വൈസ് പ്രിൻസിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുൾപ്പടെ ഗുരുതര കുറ്റങ്ങളുമായി നഴ്സിങ് കോളേജിനെതിരെ ആരോഗ്യ സർവ്വകലാശാലയ്ക്ക് നഴ്സിങ് കൗൺസിലിന്‍റെ റിപ്പോർട്ട് , കോളേജിൽ പിടിഎ യോഗം ചേരും

May 08, 2022 - By School Pathram Academy

വൈസ് പ്രിൻസിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുൾപ്പടെ ഗുരുതര കുറ്റങ്ങളുമായി ആലപ്പുഴ ചേർത്തല എസ്എച്ച് നഴ്സിങ് കോളേജിനെതിരെ ആരോഗ്യ സർവ്വകലാശാലയ്ക്ക് നഴ്സിങ് കൗൺസിലിന്‍റെ റിപ്പോർട്ട്.

ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താൽ കുട്ടികൾ തമ്മിൽ സ്വവർഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിൻസിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികളുടെ പരാതി റിപ്പോർട്ടിലുണ്ട്.

അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷൻ തിയേറ്ററിലെ കക്കൂസും വരെ വിദ്യാർത്ഥികളെക്കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടിൽപ്പോകാൻ പോലും അനുവദിക്കാറില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മറ്റന്നാൾ നഴ്സിങ് കൗൺസിലും ആരോഗ്യസർവ്വകലാശാലയും ഉൾപ്പടെ പങ്കെടുത്ത് യോഗം നടക്കും.

ഒരുമിച്ച് പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാൻ പാടില്ല. കണ്ടാൽ അത് വിദ്യാർത്ഥികൾ തമ്മിലുള്ള സ്വവർഗ ലൈംഗിക ബന്ധമായി വൈസ് പ്രിൻസിപ്പൽ ചിത്രീകരിക്കും. വസ്ത്രത്തില്‍ ചുളിവുകൾ കണ്ടാലും ഇതേ സ്ഥിതി’. നഴ്സസ് ആന്ഡ് മിഡ്വൈവ്സ് കൗൺസിൽ ആറാം തിയതി കോളേജിൽ നടത്തിയ പരിശോധനയിൽ മൂന്നാംവർഷ, നാലാംവർഷ നഴ്സിങ് വിദ്യാർത്ഥികൾ പറഞ്ഞ വിവരങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്.

വിശ്വസിക്കാൻ പ്രയാസമുള്ള തരത്തിൽ ഞെട്ടിക്കുന്നതാണ് ഓരോ വരിയും. ജയിലിന് സമാനമെന്നാണ് പരിശോധനയിൽ ഹോസ്റ്റലിനെ വിവരിച്ചിരിക്കുന്നത്. ക്ലിനിക്കൽ ഡ്യൂട്ടിയിലുള്ള കുട്ടികൾ ലേബർ റൂമിലെയും സർജിക്കൽ വാർഡിലെയും ഓപ്പറേഷൻ തിയേറ്ററിലെയും വരെ വാഷ്ബേസിനുൾപ്പടെ ടോയ്‍ലറ്റ് വൃത്തിയാക്കണം. അവധി ദിനത്തിൽപ്പോലും പുറത്തോ വീട്ടിലോ പോവാനാവില്ല. പോയാൽ പിഴ ഈടാക്കും.

 

ദിവസേന നിർബന്ധമായും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കണം. മൊബൈൽ ഫോൺ അനുവദിച്ചിരിക്കുന്നത് ഒരു മണിക്കൂർ മാത്രമാണ്. ഹോസ്റ്റൽ മുറി തിങ്ങിനിറഞ്ഞതിൽ പരാതി പറഞ്ഞാൽ പിന്നെ ഇരുട്ടുമുറിയിലേക്ക് മാറ്റും. മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് തുറന്നെഴുതിയാണ് ആരോഗ്യസർവ്വകലാശാലയുടെ കൂടി ഇടപെടൽ കൗൺസിൽ തേടിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കണ്ടെത്താനോ പരിഹരിക്കാനോ ആഭ്യന്തര സെൽ കൃത്യമായി പ്രവർത്തിക്കുന്നില്ല. ഇതാണ് കാര്യങ്ങൾ വഷളാക്കുന്നത്. പത്തിന് കോളേജിൽ പിടിഎ യോഗം ചേരും.

ആരോഗ്യ സർവ്വകലാശാലയും പങ്കെടുക്കും. നിയമനടപടികളിലേക്ക് പോകേണ്ടതുണ്ടെങ്കിൽ അങ്ങനെതന്നെ നീങ്ങുമെന്ന് ആരോഗ്യസർവ്വകലാശാല വ്യക്തമാക്കി. ആരോപണങ്ങൾ വിദ്യാർത്ഥികളും ശരിവെയ്ക്കുന്നു. പക്ഷെ തുറന്നുപറയാനോ പരാതി നൽകാനോ ഭയമാണ്.

നഴ്സസ് കൗൺസിലിന് ഒരു കുട്ടിയയച്ച മെസേജിലൂടെയാണ് ഇപ്പോഴത്തെ ഇടപെടലുണ്ടായത്. അതേസമയം ആരോപണങ്ങളിൽ കോളേജ് ഇപ്പോൾ പ്രതികരിക്കാനോ വിശദീകരണം നൽകാനോ ഇല്ല. പിന്നീടെന്നാണ് വിശദീകരണം.

Category: News