വിശക്കാതെ പഠിക്കാം: വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവുമായി നടത്തറ പഞ്ചായത്ത്

October 13, 2022 - By School Pathram Academy

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം കൂടി നൽകാനൊരുങ്ങുകയാണ് നടത്തറ ഗ്രാമപഞ്ചായത്ത്. മൂർക്കനിക്കര ആശാരിക്കാട് ഗവ. യു പി സ്കൂളിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ഇഡലി – ദോശ – സാമ്പാർ, പുട്ട് – പഴം, അപ്പം – മുട്ടക്കറി, ഉപ്പ്മാവ് തുടങ്ങിയവയാകും പ്രഭാതഭക്ഷണമായി നൽകുക. ജ്യോതിസ് കുടുംബശ്രീ യൂണിറ്റിലെ അഞ്ച് പേർക്കാണ് പാചക ചുമതല.

500 വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഒരു കുട്ടിക്ക് 18 രൂപയുടെ പ്രഭാത ഭക്ഷണമാണ് കുടുംബശ്രീ വഴി നൽകുന്നത്. സ്കൂളിലെ എല്ലാ കുട്ടികൾക്കും അധ്യയന വർഷം മുഴുവൻ പദ്ധതി വഴി പ്രഭാത ഭക്ഷണം നൽകാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ആരോഗ്യമുള്ള കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 2022 – 23 ഉള്‍പ്പെടുത്തിയാണ് പ്രഭാതഭക്ഷണം നൽകുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് പറഞ്ഞു.

Category: News