ശനിയാഴ്ചകളിലെ ആറാം പ്രവൃത്തി ദിനം തീരുമാനം പുനഃപരിശോധിക്കണം ടീച്ചേഴ്‌സ് മൂവ്മെന്റ്

June 13, 2024 - By School Pathram Academy

ശനിയാഴ്ചകളിലെ ആറാം പ്രവൃത്തി ദിനം തീരുമാനം പുനഃപരിശോധിക്കണം: ടീച്ചേഴ്‌സ് മൂവ്മെന്റ്

കോഴിക്കോട് : ശനിയാഴ്ചകൾ ആറാം പ്രവൃത്തിദിവസമാകുന്നത് വിദ്യാഭ്യാസ അവകാശ നിയമങ്ങൾക്കും അധ്യാപക ചട്ടങ്ങൾക്കും എതിരാണെന്നും അധ്യാപകരുടെയും കുട്ടികളുടെയുംമേൽ അമിതഭാരം കെട്ടിയേൽപ്പിക്കുകയാ ണെന്നും തീരുമാനത്തിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി പിന്മാറണമെന്നും കേരള സ്കൂൾ ടീച്ചേഴ്‌സ് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സർക്കാറിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും പിടിപ്പുകേട് മറച്ചുവെക്കാൻ 16 ശനിയാഴ്ചകൾ അധികമായി ആറാം പ്രവൃത്തി ദിവസമാക്കുന്നത് നീതീകരിക്കാനാവില്ല. അവധി ദിവസങ്ങളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ കുട്ടികളും പഠനാസൂത്രണ പ്രവർത്തനങ്ങളിൽ അധ്യാപകരും ഏർപ്പെടുന്നത് ഇല്ലാതാക്കുന്നത് പഠനനിലവാരം കുറയ്ക്കുവാനേ കാരണമാവൂ എന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആയതിനാൽ നിലവിലുള്ള തീരുമാനം പുനഃപരിശോധിക്കണ മെന്നും പ്രവൃത്തി ദിവസങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ആലോചിക്കണമെന്നും ടീച്ചേഴ്‌സ് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് സി പി രഹന അധ്യക്ഷത വഹിച്ചു. വി ശരീഫ്. ഹസൻ ടി. ഹബീബ് മാലിക് പി. എൻ പി എ കബീർ. ജബ്ബാർ എറണാകുളം, ജാസ്മിൻ ആലപ്പുഴ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി എ എ കബീർ സ്വാഗതവും ട്രഷറർ ഇ.എച്ച് നാസർ നന്ദിയും പറഞ്ഞു.

Category: News