വെള്ളാർമലയുടെ ആ പോസ്റ്റ് വേണ്ടായിരുന്നു. കൈറ്റ് സി ഇ ഒ

August 03, 2024 - By School Pathram Academy

വെള്ളാർമലയുടെ ആ പോസ്റ്റ് വേണ്ടായിരുന്നു 😔

+++++

വയനാട്ടിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങളോടൊപ്പം വെള്ളാർമല സ്കൂളിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് കണ്ണീരോടെയല്ലാതെ വായിക്കാൻ കഴിയാതിരുന്ന അവരുടെ ലിറ്റിൽ കൈറ്റ്സ് മാഗസിനും ലയയുടെ കഥയുമെല്ലാം കണ്ടത്. ഈ ദുരിതാശ്വാസ സമയത്ത് പ്രയോജനമില്ലാത്ത അത് പോസ്റ്റ് ചെയ്തതിൽ ഇപ്പോൾ വലിയ ദുഃഖം തോന്നുന്നു.

ഉറ്റവരെ നഷ്ടപ്പെട്ട , ട്രോമയിലായ ആ കുട്ടിയെ ബന്ധപ്പെടാൻ പലരും ശ്രമിക്കുന്നുവെന്നും അതവരെ വീണ്ടും ബുദ്ധിമുട്ടുക്കുകയാണെന്നും ഇന്നലെ വയനാട്ടിൽ നിന്നും അറിയാൻ കഴിഞ്ഞു. ഒരവാർഡ് ലഭിച്ച സന്തോഷ വാർത്തയുടെ വിശേഷങ്ങളറിയാനല്ലല്ലോ ആരും ആ കുട്ടിയെ ബന്ധപ്പെട്ടാൻ നോക്കുന്നത്? അവരുടെയൊക്കെ മാനസികാവസ്ഥയെങ്കിലും വിളിക്കാൻ ശ്രമിക്കുന്നവർ ഒന്നാലോചിക്കേണ്ടേ? അതിജീവിതരുടെ സ്വകാര്യത വളരെ പ്രധാനപ്പെട്ടതാണ്.

പോസ്റ്റിൻ്റെ പോക്ക് കണ്ട് അവരെ ബന്ധപ്പെടരുതെന്ന് പിറ്റേന്ന് തന്നെ ഞാൻ എഴുതിയിരുന്നു ; മാത്രമല്ല അറിയാമായിരുന്നിട്ടും അവർ ഇപ്പോൾ ഏത് സ്കൂളിലാണെന്ന് പോലും എഴുതിയിരുന്നുമില്ല . ഇക്കാര്യത്തിൽ കാര്യഗൗരവമറിയുന്ന പല മാധ്യമപ്രവർത്തകരും മാന്യത കാണിച്ചു. എന്നാൽ ഏത് വലിയ ദുരന്തമുഖത്തും ഒരു മനസ്സാക്ഷിയുമില്ലാതെ കൗതുകാന്വേഷണം നടത്തുന്നവർ നമ്മുടെ ഇടയിൽ ഒട്ടും കുറവല്ലല്ലോ?

ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ , അത് ബന്ധപ്പെട്ടവരെ എങ്ങനെ ബാധിക്കും എന്ന് മനസിലാക്കി അതിനൊരു പ്രോട്ടോക്കോൾ വേണമെന്ന് അറിവുള്ള പലരും സ്ഥിരമായി എഴുതാറുണ്ട്. റോഡപകടങ്ങളിലെ മരണം മുതൽ ഇത്തരം മഹാദുരന്തങ്ങൾക്ക് വരെ അത് ബാധകമാണ്. പക്ഷേ നാം ഇതൊക്കെ എന്ന് പഠിക്കും?

ഇത്തരം ദുരന്തങ്ങളും നാം അതിജീവിക്കും..

കെ. അൻവർ സാദത്ത്.

Category: News