാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്തായാലും ഞാൻ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സർക്കുലർ ഇറക്കിയിട്ടില്ല. ഇവിടെനിന്ന് കുട്ടികൾ വിനോദയാത്രയ്ക്കു പോയിട്ടുണ്ട് എന്നതു ശരിയാണ്. അതിൽ ലാസ്റ്റ് ബാച്ച് ഇന്ന് തിരിച്ചെത്തി. അവരും ഇതുവരെ യാതൊരുവിധ പരാതിയും എന്നോടു പറഞ്ഞിട്ടില്ല. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ല.’ – പ്രിൻസിപ്പൽ വ്യക്തമാക്കി.

 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്, വിനോദ യാത്രാ വാഹനത്തിൽ പെൺകുട്ടികൾക്കായി മുൻവശത്ത് സീറ്റ് സംവരണം, ഒരു കാരണവശാലും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുത്, വസ്ത്രധാരണത്തിൽ ശ്രദ്ധ പുലർത്തണം, പെൺകുട്ടികൾ ഒറ്റയ്ക്ക് സഞ്ചരിക്കരുത്, നിശ്ചിത സമയം കഴിഞ്ഞാൽ പെൺകുട്ടികളുടെ മുറികൾ പുറത്തുനിന്നും പൂട്ടും തുടങ്ങി 11 നിർദേശങ്ങളാണ് വിവാദ സർക്കുലറിൽ ഉള്ളത്. ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. സർക്കുലർ വിവാദമായി സാഹചര്യത്തിലാണ് കോളജ് പ്രിൻസിപ്പൽ വിശദീകരണവുമായി രംഗത്തെത്തിയത്.

 

 

Category: News