വിഷാദരോഗിയെന്ന് ലൈല കോടതിയില്‍; പ്രതികൾ റിമാന്‍ഡിൽ, കാക്കനാട് ജയിലിലേക്കു മാറ്റും

October 12, 2022 - By School Pathram Academy

കൊച്ചി∙ നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ റിമാൻഡ് ചെയ്തു. മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കിയിരുന്നു. പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായി പൊലീസിന്റെ ആവശ്യം. മുഹമ്മദ് ഷാഫി വേറെ സ്ത്രീകളെയും പൂജയിൽ പങ്കാളിയാകാൻ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് നിലപാട്.

അതിനിടെ, പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. താൻ വിഷാദ രോഗിയാണെന്നും ഉയർന്ന രക്തസമമ്മർദ്ദമുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. റിമാൻഡിൽ വിട്ട പ്രതികളെ കാക്കനാട് ജില്ലാജയിലിലേക്കു മാറ്റും. കസ്റ്റഡി അപേക്ഷ പൊലീസ് ഇന്നു തന്നെ നൽകും. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്.

ഷാളിൽ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്. ഇന്നു പുലർച്ചയോടെ കൊച്ചിയിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി കടവന്ത്ര സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണു സ്റ്റേഷനിൽ എത്തിച്ചത്. ഉടൻ തന്നെ കോടതിയിലേക്കു കൊണ്ടു പോകുകയും ചെയ്തു.

വേറെയും സ്ത്രീകൾ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇയാളുടെ വലയിലായിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയിൽനിന്നു സമീപകാലത്തു കാണാതായ സ്ത്രീകളെ സംബന്ധിച്ച വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവരുമായി ഷാഫി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരുന്നോ എന്നാണുപരിശോധിക്കുന്നത്

Category: News