വൃക്ഷ തൈ നട്ട് നല്ല രീതിയില്‍ പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് പാരിതോഷികം നല്‍കും

March 11, 2022 - By School Pathram Academy

വിദ്യാവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃക്ഷ തൈ നട്ട് നല്ല രീതിയില്‍ പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പാരിതോഷികം നല്‍കുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

തണ്ണിത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റേയും ഡോര്‍മറ്ററിയുടേയും എലിമുളളും പ്ലാക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫോറസ്ട്രി ക്ലബിന്റെയും വിദ്യാവന നിര്‍മാണത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാര്‍ ആക്കണം. ചുരുങ്ങിയത് അഞ്ച് സെന്റ് സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യത്തില്‍ മരങ്ങള്‍ നട്ടു വളര്‍ത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാ വനങ്ങള്‍. ഒരു വിദ്യാ വനത്തിനായി രണ്ട് ലക്ഷം രൂപ ചെലവാകും.

ജപ്പാനിലെ മിയാവാക്കി വനവത്കരണ രീതിയോട് സാമ്യമുള്ള അത്ര ചെലവില്ലാത്ത രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കുട്ടികളില്‍ ജൈവവൈവിദ്ധ്യ സംരക്ഷണ ബോധം, പ്രകൃതിസംരക്ഷണം, വന നിര്‍മാണ പരിചയം എന്നിവ ഉദ്ദേശിച്ചാണ് ഫോറസ്ട്രി ക്ലബുകളിലൂടെ ഈ പദ്ധതി നടപ്പാക്കുന്നത്. റാന്നി വനം ഡിവിഷനില്‍ വടശേരിക്കര റെയ്ഞ്ചില്‍ പ്രവര്‍ത്തിച്ച് വരുന്നതാണ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍.

Category: News