വർഷങ്ങൾക്ക് ശേഷം ചാല സ്കൂളില്‍ പെണ്‍കുട്ടികളെത്തി

August 27, 2022 - By School Pathram Academy

തിരുവനന്തപുരം: നാല് ദശാബ്ദത്തിനുശേഷം ചാല ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കാന്‍ പെണ്‍കുട്ടികളെത്തി.ആഘോഷങ്ങളോടെയാണ് സ്കൂൾ അധികൃതര്‍ കുട്ടികളെ വരവേറ്റത്. പ്ലസ് വണ്‍ പ്രവേശനം നേടിയ 13 പെണ്‍കുട്ടികളെ ഹര്‍ഷാരവത്തോടെ വിദ്യാര്‍ഥികള്‍ സ്വാഗതം ചെയ്തു.

ചരിത്ര നിമിഷത്തിന്റെ ഓര്‍മക്കായി ഓരോ വിദ്യാര്‍ഥിനികളും ഓര്‍മമരങ്ങള്‍ നട്ടു. ചാല സ്‌കൂള്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ആശ്രയിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളുണ്ടായിരുന്ന അപൂര്‍വം വിദ്യാഭ്യാസ സ്ഥാപനമാണിത്.

സ്കൂള്‍ മികവിന്‍റെ കേന്ദ്രം കൂടിയായപ്പോള്‍ ക്ലാസ് റൂമുകളും ലാബുകളും ഇന്ന് സ്മാര്‍ട്ടായി. സ്കൂൾ പഠനത്തോടൊപ്പം കല, സാഹിത്യം, കായികം തുടങ്ങിയ മേഖലകളിലും സ്കൂള്‍ ഇന്ന് മികവ് പുലര്‍ത്തുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനു സ്കൂളിലെത്തിയ പെണ്‍കുട്ടികള്‍ക്ക് ആതിഥ്യമരുളാന്‍ മന്ത്രി ആന്‍റണി രാജു സ്കൂളില്‍ എത്തിയിരുന്നു.

വിദ്യാര്‍ഥിനി പ്രവേശനം സ്‌കൂളിന്റെ ചരിത്ര നിമിഷമാണെന്ന് മന്ത്രി പറഞ്ഞു. മിക്‌സഡ് സ്‌കൂളായി പ്രഖ്യാപനം നടത്തിയ ശേഷം സ്‌കൂളിലെ ആദ്യ ബാച്ച്‌ വിദ്യാര്‍ഥിനികളുടെ പ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.വിദ്യാര്‍ഥിനികള്‍കൂടി ഭാഗമാകുന്നതോടെ പാഠ്യ വിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വിദ്യാലയത്തിനാകും.
ചാല ഗവണ്‍മെന്റ് സ്‌കൂളിന്‍റെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തരയോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഫെലീഷ്യ ചന്ദ്രശേഖരന്‍ സ്വാഗതവും ബി.എസ്. സിന്ധു നന്ദിയും അറിയിച്ചു.

Category: News