വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ. വിദ്യ പോലീസ് കസ്റ്റഡിയിൽ. കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് വിദ്യ പിടിയിലായത്. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്

June 21, 2023 - By School Pathram Academy

കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ. വിദ്യ പോലീസ് കസ്റ്റഡിയിൽ. കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് വിദ്യ പിടിയിലായത്. അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.

 

 

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് എറണാകുളം മഹാരാജാസ് കോളേജിൻറെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് അഗളി പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

 

കേസെടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും വിദ്യയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച തൃക്കരിപ്പൂരിലെ വിദ്യയുടെ വീട് കേന്ദ്രീകരിച്ചും മേപ്പയൂർ, വടകര ഭാഗങ്ങളിലും വ്യാപക തിരച്ചിൽ അഗളി പോലീസ് നടത്തിയിരുന്നു. മേപ്പയൂരിൽ ആരുടെ വീട്ടിൽ നിന്നാണ് വിദ്യയെ കണ്ടെത്തിയതെന്ന കാര്യം വ്യക്തമല്ല. കസ്റ്റഡിയിൽ എടുത്ത വിദ്യയെ അഗളി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റ് അടക്കമുള്ള നടപടികൾ വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

മേപ്പയൂരിലെ ചില കേന്ദ്രങ്ങളിൽ വിദ്യ ഒളിവിൽ താമസിക്കുന്നുണ്ടെന്ന സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് കേന്ദ്രങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയത്.

 

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ അഭിമുഖത്തിന് എത്തിയപ്പോഴാണ് ഇവർ വ്യാജരേഖ ഹാജരാക്കിയത്. മഹാരാജാസ് കോളേജിൽ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖയായിരുന്നു വിദ്യ സമർപ്പിച്ചത്. രേഖയിൽ സംശയം തോന്നിയതോടെ കോളേജ് അധികൃതർ മഹാരാജാസ് കോളേജിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകിയത്. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥി കൂടിയാണ് വിദ്യ.

Category: News