വൃക്കരോഗികളിലെ ഭക്ഷണക്രമം എങ്ങനെ? ഈ 5 കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
തിരുവനന്തപുരം: വൃക്കരോഗങ്ങള്‍ കീഴടക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ്. ജീവിതശൈലീ രോഗങ്ങളുടെ ആധിക്യമാണ് ഇതിന്റെ പ്രധാന കാരണം. വൃക്ക പരാജയം ജീവനുതന്നെ ഭീഷണിയാണ്. ഭക്ഷണക്രമം നിയന്ത്രിക്കുകയും ശരിയായ ചികിത്സ തേടുകയും ചെയ്താല്‍ വൃക്ക രോഗം ആരംഭത്തില്‍തന്നെ കണ്ടെത്തുകയും ഡയാലിസിസ് എത്തുന്നത് ഒരു പരിധി വരെ തടയാനും സാധിക്കും.
*വെള്ളം – നീര് വരാന്‍ സാധ്യതയുള്ള രോഗികള്‍ വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തേണ്ടതാണ്. മൂത്രത്തിന്റെ അളവിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിജപ്പെടുത്തേണ്ടതുണ്ട്. മൂത്രം ധാരാളമായി പോവുകയും നീര് ഇല്ലാതെയും ഉള്ള വൃക്ക രോഗികള്‍ക്ക് വെള്ളം ദാഹത്തിനനുസരിച്ചും ആവശ്യാനുസരണവും കുടിക്കാവുന്നതാണ്.
*ഉപ്പ് – ഉപ്പിന്റെ ഉപയോഗം ദിവസം ഒരു ടീസ്പൂണായി കുറയ്ക്കുക. ചോറിലും കറികളിലും ടേബിള്‍ സാള്‍ട്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് ചേര്‍ക്കുന്നത് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, പ്രോസ്സസ്ഡ് ഫുഡ്, കാനുകളിലെ ആഹാരം എന്നിവയില്‍ ഉപ്പ് വളരെ കൂടുതല്‍ ആയതിനാല്‍ അവ കഴിവതും ഒഴിവാക്കുക.
*പ്രോട്ടീന്‍ – പ്രോട്ടീന്‍ പേശികളെ വളര്‍ത്തുന്നതിനും രോഗപ്രതിരോധശേഷിക്കും വളരെ പ്രധാനമാണ്. എന്നാല്‍ അത് വൃക്കയുടെ അവസ്ഥ, പോഷകശേഷി എന്നിവയെ കൂടി ആശ്രയിച്ചിരിക്കുന്നു. നല്ല പ്രോട്ടീനുകളായ മുട്ടയുടെ വെള്ള, പയര്‍ വര്‍ഗങ്ങള്‍, ചിക്കന്‍, പാല്‍ എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
*പൊട്ടാസ്യം – വൃക്കകളുടെ പ്രവര്‍ത്തനം വളരെ കുറയുമ്പോള്‍ പൊട്ടാസ്യം മൂത്രം വഴി പുറന്തള്ളാന്‍ കഴിയാതെ വരും. അങ്ങനെ രക്തത്തില്‍ പൊട്ടാസ്യം കൂടുതല്‍ ഉള്ളവര്‍ തേങ്ങാവെള്ളം, ജ്യൂസ്, ഇലക്കറികള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്.
* ഫോസ്ഫറസ് – വൃക്ക പരാജയം മൂര്‍ച്ഛിക്കുമ്പോള്‍ രക്തത്തില്‍ ഫോസ്ഫറസ് അധികമാവുകയും എല്ലുകള്‍ക്ക് ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ ഉള്ളപ്പോള്‍ പാല്‍, തൈര് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.